ഹോങ്കോങ്: ചൈനയുടെ പുതിയ ബഹിരാകാശ നിലയമായ ടിയാന്‍ഹെയിലേക്ക് ആദ്യ സഞ്ചാരികള്‍ പുറപ്പെട്ടു. ഗോബി മരുഭൂമിയിലെ വിക്ഷേപണത്തറയില്‍നിന്നാണ് മൂന്ന് സഞ്ചാരികളുമായി ലോങ്മാര്‍ച്ച് 2 എഫ് റോക്കറ്റ് പറന്നുയര്‍ന്നത്. ഭൂമിയില്‍നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശ നിലയത്തിലെ മൊഡ്യൂളില്‍ ഇവര്‍ മൂന്നു മാസത്തോളം ചെലവഴിക്കും.
ബഹിരാകാശ ഗവേഷകരായ നീ ഹൈഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്‌ബോ (45) എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ടിട്ടുള്ളത്. മൂന്നുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഹെയ്‌ഷെങ്ങാണ് കമാന്‍ഡര്‍.
അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ചൈനയുടെ ബഹിരാകാശ ചരിത്രത്തില്‍ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യവും ഇതാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.22-നാണ് ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് സഞ്ചാരികളെ വഹിച്ചുള്ള ഷെന്‍ഷു-12 പേടകവുമായി റോക്കറ്റ് പറന്നുയര്‍ന്നത്.
ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ചത്. പോഷകസമൃദ്ധമായ 120 തരം ഭക്ഷണവും വ്യായാമത്തിനായി 'ബഹിരാകാശ ട്രെഡ് മില്ലും' ഇവര്‍ ഒപ്പംകൊണ്ടുപോവുന്നുണ്ട്. വിവിധ പരീക്ഷണങ്ങളിലും ബഹിരാകാശനടത്തത്തിലും സംഘം ഏര്‍പ്പെടും.
നിലയത്തിന്റെ പ്രധാന മൊഡ്യൂളായ ടിയാന്‍ഹെ മാത്രമേ നിലവില്‍ ചൈന ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളൂ. ഇവിടേക്കാണ് സംഘം പോകുന്നത്. ഏപ്രിലിലാണ് ടിയാന്‍ഹെ ഭ്രമണപഥത്തിലെത്തിയത്. നിലയത്തിന്റെ നിര്‍മാണം വരുംകൊല്ലങ്ങളിലേ പൂര്‍ത്തിയാകൂ.
ബഹിരാകാശ രംഗത്ത് തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശവും ചൈനയുടെ ഇത്തരം ദൗത്യങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചൈന ചന്ദ്രനില്‍നിന്ന് മണ്ണിന്റെയും കല്ലുകളുടെയും സാംപിള്‍ ഭൂമിയിലെത്തിച്ചിരുന്നു. കൂടാതെ വിജയകരമായി ചൊവ്വയില്‍ റോവര്‍ ലാന്‍ഡ് ചെയ്യിക്കാനും ചൈനയ്ക്ക് സാധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.