കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച; സിന്ധ്യ മന്ത്രിസഭയില്‍ എത്തിയേക്കും

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച; സിന്ധ്യ മന്ത്രിസഭയില്‍ എത്തിയേക്കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ചയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബിജെപി നേതാക്കളുടേയും മുതിര്‍ന്ന മന്ത്രിമാരുടേയും യോഗം ചേരുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയരുമായിട്ടാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. പുനഃസംഘടനയുടെ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് ഇത്. ആദ്യ സര്‍ക്കാരില്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിരുന്നു. മന്ത്രിസഭയില്‍ ഇതിനോടകം തന്നെ നിരവധി ഒഴിവുകളാണുള്ളത്. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ മരണത്തെതുടര്‍ന്നും എന്‍ഡിഎയില്‍ നിന്ന് ശിരോമണി അകാലിദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തുപോയതുമടക്കമുള്ള ഒഴിവുകളുണ്ട്. ഒപ്പം അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നടക്കമുള്ളവര്‍ക്ക് പുനഃസംഘടനയില്‍ കൂടുതല്‍ ഇടംലഭിച്ചേക്കുമെന്ന് സൂചനയും ഉണ്ട്.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അതേ സമയം തന്നെ നിതിന്‍ ഗഡ്കരിക്ക് കൂടുതല്‍ ശ്രദ്ധേയായ വകുപ്പിലേക്ക് നല്‍കാനും സാധ്യതയുണ്ട്. അഴിച്ചുപണിയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ നീണ്ട പട്ടികയുണ്ടെങ്കിലും കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ എന്നിവര്‍ പട്ടികയില്‍ മുന്‍പന്തിയിലാണ്. ഉത്തര്‍പ്രദേശിലെ സഖ്യ കക്ഷിയായ അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അവര്‍.
കഴിഞ്ഞ വര്‍ഷമാണ് സിന്ധ്യ അനുയായികളായ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടത്. ബിഹാറില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിയ സുശീല്‍ മോദിക്കും ഹിമന്ത ബിശ്വ ശര്‍മ്മക്കായി കസേര ഒഴിഞ്ഞു കൊടുത്ത സോനോവലിനും കേന്ദ്ര മന്ത്രിപദം നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു. രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് നല്‍കിയിരുന്ന മന്ത്രിപദം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അവരുടെ ലോക്സഭാ കക്ഷി നേതാവ് പശുപതി കുമാര്‍ പരാസിന് ലഭിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.