ചെന്നൈ: കോവിഡ് മാനദണ്ഡം ലംഘിച്ച് ആകാശത്ത് നടന്ന തമിഴ്‌നാട് മധുര സ്വദേശികളായ വധുവരന്മാരുടെ വിവാഹം വിവാദമായതിനെ തുടർന്ന് പോലീസ് കേസെടുത്തു. വ്യോമയാന രംഗത്തെ നിയമങ്ങള്‍ ലംഘിച്ചതിനെ കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്‌പൈസ് ജെറ്റിനോടു വിശദീകരണം തേടി. പൈലറ്റടക്കമുള്ള ജോലിക്കാരെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശിച്ചു. യാത്രക്കിടെ വിമാനത്തില്‍ വീഡിയോഗ്രഫി അനുവദിച്ചത് കമ്പനിക്ക് കുരുക്കായി.
മെയ് 23ന് ആകാശത്ത് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേസെടുത്തു പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ദേശീയ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറിലധികം ആളുകള്‍ വിമാനത്തില്‍ ഒത്തുകൂടിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് വിവാഹം നടത്തിയത്. രണ്ടുമണിക്കൂര്‍ നേരത്തേയ്ക്കാണ് വിമാനം ബുക്ക് ചെയ്തത്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമാണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തു വിവാഹവും നടന്നു.
തമിഴ്നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികൾ അവകാശപ്പെട്ടു.
എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കോവിഡ് വ്യാപന കാലത്ത് വിമാനയാത്ര നടത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പിപിഇ കിറ്റ്, മാസ്ക്, ഫെയ്സ് മാസ്‌ക് എന്നിവ ധരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ദൃശ്യങ്ങളില്‍ ഇതൊന്നും പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. സാമൂഹിക അകലവും പാലിച്ചിട്ടില്ല. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇത് അനാവശ്യമല്ലെ എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.