കൊളംബിയയെ ഗോൾരഹിത സമനിലയില്‍ തളച്ച് വെനസ്വേല

കൊളംബിയയെ ഗോൾരഹിത സമനിലയില്‍ തളച്ച് വെനസ്വേല

ഗോയിയാനിയ: കോപ്പ അമേരിക്കയിൽ കരുത്തരായ കൊളംബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് വെനസ്വേല. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ വെനസ്വേലയുടെ ഗോൾകീപ്പർ വുളിക്കർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയത്തിന് തടസമായത് .

ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിന് ജയത്തോളം പോന്ന സമനിലയാണിത്. മറുവശത്ത് കൊളംബിയ നിരവധി മികച്ച അവസരങ്ങൾ നശിപ്പിച്ചാണ് സമനില വഴങ്ങിയത്. ആദ്യ മത്സരത്തിൽ ടീം വിജയം നേടിയിരുന്നു. ടീമിലെ 12 താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ പകരക്കാരെ വെച്ച് കളിച്ച വെനസ്വേലയുടെ കളിയിൽ ആ പോരായ്മ പ്രകടമായിരുന്നു.

13-ാം മിനിട്ടിൽ തുറന്ന അവസരം ലഭിച്ചിട്ടുപോലും അത് ഗോളാക്കി മാറ്റാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. വെനസ്വേലയുടെ യുവ ഗോൾകീപ്പർ വുളിക്കർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളും കൊളംബിയയ്ക്ക് വിലങ്ങുതടിയായി. ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല.

രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. കൊളംബിയ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകൾ ടീമിന് തിരിച്ചടിയായി. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിന്റെ വിടവ് കളിയിലുടനീളം പ്രകടമായി. 53-ാം മിനിട്ടിൽ കൊളംബിയയുടെ ഉറിബെയുടെ തകർപ്പൻ ബൈസിക്കിൾ കിക്ക് അവിശ്വസനീയമായി തട്ടിയകറ്റി വെനസ്വേല ഗോൾകീപ്പർ ഫാരിനെസ് ആരാധകരുടെ മനം കവർന്നു. ഗോളെന്നുറച്ച ഷോട്ടായിരുന്നു അത്.

77-ാം മിനിട്ടിൽ താരങ്ങൾ തമ്മിലുണ്ടായ സംഘർഷം രസംകൊല്ലിയായി. 81-ാ മിനിട്ടിലും താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഗോളടിക്കാനായി താരങ്ങളെ കൊളംബിയ മാറ്റി പരീക്ഷിച്ചെങ്കിലും ഫാരിനെസിന്റെ മികച്ച സേവുകൾക്ക് മുമ്പിൽ അതെല്ലാം വിഫലമായി. കളിയവസാനിക്കുന്നതിന് തൊട്ടുമുൻപ് ലൂയിസ് ഡയസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് കൊളംബിയയ്ക്ക് തിരിച്ചടിയായി. വൈകാതെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.