ലോകം പൊതു ഭവനമാണ്, അതിനെ സംരക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പ

ലോകം പൊതു ഭവനമാണ്, അതിനെ സംരക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പ

കോവിഡ് മഹാമാരിയില്‍ ലോകം മുഴുവന്‍ പ്രതിസന്ധയില്‍ കഴിയുകയാണ്. ഒറ്റപ്പെടലും രോഗവും ക്ലേശങ്ങളും മനുഷ്യനെ തളര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആത്മീയവും ശാരീരികവുമായ ഉണര്‍വ്വ് നല്‍കി ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം.

ചെക്കോസ്ലാവാക്യയിലെ ഗ്ലോബ്‌സെക് ബ്രാട്ടിസ്ലാവ എന്ന ഗവണ്‍മെന്റേതര സംഘടന 'ലോകത്തെ നമുക്ക് നന്നായി പുനരുദ്ധരിക്കാം' എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ സമ്മേളനത്തിലാണ് പാപ്പ ഓരോ മനുഷ്യരിലും പുനരുദ്ധാരണം സാധ്യമകത്തക്ക രീതിയില്‍ സന്ദേശം നല്‍കിയത്. വീഡിയോ സന്ദേശത്തിലൂടെയാണ് ജനങ്ങളുമായി അദ്ദേഹം സംവദിച്ചത്.

തനിക്ക് പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സമ്മേളനത്തിന്റെ അദ്ധ്യക്ഷനും സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും അഭിവാദനം അര്‍പ്പിച്ച ശേഷം മഹാമാരി അനുഭവത്തിനു പിറകെ കഠിനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമായ സാമൂഹിക, സാമ്പത്തീക, പാരിസ്ഥിതിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് എങ്ങനെ നമ്മുടെ ലോകത്തെ പുനരുദ്ധാരണം ചെയ്യാന്‍ കഴിയുമെന്നതിനെ സംബന്ധിച്ച് പാപ്പ സന്ദേശം നല്‍കി. ബ്രാട്ടിസ്ലാവാ ഫോറം നടത്തുന്ന ചര്‍ച്ചകള്‍ക്ക് നന്ദി പറഞ്ഞ പാപ്പാ കാണുക, തീരുമാനിക്കുക, പ്രവര്‍ത്തിക്കുക എന്നീ മൂന്ന് കര്‍മ്മങ്ങളിലൂടെയാണ് തന്റെ ആശയം ജനങ്ങളുമായി പങ്കുവെച്ചു.

കാണുക

കഴിഞ്ഞകാലത്തില്‍ സ്രഷ്ടാവിനോടും, അയല്‍ക്കാരനോടും, സൃഷ്ടികളോടുമുള്ള ഉത്തരവാദിത്വത്തില്‍ വന്നുപോയ വ്യവസ്ഥാപിതമായ അപര്യാപ്തതകള്‍ തിരിച്ചറിഞ്ഞുള്ള ഗൗരവപൂര്‍ണ്ണവും സത്യസന്ധവുമായ വിശകലനം, കൊറോണാ വൈറസിന് മുമ്പുണ്ടായിരുന്നവയെ പുനര്‍നിര്‍മ്മിക്കാന്‍ മാത്രമല്ല, അതുവരെ ശരിയായി പ്രവര്‍ത്തിക്കാതിരുന്നവയെ തിരുത്താനും, പ്രതിസന്ധി രൂക്ഷമാക്കാന്‍ ഇടവരുത്തിയവയെ കണ്ടെത്താനും ഉപകരിക്കും എന്ന് പാപ്പ വ്യക്തമാക്കി. മാത്രമല്ല, വീണിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീഴ്ചകളുടെ സാഹചര്യം അഭിമുഖീകരിക്കേണ്ടതിന്റെയും അതിന്റെ ഉത്തരവാദിത്വങ്ങള്‍ അംഗീകരിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ചു.

നമ്മുടെ വീഴ്ചകളുടെ കാരണങ്ങളായ ലാഭത്തിനായുള്ള വിശപ്പും ആ അടിത്തറയില്‍ കെട്ടിപ്പടുത്ത ഒരു മിഥ്യാ സുരക്ഷാബോധത്താല്‍ വഞ്ചിക്കപ്പെട്ട ലോകത്തെയും താന്‍ കാണുന്നെന്നും ലോക ജനസംഖ്യയിലെ ഒരു ചെറു ന്യൂനപക്ഷം ഭൂരിഭാഗം ആളുകളെയും വിഭവങ്ങളേയും ചൂഷണം ചെയ്യാന്‍ മടിക്കാത്തതും, ധാരാളം ഉച്ചനീചത്വങ്ങളും സ്വാര്‍ത്ഥതയും നിറഞ്ഞ സാമൂഹ്യവും സാമ്പത്തീകവുമായ ജീവിത മാതൃകയും, പരിസ്ഥിതിയുടെ ആവശ്യം പരിഗണിക്കാതെയുള്ള ജീവിതശൈലിമൂലം സകലര്‍ക്കും അവകാശപ്പെട്ടവതും സംരക്ഷിക്കേണ്ടവയുമായ വസ്തുക്കളെ ഉപയോഗിച്ചും നശിപ്പിച്ചും ഒരു 'പാരിസ്ഥിതീക കടം' പ്രത്യേകിച്ചു പാവപ്പെട്ടവര്‍ക്കും ഭാവിതലമുറയ്ക്കും ഉണ്ടാക്കി വയ്ക്കുന്ന മനുഷ്യന്റെ പ്രവണതയേയും ഫ്രാന്‍സിസ് പാപ്പാ എടുത്തു പറഞ്ഞു.

