പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ മൂന്ന് പുതിയ ഫൊറോനകള്‍ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലാണ് ഫൊറോനകളുടെ രൂപീകരണം സബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
കടപ്ലാമാറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നി ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷന്‍ ഉയര്‍ത്തിയത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയില്‍ ഉണ്ടായിരുന്നത്.
പുതിയതായി രൂപംകൊണ്ട ഫൊറോനകള്‍ വന്നത് ജൂണ്‍ എട്ട് പന്തക്കുസ്ത തിരുനാളോട് കൂടിയാണ്. ഇന്നേ ദിവസം പുതിയ ഫൊറോനകളില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാര്‍മികനായി. സ്ഥാനാരോഹണ ശുശ്രൂഷകള്‍ രാവിലെ എട്ടിന് കൊഴുവനാല്‍ പള്ളിയിലും, 9:15 ന് കടപ്ലാമറ്റം പള്ളിയിലും വൈകുന്നേരം 4:00 ന് കൂത്താട്ടുകുളം പള്ളിയിലും നിര്‍വഹിച്ചു. ഫൊറോനകളായി പ്രഖ്യാപിച്ച ഇടവകളുടെ പ്രത്യേകതകള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.
കൂത്താട്ടുകുളം ഫൊറോനാ വികാരിയായി ഫാ. ജെയിംസ് കുടിലില്‍, കടപ്ലാമറ്റം ഫൊറോനാ വികാരിയായി ഫാ. ജോസഫ് മുളഞ്ഞനാല്‍, കൊഴുവനാല്‍ ഫൊറോനാ വികാരിയായി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ എന്നി വൈദികരെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്ഥാനാരോഹണം ചെയ്തു.

കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയം
സുറിയാനി കത്തോലിക്കാ സഭയിലെ അതിപുരാതനമായ പള്ളികളില്‍ ശ്രദ്ധേയമായ പള്ളിയാണ് കടപ്ലാമറ്റം. എ.ഡി 1009 ല്‍ പണി കഴിക്കപ്പെട്ട ഈ പുരാതനപള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 660 കുടുംബങ്ങളുള്ള ഈ പള്ളിയുടെ നിര്‍മ്മാണ രീതിയും അതിന്റെ കൊത്തുപണികളും പഴമയുടെ സൗകുമാര്യം വിളിച്ചറിയിക്കുന്നതാണ്. ഈ പള്ളിയുടെ പഴക്കം തന്നെ ദേശവാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും അതിരറ്റതാണ് എന്നതിന്റെ തെളിവ് കൂടിയാണ്.
കൊഴുവനാല്‍ മാര്‍ ജോണ്‍ നെപുംസ്യാനോസ് ദേവാലയം
1858 ല്‍ സ്ഥാപിതമായ കൊഴുവനാല്‍ മാര്‍ ജോണ്‍ നെപുംസ്യാനോസ് പള്ളി പാലാ രൂപതയിലെ പുരാതനമായ പള്ളികളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ രൂപതാ വൈദികര്‍ക്ക് ജന്മം നല്‍കിയ ഇടവകയാണ് കൊഴുവനാല്‍. പാലാ രൂപതയ്ക്ക് മാത്രമല്ല, തിരുസഭയ്ക്ക് ഏറ്റവും കൂടുതല്‍ വൈദികരെ പ്രദാനം ചെയ്തിട്ടുള്ള പള്ളിയാണ് ഇത്. 730 കുടുംബങ്ങള്‍ ഉള്ള കൊഴുവനാല്‍ പള്ളി ജോണ്‍ നെപുംസ്യാനോസ് സഹദായുടെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ആയിരിക്കുന്ന പാലാ രൂപതയ്ക്ക് കൊഴുവനാല്‍ പള്ളിയെ ഫൊറോനയായി ഉയര്‍ത്തുമ്പോള്‍ അത് പത്തരമാറ്റിന്റെ ന്ിറവാണ്.
