തിരുസഭയുടെ പതിമൂന്നാമത്തെ മാര്‍പ്പാപ്പയായ വി. എലുവുത്തേരിയൂസ് മാര്‍പ്പാപ്പ ഗ്രീസിലെ നിക്കോപോളിസില്‍ ഏ.ഡി. 130-നോട് അടുത്ത് ജനിച്ചു. വി. സോറ്റര്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 174-ല്‍ തിരഞ്ഞെടുക്കപ്പെട്ട എലുവുത്തേരിയൂസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമികളെക്കാള്‍ ഏറ്റവും അധികം കാലം മാര്‍പ്പാപ്പയായി തിരുസഭയില്‍ ഭരണം നടത്തി. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം ഏകദേശം 24 വര്‍ഷമായിരുന്നു.
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് വി. എലുവുത്തേരിയൂസ് മാര്‍പ്പാപ്പ ഒരു ഡീക്കനായി അനിസേറ്റസ് മാര്‍പ്പാപ്പയുടെ കാലത്തും സോറ്റര്‍ മാര്‍പ്പാപ്പയുടെ കാലത്തും റോമില്‍ സേവനം ചെയ്തു. വി. സോറ്റര്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനുശേഷം ഏതാനും ആഴ്ച്ചകള്‍ക്കുശേഷം അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു (അക്കാലത്ത് ഡീക്കൻമാർക്കോ അല്ലെങ്കിൽ മറ്റ് താഴ്ന്ന പട്ടത്തിൽ ഇരിക്കുന്നവർക്ക് പോലും നേരിട്ട് മാർപ്പാപ്പയാകുവാൻ തടസ്സം ഉണ്ടായിരുന്നില്ല). മാര്‍ക്കൂസ് ഔറേലിയൂസായിരുന്നു അക്കാലത്ത് റോമാ ചക്രവര്‍ത്തി. മതപീഡനത്തിന്റെ കാലമായിരുന്നു അതെങ്കിലും തരതമ്യേനെ സഹനീയമായ സാഹചര്യമായിരുന്നു റോമില്‍ നിലനിന്നിരുന്നത്. ക്രിസ്തുമത വിശ്വാസികള്‍ ഒരു ഭക്ഷണവും അശുദ്ധമെന്ന് പറഞ്ഞ് നിന്ദിക്കുകയോ അവയോട് നീരസം കാണിക്കുകയോ ചെയ്യരുത് എന്ന എലുവുത്തേരിയൂസ് മാര്‍പ്പാപ്പ തന്റെ ഇടയലേഖനം വഴി സഭയെ ഉദ്‌ബോധിപ്പിച്ചു.
എലുവുത്തേരിയൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം ഏറെ പ്രസക്തമാക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മൊണ്ടാനിസം എന്ന പാഷണ്ഡതയോടുള്ള കഠിനമായ എതിര്‍പ്പിനെത്തുടര്‍ന്നാണ്. തിരുസഭയെ പിടിച്ചുകുലുക്കിയ മൊണ്ടാനിസം എന്ന പാഷണ്ഡത ഏഷ്യാമൈനറില്‍ ഉദയം ചെയുകയും അതിന്റെ ഉപജ്ഞേതാവായ മൊണ്ടാനൂസ് തന്റെ പ്രസ്തുത പഠനത്തിന് പ്രചരണം നല്‍കികൊണ്ട് ചുറ്റിസഞ്ചരിക്കുകയും എലുവുത്തേരിയൂസ് മാര്‍പ്പാപ്പയുടെ കാലത്ത് റോമിലേക്ക് വരികയും പാഷണ്ഡത പ്രചരിപ്പിക്കുകയും ചെയ്തു. മൊണ്ടാനൂസ് താനാണ് ക്രിസ്തു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് എന്ന് സ്വയം പ്രഖ്യാപിച്ചു. അതുപ്പോലെ തന്നെ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം ആസന്നമായെന്നും ഫൃഖ്യാ എന്ന സ്ഥലത്ത് ക്രിസ്തു രണ്ടാമത് പ്രത്യക്ഷനാകുമെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഏ.ഡി. 177-ല്‍ ലയണ്‍സിലെ മെത്രാനും സഭാപിതാവുമായിരുന്ന വി. ഇരണേവൂസ് റോമിലേക്കു വരികയും മൊണ്ടാനിസമെന്ന പുതിയ പഠനത്തെക്കുറിച്ചും അതിന്റെ ഫലമായി സഭയില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കകളെപ്പറ്റിയുമുള്ള ലയണ്‍സിലെ പുരോഹിതരുടെയും വിശ്വാസികളുടെയും കത്ത് മാര്‍പ്പാപ്പയെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷെ പ്രസ്തുത പാഷണ്ഡതയില്‍ പതിയിരിക്കുന്ന അപകടം മനസ്സിലാക്കുവാന്‍ പരാജയപ്പെട്ട അദ്ദേഹം അപ്പോള്‍ മൊണ്ടാനിസത്തെ അപലപിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് മൊണ്ടാനിസത്തിന്റെ അപകടവും പ്രസ്തുത പഠനം സഭയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും തിരിച്ചറിഞ്ഞ എലുവുത്തേരിയൂസ് മാര്‍പ്പാപ്പ മൊണ്ടാനൂസിനെതിരായും അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്കെതിരായും നിലപാട് സ്വീകരിച്ചു. പണ്ഡിതനും ചരിത്രകാരനുമായ തെര്‍ത്തുല്യന്‍ (പിന്നീട് അദ്ദേഹം മൊണ്ടാനിസം എന്ന പാഷണ്ഡത സ്വീകരിച്ചു) എലുവുത്തേരിയൂസ് മാര്‍പ്പാപ്പയാണ് മൊണ്ടാനിസത്തെ പാഷണ്ഡതയായി അപലപിക്കുകയും പ്രസ്തുത പഠനം തെറ്റാണ് എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തത് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
എലുവുത്തേരിയൂസ് മാര്‍പ്പാപ്പയുടെ കാലത്ത് ബ്രിട്ടനിലെ രാജാവായിരുന്ന ലൂസിയൂസ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിക്കുവാനുള്ള തന്റെ സന്നദ്ധത അറിയിച്ചുകൊണ്ട് മാര്‍പ്പാപ്പയ്ക്ക് കത്ത് എഴുതിയെന്നു അതനുസരിച്ച് ബ്രിട്ടനിലേക്ക് ആദ്യമായി അദ്ദേഹം മിഷനറിമാരെ അയച്ചുവെന്നുമുള്ള ഒരു ഐതീഹ്യം സഭയില്‍ നിലനില്‍ക്കുന്നു. ഇതിനെ ചുവടുപിടിച്ച് വി. എലുവുത്തേരിയൂസ് മാര്‍പ്പാപ്പയുടെ കാലത്താണ് സഭ ബ്രിട്ടനില്‍ ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
വി. എലുവുത്തേരിയൂസ് മാര്‍പ്പാപ്പ ഏ.ഡി. 198-ല്‍ കാലം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇപ്പോൾ ലഭ്യമല്ല.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.