'ജലം' വിലമതിക്കാനാവാത്ത മഹത്തായ അനുഗ്രഹം

'ജലം' വിലമതിക്കാനാവാത്ത മഹത്തായ അനുഗ്രഹം

'വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ!'

ഈ വരികളെ അന്വര്‍ഥമാക്കുമാറ് 97 ശതമാനവും വെള്ളത്താല്‍ വലയം ചെയ്യപ്പെട്ട ഭൂമിയില്‍ ദാഹജലത്തിനായുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ജലത്തിന്റെ നീരുറവകള്‍ മണ്ണില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജലത്തിനായി ഒരു ദിനം. ഓരോ തുള്ളി ജലവും പാഴാക്കാതെ ഉപയോഗപ്പെടുത്താനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ സമ്മേളനത്തിലാണ് 1993 മുതല്‍ ലോക ജല ദിനം ആചരിക്കാന്‍ തീരുമാനം എടുത്തത്.

കുടിവെള്ളം പോലും അനുദിനം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ലോകത്തിലെ കോടിക്കണക്ക് വരുന്ന ജനങ്ങള്‍ക്ക് സുരക്ഷിതമായ ജലം ലഭ്യമല്ലെന്ന ബോധ്യം ഉണര്‍ത്താനായുള്ള ജലാഘോഷമാണ് ലോകജലദിനം. ആഗോളജല പ്രതിസന്ധിയ്ക്ക് കടിഞ്ഞാണിടാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണം എന്നതാണ് ജലദിനത്തിന്റെ ചിന്താവിഷയം. 2030ഓടെ കൈവരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ എല്ലാവര്‍ക്കും 'ശുദ്ധജലവും ശുചിത്വവും' എന്ന സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ലക്ഷ്യപ്രാപ്തിയെ സഹായിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വര്‍ഷവും ജലദിനത്തിന് ഓരോ പ്രമേയമുണ്ടായിരിക്കും. 2021ല്‍ അത് ജലത്തെ വിലമതിക്കുക എന്നതാണ്. ഭൂഗര്‍ഭജലം എന്നതാണ് 2022ലെ പ്രമേയം.

ജലത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള കഥകളും ചിന്തകളും അനുഭവങ്ങളും ഈ ദിനത്തില്‍ പങ്കുവെച്ച് പോകുന്നതല്ലാതെ പിന്നീട് അതിന് വലിയ പ്രാധാന്യം ഒന്നും നല്‍കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഈ റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ആകര്‍ഷകമാണ് വിക്ടോറിയ വെള്ളച്ചാട്ടം. സാംബിയയുടെയും സിംബാബ്വേയുടെയും അതിര്‍ത്തിയിലുള്ള ഈ വെള്ളച്ചാട്ടം നയാഗ്രയെക്കാള്‍ ഇരട്ടി ഉയരമുള്ള അത്ഭുതമാണ്. ഈ അത്ഭുത കാഴ്ച കാണാന്‍ തന്നെ സിംബാബ്വേയിലേക്കും സാംബിയയിലേക്കും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എല്ലാ വര്‍ഷവും എത്തുന്നത്. എന്നാല്‍ ഈ നൂറ്റാണ്ടിലെത്തന്നെ അതിരൂക്ഷമായ വരള്‍ച്ചയിലൂടെ കടന്നുപോകുമ്പോള്‍ വിക്ടോറിയ ഏതാണ്ട് ഇല്ലാതായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കേപ്ടൗണ്‍ നഗരം 2017ന്റെ മധ്യത്തോടെ ജലക്ഷാമം നേരിടാന്‍ തുടങ്ങിയിരുന്നു. ജല സ്രോതസ്സുകള്‍ വറ്റിവരളുകയും സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും മനുഷ്യര്‍ പലായനത്തിന് നിര്‍ബന്ധിതമാവുകയും ചെയ്ത ഭീതിജനകമായ സാഹചര്യം. ഒരു നഗരം മുഴുവനും ജലത്തിനായ് വരിനില്‍ക്കുന്നു. ഓരോ വരിയും അവസാനിക്കുന്നത് പൈപ്പിന്‍ ചുവട്ടിലോ വെള്ളം നിറച്ച വീപ്പയുടെ മുന്നിലോ ആണ്. ഒരു ദിവസത്തിന്റ എല്ലാ ആവശ്യത്തിനും കുടി അനുവദിച്ചിരിക്കുന്നത് വെറും 49 ലിറ്റര്‍ വെള്ളമാണത്രെ! ഓരോ ദിവസവും വീട്ടിലെത്തുന്ന ഈ പരിമിതമായ വെള്ളം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചതിന് ശേഷം മിച്ചം വരുന്നത് മാത്രം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. അതിനാല്‍ ഷവറിന് താഴെ കുളിക്കാന്‍ ഒരാളെടുക്കുന്ന സമയം വെറും ഒന്നര മിനുട്ടാണ്.'ജലാടിയന്തരാവസ്ഥ' എന്ന് വിശേഷിപ്പിക്കാവുന്ന 'ഡേ സിറോ' പ്രഖ്യാപിക്കുമെന്ന ഭീതിയില്‍ കഴിയുന്ന ജനത ജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുന്നവരുടെ നേര്‍ചിത്രമാണ്.