കൂത്താട്ടുകുളം ഹോളി ഫാമിലി
1995 ല്‍ സ്ഥാപിതമായ കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി ഒരു ദേശത്തിന്റെ സംസ്‌കാരത്തെ ആകെ പേറുന്നതാണ്. വിവിധ ക്രൈസ്തവ സഭകളായ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളും സീറോ മലബാര്‍ സമൂഹവും ഏക മനസോടെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ഇത്. സഭയുടെ എക്യുമെനിസത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്ന പ്രദേശമാണ് കൂത്താട്ടുകുളം. മാര്‍ യൂദാ തദേവൂസിനോടുള്ള ഭക്തിയും വണക്കവും ആയിരം തിരികള്‍ ഉള്ള നിലവിളക്കും ഹോളി ഫാമിലി ദേവാലയത്തിന്റെ പ്രത്യേകതകളാണ്. 500 കുടുംബങ്ങള്‍ ഉള്ള ഈ ദേവാലയം എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലി നിറവില്‍ ആയിരിക്കുന്ന പാലാ രൂപതയ്ക്ക് കിട്ടിയ മറ്റൊരു സമ്മാനമാണ് കൂത്താട്ടുകുളം ഫൊറോന പള്ളി.
പുതുതായി രൂപംകൊണ്ട ഫൊറോനകളിലേയ്ക്ക് ചേര്‍ക്കപ്പെടുന്ന ഇടവകകള്‍
(1) കടപ്ലാമറ്റം: കടപ്ലാമറ്റം, മംഗളാരം, കൂടല്ലൂര്‍, മരങ്ങാട്ടുപിള്ളി, വയല, പാലയ്ക്കാട്ടുമല, പാളയം.
(2) കൊഴുവനാല്‍: അല്‍ഫോന്‍സാഗിരി, കാഞ്ഞിരമറ്റം, കരിമ്പാനി, കൊഴുവനാല്‍, മണലുങ്കല്‍, മഞ്ഞാമറ്റം, മറ്റക്കര, മൂഴൂര്‍, പൈക, ഉരുളികുന്നം.
(3) കൂത്താട്ടുകുളം: കാക്കൂര്‍, കൂത്താട്ടുകുളം, പെരിയപ്പുറം, പൂവക്കുളം, തിരുമാറാടി, ഉദയഗിരി വടകര.
ഇടവകകളില്‍ മാറ്റം വരുന്ന ഫൊറോനകള്‍
(1) പാലാ കത്തീഡ്രല്‍: അരുണാപുരം, കിഴതടിയൂര്‍, കുടക്കച്ചിറ, ളാലം പുത്തന്‍പള്ളി, ളാലം പഴയപള്ളി, മീനച്ചില്‍, മൂന്നാനി, നെല്ലിയാനി, പൈങ്ങുളം, പാലാ കത്തീഡ്രല്‍, പാലാക്കാട്, പൂവരണി, വലവൂര്‍.
(2) ചേര്‍പ്പുങ്കല്‍: ചെമ്പിളാവ്, ചേര്‍പ്പുങ്കല്‍, കുരുവിനാല്‍, പാദുവ, മുത്തോലി, മേവട, തോടനാല്‍.
(3) രാമപുരം: അന്ത്യാളം, ചക്കാമ്പുഴ, ചിറ്റാര്‍, ഏഴാച്ചേരി, കരൂര്‍, കൊണ്ടാട്, കുറിഞ്ഞി, നീറന്താനം, രാമപുരം.
(4) ഭരണങ്ങാനം: അമ്പാറനിരപ്പേല്‍, ഭരണങ്ങാനം, ചൂണ്ടച്ചേരി, ഇടപ്പാടി, ഇടമറ്റം, കിഴപറയാര്‍, മല്ലികശേരി, പ്ലാശനാല്‍, പൂവത്തോട്, വിളക്കുമാടം.
(5) കുറവിലങ്ങാട്: കുറവിലങ്ങാട്, കാളികാവ്, കാട്ടാമ്പാക്ക്, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മോനിപ്പള്ളി, രത്‌നഗിരി, വാക്കാട്.
(6) ഇലഞ്ഞി: ഇലഞ്ഞി, ജോസ്ഗിരി, മരങ്ങോലി, മുളക്കുളം, മുത്തോലപുരം, പിറവം, ശാന്തിപുരം, സേവ്യര്‍പുരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.