അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെ അഡ്‌ലെയ്ഡ് എയര്‍പോര്‍ട്ടില്‍ എത്തുന്ന കോവിഡ് രോഗികളെ തിരിച്ചറിയാന്‍ പുതിയൊരു മാര്‍ഗം പരീക്ഷിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് രോഗികളെ മണത്തറിയാന്‍ പ്രത്യേക പരിശീലനം ലഭിച്ച സ്‌നിഫര്‍ നായ്ക്കളെയാണ് അഡ്‌ലെയ്ഡ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. നായ്ക്കള്‍ക്ക് കോവിഡ് വൈറസിനെ മണത്ത് കണ്ടുപിടിക്കാനാകുമെന്നു പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. നിരവധി രാജ്യങ്ങള്‍ ഇപ്പോഴും ഇതിന്റെ പരീക്ഷണത്തിലാണ്.
കോവിഡ് വൈറസ് ബാധിച്ചവരുടെ വിയര്‍പ്പില്‍നിന്നും ശരീരസ്രവങ്ങളില്‍ നിന്നുമുള്ള പ്രത്യേക ഗന്ധത്തില്‍ നിന്നാണ് നായ്ക്കള്‍ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നത്. ആറ് ലാബ്രഡോര്‍ നായ്ക്കളെയാണ് ഇതിനായി എത്തിച്ചിരിക്കുന്നത്.
യാത്രക്കാരുടെ ശരീരത്തില്‍നിന്നും എടുക്കുന്ന വിയര്‍പ്പിന്റെ സാമ്പിള്‍ നായയ്ക്കു മണക്കാന്‍ കൊടുക്കുകയും അതുവഴി സ്രവത്തില്‍ കോവിഡ് വൈറസിന്റെ അംശമുണ്ടോ എന്ന് കണ്ടെത്താനുമാകും. യാത്രക്കാരെ നേരിട്ട് നായ പരിശോധിക്കില്ല.
ഇത്തരത്തില്‍ രോഗികളെ കണ്ടെത്തിയാല്‍ അവരെ നേരേ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിടും. അണുബാധ നിയന്ത്രണത്തിനും സൗത്ത് ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കു രോഗത്തില്‍നിന്നു സംരക്ഷണം ഒരുക്കാനും ഇത് വളരെ പ്രധാനമാണെന്നു ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ നിക്കോള സ്പൂറിയര്‍ പറഞ്ഞു.
കോവിഡ് രോഗികളെ തിരിച്ചറിയാന്‍ അഡ്‌ലെയ്ഡ് എയര്‍പോര്‍ട്ടില്‍ എത്തിച്ച നായ്ക്കളെ ഓമനിക്കുന്ന ആരോഗ്യമന്ത്രി സ്റ്റീഫന്‍ വെയ്ഡും ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ നിക്കോള സ്പൂറിയറും.
നായ്ക്കളെ ഉപയോഗിച്ചുള്ള പരീക്ഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇതു വിജയിക്കുകയാണെങ്കില്‍, കോവിഡില്‍നിന്ന് ഓസ്‌ട്രേലിയയെ രക്ഷിക്കുന്ന ദൗത്യത്തില്‍ നായ്ക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും ആഭ്യന്തരമന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളില്‍ നായ്ക്കളെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആളുകളെ വേഗത്തില്‍ പരിശോധിക്കാനും വൈറസ് വ്യാപനം തടയാനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 96 മുതല്‍ 98 ശതമാനം വരെ കൃത്യതയോടെ വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.