തീരുമാനിക്കുക

രണ്ടാമത്തെ ഘട്ടം ഈ കണ്ടതിനെയൊക്കെ വിലയിരുത്തുക എന്നതാണ്. പ്രതിസന്ധി തരുന്ന സാധ്യതകളെ മുന്നില്‍ കണ്ട് യഥാര്‍ത്ഥ സാഹചര്യത്തെ അഭിമുഖീകരിച്ച് രൂപാന്തരപ്പെടുത്താനുള്ള ഒരു തെരഞ്ഞെടുപ്പിനുള്ള വെല്ലുവിളിയാണത് എന്ന് പറഞ്ഞ പാപ്പാ, ഒരു പ്രതിസന്ധിയില്‍ നിന്ന് ഒരിക്കലും നമുക്ക് പഴയതുപോലെ പുറത്തു വരാന്‍ കഴിയില്ല എന്നും ഒന്നുകില്‍ മെച്ചപ്പെട്ടതോ അല്ലെങ്കില്‍ മുമ്പത്തേതിനേക്കാള്‍ മോശമായോ ആയിരിക്കും അതില്‍ നിന്ന് പുറത്തു വരിക എന്ന എന്ന വസ്തുത പാപ്പ വീണ്ടും ആവര്‍ത്തിച്ചു. നാം കണ്ടതും അനുഭവിച്ചതും നമ്മെ മെച്ചപ്പെടാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ ഈ അവസരം നമുക്കുപയോഗിക്കാം, പാപ്പാ ആഹ്വാനം ചെയ്തു. നമ്മെ എല്ലാവരേയും ബാധിച്ച ഈ പ്രതിസന്ധിയില്‍ നിന്ന് ആര്‍ക്കും തനിച്ചു രക്ഷപ്പെടാനാവില്ലെന്നു നമ്മെ ഓര്‍മ്മിപ്പിക്കുകയും, അത് സകല മനുഷ്യരുടേയും സമത്വം തിരിച്ചറിയുന്ന ഒരു ഭാവിയിലേക്കുള്ള പാത തുറക്കയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പ്രവര്‍ത്തിക്കുക

പ്രവര്‍ത്തിക്കാതിരിക്കുന്നത് പ്രതിസന്ധി നല്‍കുന്ന അവസരം നശിപ്പിക്കലാണ് അതിനാല്‍ സാമൂഹീകാനീതിക്കെതിരെയും പാര്‍ശ്വവല്‍ക്കരണത്തിനെതിരേയും പ്രവര്‍ത്തിക്കണം. ഇതിന് മനുഷ്യനും അവനെ സംബന്ധിക്കുന്ന സകലതും കേന്ദ്രമാക്കിയുള്ള ഒരു വികസന മാതൃക ആവശ്യമാണെന്നു യുനെസ്‌കോയുടെ അദ്ധ്യക്ഷ അവ്‌ഡ്രേ അത്സൗളയുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.

ഓരോ പ്രവര്‍ത്തിക്കും ഒരു ദര്‍ശനം ആവശ്യമാണെന്നും അത് വാളുകള്‍ കലപ്പയാക്കുന്ന ഏശയാപ്രവാചകന്റെ ദര്‍ശനംപോലെ ഐക്യത്തിന്റെയും പ്രത്യാശയുടേയുമാകണമെന്നും പാപ്പാ പറഞ്ഞു. സകലരുടേയും വികസനത്തിനായുള്ള ഒരു പ്രവര്‍ത്തനമാണ് ആവശ്യം അത് എല്ലാറ്റിലുമുപരി മരണത്തെ ജീവനാക്കിയും ആയുധത്തെ ഭക്ഷണമാക്കിയും മാറ്റുന്ന തീരുമാനങ്ങളെടുക്കുന്ന ഒരു മാനസാന്തരത്തിന്റെ പ്രവര്‍ത്തിയാണ് എന്ന് പാപ്പാ സൂചിപ്പിച്ചു.
എന്നാല്‍ നാമെല്ലാവരും ഒരു പാരിസ്തിതിക മാനസാന്തരം കൂടി നടത്തേണ്ട ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. കാരണം, എല്ലാം ഒരുമിപ്പിക്കുന്ന ഒരു ദര്‍ശനത്തില്‍ സൃഷ്ടിച്ച ലോകം നമ്മുടെ പൊതു ഭവനമാണ് എന്നതും തിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ ചൂണ്ടിക്കാണിച്ചു.
ദൈവത്തില്‍ നിന്നു വരുന്ന പ്രത്യാശയാല്‍ കൂടുതല്‍ ഉള്‍ച്ചേരുന്നതും സുസ്ഥിരവുമായ പരിഹാരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതുമായ ഒരു വീണ്ടെടുപ്പിന്റെയും, വിവിധ ജനസമൂഹങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍വ്വമായ സഹവാസത്തിന്റെയും, സൃഷ്ടിയുമായുള്ള പൊരുത്തപ്പെടലിന്റെയും മാതൃക അവരുടെ ഈ നാളുകളിലെ ചര്‍ച്ചകളിലൂടെ സംഭാവന ചെയ്യാനിടയാകട്ടെ എന്ന ആശംസകളോടെയാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്. ചെക്കോസ്ലാവാക്യയില്‍ സ്ഥാപിതമായ ഗ്ലോബ്‌സെക് ബ്രാട്ടിസ്ലാവ എന്ന ഗവണ്‍മെന്റേതര സംഘടന അന്തര്‍ദ്ദേശീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും നയ രൂപീകണത്തിനും ശ്രമിക്കുന്ന ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.