നമ്മൂടെ ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. വരള്‍ച്ചയും കെടുതികളുമെല്ലാം നമ്മുക്ക് പരിചയം ഉണ്ടായിരുന്നത് ഏതോ നാട്ടിലെ കഥകളിലൂടെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നു. കേരളത്തിലെ മഹാപ്രളയങ്ങളില്‍ കെടുതിയനുഭവിച്ചതിന്റെ ഭീതി ഇപ്പോഴും നമ്മുക്ക് വിട്ടുമാറിയിട്ടില്ല. എന്നിട്ടും ശുദ്ധജലത്തിന് വേണ്ടി കേഴുന്ന പ്രദേശങ്ങള്‍ കേരളത്തില്‍പോലും അധികരിച്ച് വരുന്നു. പ്രകൃതിയിലെ വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് പകരം ശുദ്ധജല സ്രോതസ്സുകള്‍ പോലും മലിനമാക്കപ്പെടുന്നവിധം അശ്രദ്ധയിലാണ്ട ജീവിതമാണ് മനുഷ്യന്‍ നയിക്കുന്നത്. പരസ്പരം പങ്കുവയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ജലം ഇന്ന് അമിതോപയോഗത്തിലും ഉപഭോഗത്വരയാലുള്ള മാലിന്യങ്ങളിലും വറ്റിവരണ്ട് ഉണങ്ങുകയാണ്. ജലത്തിന്റെ അമൂല്യതയും പ്രാധാന്യവും തിരിച്ചറിയുമാറ് ശുദ്ധജലം ക്രമേണ കുറഞ്ഞ് വരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ജനപ്പെരുപ്പവും, കാര്‍ഷിക വ്യവസായ മേഖലകളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളും, കാലാവസ്ഥാ വ്യതിയാനത്തിന്റെ മോശമായ പ്രത്യാഘാതങ്ങളും ഇന്ന് ജലത്തെ തീവ്രഭീഷണിയിലാക്കിയിരിക്കുന്നു.

വെള്ളമെന്ന മഹത്തായ അനുഗ്രഹം മനുഷ്യന്റെ ആര്‍ത്തിമൂലം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപജീവനത്തിനാവശ്യമായ സസ്യലതാതികളും പഴവര്‍ഗങ്ങളും ഫലങ്ങളുമെല്ലാം വെള്ളം മുഖേനയാണ് പ്രപഞ്ച സ്രഷ്ടിച്ചിരിക്കുന്നത്. ശബ്ദത്തെക്കാള്‍ ഏഴ് ഇരട്ടി വേഗതയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങളും കോണ്‍കേഡുകളും ഉപയോഗിച്ച് സഞ്ചരിക്കുന്ന ആധുനിക മനുഷ്യന്റ പുരോഗതി വിവരണാതീതമാണ്. അന്യഗ്രഹങ്ങളിലേക്ക് വിനോദസഞ്ചാരം നടത്താനും ശൂന്യാകാശത്ത് സ്റ്റാര്‍ ഹോട്ടലുകള്‍ പണിയാനുമൊക്കെ അവന്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എന്നിട്ടും മണ്ണിനും ജീവനുമാവശ്യമായ ജലത്തിന്റെ ക്ഷാമത്തെ അതിജീവിക്കാനുള്ള കണ്ടെത്തലുകള്‍ എങ്ങും എത്തിയില്ല.

ജലക്ഷാമം അതിരൂക്ഷമാകുന്നതിന് പല കാരണങ്ങള്‍ പറയുന്നുണ്ട്. മനുഷ്യന്റ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉല്‍പന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവല്‍കരണവുമെല്ലാം അതില്‍ പെടുന്നു. ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങള്‍ അനുവര്‍ത്തിക്കാന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികള്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ചു വരുന്നുണ്ട്. എന്നാല്‍ ഇന്നും ഭാരതത്തിലെ പല പ്രദേശങ്ങളിലും, എന്തിന് നമ്മുടെ നാട്ടില്‍ പോലും ജീവന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇനിയൊരു യുദ്ധം ശുദ്ധജലത്തിന് വേണ്ടി എന്നുള്ള പ്രവചനം നമ്മുടെ കാതില്‍ മുഴങ്ങുപ്പോഴും മനുഷ്യന്‍ പലപ്പോഴും ഈ അവസ്ഥയെ യാഥാര്‍ത്ഥ്യബോധത്തോടെ കൂടി നോക്കി കാണുന്നില്ല.

