ന്യൂഡൽഹി: കോവിഡിന്റെ തീവ്രത കുട്ടികളില്‍ വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രതവേണമെന്ന് നീതി ആയോഗ്. വാക്സിനുകള്‍ ഒറ്റ ഡോസായി കുറയ്ക്കുന്നതും മാറി നല്‍കുന്നതും പരിഗണനയിലില്ലെന്ന് നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ അറിയിച്ചു.
കോവിഡ് ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കുറവാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ രോഗാവസ്ഥ തീവ്രമാകാം. കോവിഡ് മാറിയതിന് ശേഷവും തുടര്‍ച്ചയായ പനി അടക്കം കുട്ടികള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ പറഞ്ഞു.
ചില കേസുകളിൽ ന്യുമോണിയ പോലുള്ള ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാമതായി, കോവിഡ് 19 ൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച കുട്ടികളിൽ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ഭേദമായ കുട്ടികളിൽ ആറാഴ്ച കഴിഞ്ഞ് വീണ്ടും പനിയും തിണർപ്പും ഛർദ്ദിയും ഉണ്ടാകുന്നത് കണ്ട് വരുന്നുണ്ടെന്നും ഡോ. വി കെ പോള്‍ പറയുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളെ കാര്യമായി രോഗം ബാധിച്ചിട്ടില്ല.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി രോഗം ബാധിക്കാന്‍ പോകുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം ജൂലൈയില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കോവിഡ് രണ്ടാംതരംഗത്തിനിടെ ആശ്വാസമായി പ്രതിദിന രോഗബാധയും മരണസംഖ്യയും ആക്ടീവ് കേസുകളും കുറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.