ന്യൂഡല്‍ഹി: സമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ബുധനാഴ്ച നിലവില്‍ വന്നു. ചട്ടങ്ങള്‍ പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബലകമ്പനികളോടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്. 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള കമ്പനികളെയാണ് 'പ്രബല'മെന്ന് ചട്ടത്തില്‍ വിശേഷിപ്പിക്കുന്നത്.
ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ 'വിവരസാങ്കേതികവിദ്യാ ചട്ടം' (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. പ്രബല കമ്പനികള്‍ക്ക് അതു നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കിയിരുന്നു. ഈ കാലാവധി ബുധനാഴ്ച അവസാനിച്ചു.
കമ്പനികള്‍ ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് പേഴ്സണ്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ ഇന്ത്യയില്‍ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. ഇതുപ്രകാരം നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കും ഗൂഗിളും യൂട്യൂബുമടക്കമുള്ള സ്ഥാപനങ്ങള്‍ ചട്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാര്‍ഗരേഖ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ചട്ടം ചോദ്യംചെയ്ത് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.