വാഷിങ്ടണ്‍: അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന്‍ കൊലപ്പെടുത്തുന്നത് ക്യാമറയില്‍ ചിത്രീകരിച്ച യുവതിക്ക് ലോകോത്തര അംഗീകാരമായ പുലിറ്റ്സര്‍ പുരസ്‌കാരം.
സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്‌കാരമാണ് പതിനെട്ടുകാരിയായ ഡാര്‍നെല്ല ഫ്രെയ്സര്‍ക്ക് ലഭിച്ചത്. ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി പൊലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനുള്ള ധൈര്യത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.
ഫ്രെയ്സര്‍ പകര്‍ത്തിയ ചിത്രമാണ് ലോകമാകെ പ്രചരിച്ചതും അമേരിക്കയില്‍ വന്‍ പ്രക്ഷോഭത്തിന് കാരണമായതും. സംഭവത്തില്‍ പൊലീസ് ഓഫിസര്‍ ഡെറക് ഷൊവിന്‍ അറസ്റ്റിലാകുകയും ചെയ്തു. 'ബന്ധുവിന്റെ വീട്ടിലേക്ക് നടന്നുപോകും വഴിയാണ് സംഭവം കണ്ടതെന്ന് ഫ്രെയ്സര്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജീവന് വേണ്ടി യാചിക്കുന്ന ദൃശ്യമാണ് കണ്ടത്. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്നയാള്‍ പറയുന്നുണ്ടായിരുന്നു. അമ്മയെ കാണണമെന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു' - ഫ്രെയ്സര്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോടുള്ള അമേരിക്കന്‍ പൊലീസിന്റെ വിവേചനത്തിനുദാഹരണമായാണ് ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത്. അമേരിക്കയിലെ വംശീയ വിദ്വേഷത്തിന്റെ പ്രതീകമായും ചിത്രങ്ങള്‍ മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയതക്കെതിരെയുള്ള പ്രതിഷേധമുയരാന്‍ കാരണമായത് ഫ്രെയ്സര്‍ ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.