ചികിത്സാരേഖ ചൈന പുറത്തു വിടണമെന്ന് യു.എസ്; വൈറസിന്റെ ഉത്ഭവമറിയാന്‍ യു.എസില്‍ തന്നെ പരിശോധന നടത്താന്‍ ചൈനയുടെ മറുപടി

 ചികിത്സാരേഖ ചൈന പുറത്തു വിടണമെന്ന് യു.എസ്; വൈറസിന്റെ ഉത്ഭവമറിയാന്‍ യു.എസില്‍ തന്നെ പരിശോധന നടത്താന്‍ ചൈനയുടെ മറുപടി

വാഷിങ്ടന്‍: ചൈനയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ചൈന പുറത്തുവിടണമെന്ന് യു.എസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗച്ചിയുടെ ആവശ്യത്തെ വെല്ലുവിളിച്ച് ചൈന.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഫോര്‍ട്ട് ഡീട്രിക് ലാബ് ഉള്‍പ്പെടെ യു.എസിന്റെ ലോകമെമ്പാടുമുള്ള 200ല്‍ അധികം ജൈവ ലാബുകളെക്കുറിച്ച് വിശദീകരിക്കാനും ലോകാരോഗ്യ സംഘടനയെ യു.എസ് അവരുടെ രാജ്യത്തേക്ക് വിളിക്കട്ടെ എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്റെ പ്രതികരണം.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണോ പുറത്തുവന്നത് എന്നതിനു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാന്‍ ചികിത്സാ രേഖകള്‍ ചൈന പുറത്തു വിടുന്നത് ഉപകരിക്കുമെന്നു പറഞ്ഞ ഡോ. ഫൗച്ചി 2019ല്‍ രോഗബാധിതരായ ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ തനിക്കു കാണണമെന്നും എന്തായിരുന്നു അവരുടെ അസുഖമെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു.

വൈറസിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന തുടരുന്നതിനിടെയാണ് ഫൗച്ചിയുടെ പ്രസ്താവന പുറത്തുന്നത്. 2019ല്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില ജീവനക്കാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

ലോകാരോഗ്യ സംഘടനയോട് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് പുനരന്വേഷണത്തിന് ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് കൂടിയായ ഡോ. ആന്റണി ഫൗച്ചി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തം മുമ്പ് അംഗീകരിക്കാതിരുന്ന ഫൗച്ചി പക്ഷേ, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും 100 ശതമാനം അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നാണ് അവശ്യപ്പെട്ടത്.

എന്നാല്‍ ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിലൂടെയോ വന്യമൃഗങ്ങളെ വില്‍ക്കുന്ന ചന്തയില്‍നിന്നോ ആവാം വൈറസ് പടര്‍ന്നതെന്നാണ് ചൈന വാദിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.