ജനസാന്ദ്രത കൂടുന്നതിനാല്‍ വെള്ളത്തിന്റ ഉപയോഗം അധികരിക്കുന്നുവെന്നും അതിനാല്‍ ജലക്ഷാമം രൂക്ഷമാകുന്നതിന്റ ഒരു കാരണം ജനപ്പെരുപ്പമാണെന്നും വിലയിരുത്തുന്ന ചില കൂട്ടരുണ്ട്. ജനപ്പെരുപ്പം കൂടിയ രാഷ്ട്രങ്ങളിലെ ജലസമൃദ്ധിയും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലെ വരള്‍ച്ചയും ഇത്തരം അബദ്ധധാരണക്കാര്‍ക്കുള്ള മറുപടിയാണ്.

ജലം സമൃദ്ധമായുണ്ടെങ്കിലും 97 ശതമാനത്തിലേറെയും ഉപ്പുരസം കലര്‍ന്നതാണ്. ശുചീകരികരണത്തിനും പാനം ചെയ്യാനുമുള്ള ശുദ്ധജലം വളരെ പരിമിതവുമാണ്. ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണല്ലോ ശുദ്ധജലം. അത് ആവശ്യത്തിന് ലഭ്യമാവുകയെന്നത് വലിയ സൗഭാഗ്യവുമാണ്. വെള്ളം അധികമായി വര്‍ഷിച്ച് കൊണ്ടും മഴ ലഭിക്കാതെയും വെള്ളം വറ്റിച്ച് കളഞ്ഞും ഉപ്പ് രസമുള്ളതാക്കിയും നമ്മുടെ പൂര്‍വ്വീകര്‍ക്ക് ദൈവം ശിക്ഷ നല്‍കിയ കഥകള്‍ നമ്മള്‍ ബൈബിളിലും മറ്റും വായിച്ച് അറിഞ്ഞിട്ടുണ്ട്. ഈ കഥകള്‍ ഈ കാലഘട്ടത്തില്‍ പ്രസക്തമാവുകയാണ്.

നമ്മുടെ ഭൂമിയില്‍ ആകെയുള്ള ജല സമ്പത്തില്‍ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. ഈ ശുദ്ധ ജലമാണ് ഇന്ന് ലോകത്താകമാനമുള്ള മാനവരാശിയുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഓരോ തുള്ളി ജലവും സംഭരിച്ചു വെക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ലോകത്തില്‍ 10 ല്‍ 8 പേര്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നു എന്ന കാര്യം നാം മറക്കാതിരിക്കുക.

കരുതലിന്റ മാഹാത്മ്യം ബോധ്യപ്പെടുത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം ഇന്നിവിടെ പ്രസക്തമാകുന്നതിന് കാരണവും അത് തന്നെയാണ്- 'നദികള്‍ അവയുടെ വെള്ളം കുടിക്കുന്നില്ല. വൃക്ഷങ്ങള്‍ അവയുടെ ഫലങ്ങള്‍ ഭക്ഷിക്കുന്നില്ല. സൂര്യന്‍ തനിക്കായി പ്രകാശിക്കുന്നില്ല. പൂക്കള്‍ അവയ്ക്കായി സുഗന്ധം പരത്തുന്നില്ല. മറ്റുള്ളവര്‍ക്കായി ജീവിക്കുക പ്രകൃതി നിയമമാണ്. പരസ്പരം സഹായിക്കുവാന്‍ ജനിച്ചവരാണ് നാം. പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകാം. ജീവിതം ധന്യമാകുന്നത് നിങ്ങള്‍ സന്തോഷം ഉള്ളവരാകുമ്പോഴാണ്. എന്നാല്‍ ജീവിതം ഏറെ ധന്യമാകുന്നത് നീ കാരണം മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍ മാത്രം'...!

ഭൂമിയെ ഉര്‍വരയാക്കുന്ന ജലസ്രോതസ്സുകളെ ഒറ്റക്കെട്ടായി സംരക്ഷിക്കാന്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ട്. ' ജലത്തെ വിലമതിക്കുക ' എന്ന ഈ വര്‍ഷത്തെ ജല ദിനത്തിന്റെ പ്രമേയം വിലമതിച്ചുകൊണ്ട് തന്നെ പുതിയ തലമുറയ്ക്കായി നമ്മുക്ക് ഈ നിധി ഇന്നേ കരുതിവെയ്ക്കാം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.