കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; നഷ്ടപരിഹാരം പത്ത് കോടി രൂപ

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി;  നഷ്ടപരിഹാരം പത്ത് കോടി രൂപ

ന്യൂഡല്‍ഹി: ഒമ്പത് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം.

മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചു കൊലപ്പെടുത്തിയ എന്റിക ലെക്‌സി കടല്‍ക്കൊല കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവായി. കേസില്‍ നഷ്ടപരിഹാരമായി നല്‍കാനുള്ള 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചത്.

നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നല്‍കും.

2012 ഫെബ്രുവരി 15ന് വൈകുന്നേരം നാലര മണിക്കാണ് സെന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്.

എന്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. ഫെബ്രുവരി 16 ന് കപ്പലിനെ ഇന്ത്യന്‍ നാവിക സേന കണ്ടെത്തി. ഫെബ്രുവരി 19നാണ് വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മേയ് 21നാണ് ട്രൈബ്യൂണല്‍ വിധിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.