ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പ്രധാന നഗരങ്ങളിലായി 30,000 ത്തില്‍ അധികം ആളുകള്‍ നിക്ഷേപ തട്ടിപ്പിന് ഇരയായെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത്രയധികം പേര്‍ തട്ടിപ്പിന് ഇരയായെന്ന വിവരം പുറത്ത് വന്നത്.
തട്ടിപ്പിലൂടെ 1500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കേസുകളില്‍ ഏകദേശം 65 ശതമാനം ബംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം സംഭവിച്ച നഗരം ബംഗളൂരുവാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നിലധികം (26.38 ശതമാനം) ഇവിടെയാണ് നടന്നത്.
തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ്. 30 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ തട്ടിപ്പിനിരയായവരില്‍ 76 ശതമാനത്തില്‍ അധികമാണ്. മികച്ച വരുമാനം നേടുന്ന പ്രായത്തിലുള്ളവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ തട്ടിപ്പുകാര്‍ മുതലെടുക്കുന്ന പ്രവണതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ മുതിര്‍ന്ന പൗരന്‍മാരേയും തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യം വെക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 60 വയസിന് മുകളിലുള്ള 8.62 ശതമാനം പേര്‍, അതായത് ഏകദേശം 2829 പേര്‍ തട്ടിപ്പിനിരയായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകള്‍ ചെറിയ സംഭവങ്ങളല്ല മറിച്ച് വലിയ തുകകള്‍ ഉള്‍പ്പെട്ടവയാണ്. തട്ടിപ്പിനിരയായവര്‍ക്ക് ശരാശരി 51.38 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലാണ് ഏറ്റവും ഉയര്‍ന്ന ആളോഹരി നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ തട്ടിപ്പിനിരയായവര്‍ക്ക് ശരാശരി എട്ട് ലക്ഷം രൂപ വീതം നഷ്ടമായി.
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്താന്‍ വിവിധ ഡിജിറ്റല്‍ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ മെസേജിങ് ആപ്പുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രധാന പങ്ക് വഹിക്കുന്നു. ടെലഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകള്‍ വഴിയാണ് ഏകദേശം 20 ശതമാനം കേസുകളും നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാറ്റ്ഫോമുകളുടെ എന്‍ക്രിപ്റ്റഡ് സ്വഭാവവും എളുപ്പത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള സൗകര്യവും തട്ടിപ്പുകാര്‍ക്ക് സൗകര്യ പ്രദമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ പോലുള്ള ഔദ്യോഗിക പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകള്‍ തട്ടിപ്പിനായി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇവയിലൂടെയുള്ള തട്ടിപ്പുകള്‍ 0.31 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍, തട്ടിപ്പ് പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ വിഭാഗം 'മറ്റുള്ളവ' എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. ഇത് മൊത്തം കേസുകളുടെ 41.87 ശതമാനം വരും. വ്യക്തമായി തിരിച്ചറിയാത്ത വിവിധ തരത്തിലുള്ള പ്ലാറ്റ്ഫോമുകളിലൂടെ തട്ടിപ്പുകള്‍ നടക്കുന്നു എന്നാണ് ഇത് വ്യക്തമക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.