വത്തിക്കാന്‍ സിറ്റി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍നിന്നുള്ള സയാമീസ് ഇരട്ടകളായ കുട്ടികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം വത്തിക്കാനിലെ സാന്താ മാര്‍ത്താ ഗസ്റ്റ് ഹൗസിന്റെ കപ്പേളയില്വച്ചു മാമ്മോദീസാ നല്കി.
2018 ജൂണ്‍ 29-ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാന്‍ഗുയിയില്‍ ജനിച്ച ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ തലകള്‍ പിന്നില്‍നിന്ന് ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. റോമിലെ ബംബീനോ ജെസൂ (ഉണ്ണിയേശു) ആശുപത്രിയുടെ ഡയറക്ടര്‍ മരിയെല്ലാ എനോക് ബാന്‍ഗുയി സന്ദര്‍ശിച്ചപ്പോഴാണ് കുട്ടികളുടെ ശസ്ത്രക്രിയ റോമില്‍വച്ചു നടത്താന്‍ തീരുമാനമായത്. ഇക്കൊല്ലം ജൂണ്‍ ആദ്യവാരം ബംബീനോ ജെസൂവില്വച്ച് ശസ്ത്രക്രിയ നടന്നതിനുശേഷം കുട്ടികളുടെ അമ്മ മാര്‍പാപ്പാതന്നെ മാമ്മോദീസ നടത്തണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. "ബാന്ഗുയിലെ കുട്ടികളുടെ കാര്യത്തില്‍ മാര്‍പാപ്പ ശ്രദ്ധാലുവായതുകൊണ്ട് അദ്ദേഹംതന്നെ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചുവരുന്ന കുട്ടികളെ മാമ്മോദീസാ മുക്കണമെന്നാണ് എന്റെ ആഗ്രഹം"- അവര്‍ പറഞ്ഞു.
2015-ല്‍ മാര്‍പാപ്പയുടെ ബാന്‍ഗുയി സന്ദര്‍ശനത്തിനുശേഷം വത്തിക്കാന്‍ അവിടെ കുട്ടികളുടെ ഒരാശുപത്രി സ്ഥാപിക്കുകയുണ്ടായി.
വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ റോമില്‍ നാലു കാന്പസുകളിലായി പ്രവര്‍ത്തിക്കുന്ന ബംബീനോ ജെസൂ യൂറോപ്പിലെ ഏറ്റവും വലിയ ശിശുരോഗ ഗവേഷണകേന്ദ്രവും കുട്ടികളുടെ ആശുപത്രിയുമാണ്. ഇറ്റലിയിലെ ആദ്യത്തെ കുട്ടികളുടെ ആശുപത്രിയായി 1869-ലാണ് ബംബീനോ ജെസൂവിന്റെ തുടക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.