'മണിപ്പൂരിനെ വിധിക്ക് വിട്ട് പ്രധാനമന്ത്രി ഒളിച്ചോടുന്നു': മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

'മണിപ്പൂരിനെ വിധിക്ക് വിട്ട് പ്രധാനമന്ത്രി ഒളിച്ചോടുന്നു': മോഡിക്കെതിരെ രൂക്ഷ  വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു.

മണിപ്പൂരിനെ പ്രധാനമന്ത്രി വിധിക്ക് വിട്ടത് എന്തിനെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടും സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു.

മണിപ്പൂര്‍ വീണ്ടും അക്രമത്തില്‍ മുങ്ങിയിരിക്കുന്നു. ഏകദേശം രണ്ട് വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങള്‍ അക്രമം, ബലാത്സംഗം, കൊലപാതകം, കുടിയിറക്കല്‍ എന്നിവ സഹിക്കുകയാണ്. നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരായി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടും അവിടെ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല.

'മണിപ്പൂരിനെ പ്രധാനമന്ത്രി വിധിക്ക് വിട്ടത് എന്തിനാണ്? ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സംസ്ഥാനത്തിന്റെ ഏതെങ്കിലും പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തുകയോ സമാധാനത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല.

ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ ജനാധിപത്യത്തില്‍ ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് സ്വന്തം കടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്'- പ്രിയങ്ക എക്സില്‍ കുറിച്ചു.

ശനിയാഴ്ച രാത്രി മെയ്തേയ് സംഘടനയായ ആരംഭായ തെംഗോലിന്റെ നേതാവായ കാനന്‍ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.