പൂര്‍ണസജ്ജമായി ഇന്‍കം ടാക്‌സ് ഇ ഫയലിങ് 2.0 പോര്‍ട്ടല്‍

പൂര്‍ണസജ്ജമായി ഇന്‍കം ടാക്‌സ് ഇ ഫയലിങ് 2.0 പോര്‍ട്ടല്‍

ന്യുഡല്‍ഹി: പുതിയ ഇന്‍കം ടാക്‌സ് ഇ ഫയലിങ് പോര്‍ട്ടല്‍ പൂര്‍ണസജ്ജമായി. കഴിഞ്ഞ 7ന് പുതിയ പോര്‍ട്ടല്‍ സജ്ജമാകുമെന്നായിരുന്നു അറിയിപ്പെങ്കിലും ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. കാത്തിരിപ്പു നീണ്ടപ്പോള്‍ പരാതി ഉയരുകയും, ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ സൈറ്റ് തയാറാക്കിയ ഇന്‍ഫോസിസിനെയും സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയെയും ടാഗ് ചെയ്ത് സാങ്കേതിക തകരാറുകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

തകരാറുകള്‍ പരിഹരിച്ച് ഈയാഴ്ച തന്നെ നികുതിദായകര്‍ക്കായി സൈറ്റ് തുറക്കാനാവുമെന്ന് പിന്നാലെ നന്ദന്‍ നിലേകനി പ്രതികരിച്ചു. രണ്ടു ദിവസത്തിനകം തന്നെ വാഗ്ദാനം പാലിച്ചാണ് ഇപ്പോള്‍ പോര്‍ട്ടല്‍ സജ്ജമായിരിക്കുന്നത്. നികുതി അടയ്ക്കാനുള്ള സംവിധാനം ഈ മാസം 18 മുതലാണ് ലഭ്യമാകുക.
കാഴ്ചയില്‍ പുതുമയോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായാണ് പോര്‍ട്ടല്‍ സജ്ജമായിരിക്കുന്നത്. വേഗം, കൃത്യത, സൗകര്യം, ഉപയോഗക്ഷമത എന്നീ കാര്യങ്ങളില്‍ ഊന്നിയാണ് രൂപകല്‍പനയെന്ന ആദായനികുതി വകുപ്പിന്റെ അവകാശവാദത്തെ ശരിവയ്ക്കുന്നതാണ് പോര്‍ട്ടലിന്റെ പുതിയ മുഖം.

സര്‍വീസ് പോര്‍ട്ടലുകളുടെ തിങ്ങിനിറഞ്ഞ പൂമുഖക്കാഴ്ചയല്ല, പുതിയ ഇ ഫയലിങ് പോര്‍ട്ടിലിനുള്ളത്. തികച്ചും സിംപിളായ നിറയെ വൈറ്റ് സ്‌പേസുള്ള പ്രസന്നമായ പുതിയ മുഖം. വ്യത്യസ്ത സേവനങ്ങളിലേക്കു തുറക്കുന്ന വിന്‍ഡോകളിലൂടെ അകത്തേക്കു നാവിഗേറ്റ് ചെയ്യുന്ന രീതി ആയതിനാല്‍ ഹോം പേജില്‍ തിക്കും തിരക്കുമില്ല. ആവശ്യങ്ങള്‍ക്കനുസരിച്ചു ക്രമീകരിച്ചിട്ടുള്ള ഡാഷ് ബോര്‍ഡില്‍ റിട്ടേണ്‍ വിവരങ്ങള്‍, റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ പുരോഗതി (സ്റ്റാറ്റസ്), ഇ വെരിഫിക്കേഷന്‍ നില, ചെയ്യാനുള്ള കാര്യങ്ങള്‍ (പെന്‍ഡിങ് ആക്ഷന്‍സ്) എന്നിവ ഒറ്റനോട്ടത്തില്‍ അറിയാനാകും. മുന്‍പത്തെപ്പോലെ ഫയല്‍ ചെയ്ത റിട്ടേണുകള്‍ കാണാനും പ്രിന്റ് എടുക്കാനുമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.