ബ്രിസ്ബന്‍: ദയാവധം നിയമവിധേയമാക്കാനുള്ള നടപടികളുമായി ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, പ്രതിഷേധം ശക്തമാക്കി കത്തോലിക്ക സഭ. സെപ്റ്റംബറില്‍ ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം പാര്‍ലമെന്റില്‍ എടുക്കുന്നതിനു മുന്നോടിയായി ഇക്കാര്യത്തിലുള്ള വിശ്വാസികളുടെ ആശങ്ക സംസ്ഥാനത്തെ ജനപ്രതിനിധികെള അറിയിക്കാനും വോട്ടെടുപ്പില്‍ ദയാവധത്തെ അനുകൂലിക്കരുതെന്ന് അഭ്യര്‍ഥിക്കാനും എല്ലാ കത്തോലിക്ക വിശ്വാസികളോടും സഭ ആഹ്വാനം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം പാര്‍ലമെന്റ് അംഗങ്ങളെ ഇ-മെയിലുകളിലൂടെയോ ഫോണിലൂടെയോ നേരിട്ടുള്ള കൂടിക്കാഴ്ച്ചയിലൂടെയോ ബന്ധപ്പെടണമെന്നു ബ്രിസ്ബന്‍ അതിരൂപത ആവശ്യപ്പെട്ടു. ഇതിലൂടെ ഭരണകൂടത്തിന്റെ ചിന്താഗതിയില്‍ മാറ്റംവരാന്‍ ഇടയാക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ
എം.പിമാരും പ്രാദേശിക ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും അതിനു സഹായകമാകുന്ന വിവരങ്ങളും ബ്രിസ്ബന്‍ അതിരൂപത ഇടവകകള്‍ക്കു നല്‍കി.
ദയാവധത്തിനെതിരേ പാര്‍ലമെന്റ് അംഗങ്ങള്‍ നിലപാട് സ്വീകരിക്കുന്നതു വരെ നിരന്തരം ഇ-മെയിലുകള്‍ അയക്കുകയും ഫോണില്‍ ബന്ധപ്പെടുകയും അവരുമായി കൂടിക്കാഴ്ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് നിര്‍ദേശിച്ചു. ദയാവധത്തിനെതിരേ പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അടക്കമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഇ-മെയില്‍ തയാറാക്കുന്നത്.
ബ്രിസ്ബന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ്
കഴിഞ്ഞ മേയില്‍ എതിര്‍പ്പുകള്‍ അവഗണിച്ചും ദയാവധം നിയമവിധേയമാക്കാനുള്ള ബില്‍ ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റില്‍ പ്രീമിയര്‍ അന്നാസ്‌തേഷ്യ പലാസ്‌ക്യൂക് അവതരിപ്പിച്ചിരുന്നു. 12 മാസേത്താളം നടന്ന ആലോചനകള്‍ക്കു ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നാണ് പ്രീമിയറുടെ വാദം. എന്നാല്‍ നിയമനിര്‍മ്മാണത്തിനു മുന്നോടിയായി ഇതു ബാധകമാകുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ തേടിയിട്ടില്ലെന്നു ജനപ്രതിനിധികള്‍ക്കുള്ള കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ഭിന്നശേഷിയുള്ളവര്‍, പാലിയേറ്റീവ് പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മാനസികാരോഗ്യ വിദഗ്ധര്‍, മതവിഭാഗങ്ങള്‍ എന്നിവരുമായി ദയാവധം സംബന്ധിച്ച അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നു സഭ കുറ്റപ്പെടുത്തുന്നു.
ദയാവധം കത്തോലിക്ക സഭയുടെ വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്നതു മാത്രമല്ല എതിര്‍ക്കപ്പെടാനുള്ള കാരണമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആരെയും വേദനിപ്പിക്കരുത് എന്ന വൈദ്യശാസ്ത്ര തത്വങ്ങളുടെ ലംഘനം കൂടിയാണത്.
'ക്വീന്‍സ് ലാന്‍ഡുകാരെ മരിക്കുന്നതിന് സഹായിക്കുന്നതിനു പകരം അവരെ സംരക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പറയുന്ന നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ നമുക്കിടയിലുണ്ട്. അവരെയാണ് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കേണ്ടത്. രാജ്യത്തും അന്താരാഷ്ട്ര തലത്തിലുള്ള മെഡിക്കല്‍ വിദഗ്ധന്‍മാരും ക്രൂരതയെ പിന്തുണയ്ക്കുന്നില്ലെന്ന കാര്യവും എഴുത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ക്വീന്‍സ് ലാന്‍ഡിലെ ഓരോ വ്യക്തിക്കും ഉയര്‍ന്ന നിലവാരമുള്ള സാന്ത്വന പരിചരണത്തിന് അവകാശമുണ്ടെന്ന് സഭയും വിശ്വസികളും കരുതുന്നതായും കത്തില്‍ പറയുന്നു. ഓസ്ട്രേലിയന്‍ പാര്‍ട്ടി നേതാവ് റോബി കാറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.