പ്രിട്ടോറിയ: മിന്നുന്നതെല്ലാം പൊന്നല്ലെന്ന പഴഞ്ചൊല്ല് അക്ഷരാര്‍ഥത്തില്‍ അനുഭവിച്ചറിയുകയാണ് ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാല്‍ പ്രവിശ്യയിലുള്ളവര്‍. വജ്രക്കല്ല് എന്നു കരുതി കുഴിച്ചെടുത്തതെല്ലാം വെറും സ്ഫടികക്കല്ലുകളാണെന്നു തിരിച്ചറിഞ്ഞ് താടിക്കു കൈയും കൊടുത്തിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാര്‍. കഴിഞ്ഞ ആഴ്ചയാണ് കന്നുകാലികളെ മേയ്ക്കുന്ന കര്‍ഷകന് ഭൂമിക്കടിയില്‍നിന്ന് കുറച്ച് തിളങ്ങുന്ന കല്ലുകള്‍ കിട്ടിയത്. അവ വജ്രക്കല്ലുകളാണന്ന വാര്‍ത്ത പരന്നതോടെ പ്രവിശ്യയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായെത്തി.
പലരും വില പിടിച്ച കല്ലുകള്‍ തിരഞ്ഞ് ഭൂമി കിളയ്ക്കാന്‍ തുടങ്ങി. ചിലര്‍ക്കൊക്കെ സമാനമായ കല്ലുകള്‍ ലഭിക്കുകയും ചെയ്തു. ജനപ്രവാഹത്തെ തുടര്‍ന്ന് കല്ലുകള്‍ എന്താണെന്നു തിരിച്ചറിയാന്‍ സര്‍ക്കാര്‍ ജിയോ സയന്റിസ്റ്റുകളുടെയും മൈനിങ് വിദഗ്ധരുടെയും സഹായത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു.
വജ്രക്കല്ലുകള്‍ തിരയുന്നവര്‍
വജ്രമെന്ന് തോന്നിപ്പിക്കുന്ന വെറും സ്ഫടികക്കല്ലുകള്‍ ആണ് കണ്ടെത്തിയതെന്ന അധികൃതരുടെ അറിയിപ്പോടെ ഭാഗ്യാന്വേഷികള്‍ നിരാശരായിരിക്കുകയാണ്. പരിശോധനയില്‍ പ്രദേശത്തുനിന്ന് കണ്ടെടുത്ത കല്ലുകള്‍ വജ്രമല്ലെന്ന് തെളിഞ്ഞതായി പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. ക്വാര്‍ട്‌സ് എന്ന ഈ കല്ലുകള്‍ക്ക് വജ്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കുറവാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ജോഹന്നാസ്ബര്‍ഗില്‍നിന്നു 300 കിലോമീറ്റര്‍ അകലെയാണ് സ്ഫടികക്കല്ലുകള്‍ കണ്ടെത്തിയ സ്ഥലം. ഈ ഭാഗത്ത് നിലവില്‍ വജ്രഖനികളൊന്നും കണ്ടെത്തിയിട്ടില്ല. ലാവാശിലകള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമായതിനാല്‍ സ്ഫടികശിലകളുടെ സാന്നിധ്യം ഉറപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു.
വജ്രക്കല്ലുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തു വന്നത് ദക്ഷിണാഫ്രിക്കയിലെ ദരിദ്രമേഖലകളിലൊന്നായ പ്രദേശത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ധാതുസമ്പത്തിന് പേര് കേട്ട രാജ്യം പതിറ്റാണ്ടുകളായി വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം ദക്ഷിണാഫ്രിക്കയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേുക്കു തള്ളിവിട്ടിരിക്കുകയാണ്. വജ്രം തേടി ദക്ഷിണാഫ്രിക്കയിലെ വിവിധയിടങ്ങളില്‍നിന്ന് ആയിരക്കണക്കിന് പേരാണ് ഒരാഴ്ച്ചയ്ക്കിടെ എത്തിയത്. കിട്ടിയ കല്ലുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തിയ വിരുതന്മാരുമുണ്ട്. പ്രദേശത്ത് തുടരുന്നവരോട് എത്രയും പെട്ടെന്ന് പിരിഞ്ഞു പോകാനും അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് സാഹചര്യവും പരിസ്ഥിതി നശീകരണവും മുന്‍നിര്‍ത്തിയാണിത്.
കൂടുതല്‍ വായനയ്ക്ക്:
കൃഷിഭൂമി നിറയെ വജ്രക്കല്ലെന്നു സംശയം; ദക്ഷിണാഫ്രിക്കയിലെ ഗ്രാമത്തില്‍ വ്യാപകതെരച്ചില്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.