ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വെര്‍മ്മ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലീം പ്രാതിനിധ്യമാണ് അസറുദ്ദീന്റെ വരവോടെ നികത്തപ്പെടുന്നത്. നവംബര്‍ 11 ന് ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് ബിജെപി ആരോപിച്ചു. അസറുദ്ദീന്‍ നിലവില്‍ നിയമസഭാംഗം അല്ല. ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തില്‍ 30 ശതമാനത്തോളം മുസ്ലീം വോട്ടര്‍മാരുണ്ട്.
അസറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി അയച്ചു. ഔദ്യോഗിക അധികാരത്തിന്റെ ദുര്‍വിനിയോഗമാണിതെന്നാണ് അവരുടെ വാദം. അതേസമയം സാമൂഹ്യനീതിയ്ക്ക് വേണ്ടിയാണ് തങ്ങളുടെ ഈ നീക്കമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു.
'ന്യൂനപക്ഷങ്ങള്‍ക്ക് മന്ത്രിസഭാ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ആന്ധ്രാപ്രദേശിലെ മുന്‍ സര്‍ക്കാരില്‍ പോലും ന്യൂനപക്ഷ മുഖം ഉള്‍പ്പെടുത്തിയിരുന്നു. ഏറെ കാലമായി തെലങ്കാനയിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ ഞങ്ങള്‍ തിരുത്തുകയാണ്'- തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മഹേഷ് ഗൗഡ് പറഞ്ഞു.
അസറുദ്ദീനെ ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് അംഗമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. അതിനാല്‍ ആറ് മാസത്തിനകം അസറുദ്ദീന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.