കൃഷിഭൂമി നിറയെ വജ്രക്കല്ലെന്നു സംശയം; ദക്ഷിണാഫ്രിക്കയിലെ ഗ്രാമത്തില്‍ വ്യാപകതെരച്ചില്‍

കൃഷിഭൂമി നിറയെ വജ്രക്കല്ലെന്നു സംശയം; ദക്ഷിണാഫ്രിക്കയിലെ ഗ്രാമത്തില്‍ വ്യാപകതെരച്ചില്‍

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാല്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ കൃഷിഭൂമിയില്‍നിന്നു വജ്രക്കല്ലിനു തുല്യമായ കല്ലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്തേക്ക് ഭാഗ്യാന്വേഷികളുടെ ഒഴുക്ക്. വജ്രക്കല്ലുകള്‍ എന്നു കരുതി പതിനായിരക്കണക്കിന് ആളുകളാണ് തൂമ്പയും കലപ്പയും അടക്കമുള്ള ആയുധങ്ങളുമായി മണ്ണ് കുഴിക്കുന്നത്. പലര്‍ക്കും കൈപ്പിടി നിറയെ ഈ കല്ലുകള്‍ ലഭിക്കുകയും ചെയ്തു. കല്ലുകള്‍ എന്താണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് ഒരു ഗ്രാമീണന് ശനിയാഴ്ച്ച വയലില്‍നിന്ന് ആദ്യത്തെ കല്ല് ലഭിച്ചത്. കണ്ടാല്‍ വജ്രക്കല്ലിനു തുല്യമാണിത്. തുടര്‍ന്ന് ഗ്രാമവാസികള്‍ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. വിവരമറിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍നിന്നും നിരവധി ആളുകള്‍ കല്ലുകള്‍ തേടി എത്തുന്നുണ്ട്.

കല്ലുകള്‍ കണ്ടെത്തിയത് ആഘോഷിക്കുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി. പിലരും ജീവിതത്തില്‍ ആദ്യമായാണ് വജ്രം കാണുന്നതും സ്പര്‍ശിക്കുന്നതുമെന്നു പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്.

ഈ കണ്ടെത്തലിലൂടെ ജീവിതംതന്നെ മാറിമറിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കൈ നിറയെ കല്ലുകള്‍ പിടിച്ച് മെന്‍ഡോ സബെലോ എന്ന ഗ്രാമീണന്‍ പറഞ്ഞു.


ദക്ഷിണാഫ്രിക്കയിലെ ഗ്രാമത്തില്‍ കൃഷിഭൂമിയില്‍നിന്നു ലഭിച്ച കല്ലുകള്‍

സാമ്പിളുകള്‍ ശേഖരിക്കാനും പരിശോധിക്കാനുമായി ഭൂമിശാസ്ത്ര, ഖനന വിദഗ്ധരടങ്ങുന്ന സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി മൈനിംഗ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. കല്ലുകള്‍ വജ്രമാണോ എന്നു സ്ഥരീകരിക്കാന്‍ പോലും സാവകാശം നല്‍കാതെയാണ് സ്ത്രീകളും പുരുഷന്മാരും ആയുധങ്ങളുമായി മണ്ണ് കിളച്ച് പരിശോധിക്കുന്നത്. വയലിന് ഇരുവശത്തും കല്ലുകള്‍ ശേഖരിക്കാനെത്തിയവരുടെ കാറുകളുടെ നീണ്ട നിരയാണ്.

സമ്പദ്വ്യവസ്ഥ തകരാറിലായ ദക്ഷിണാഫ്രിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ കൊടും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. കോവിഡ് മഹാമാരി സ്ഥിതി കൂടുതല്‍ വഷളാക്കി. അതിനാല്‍ ഈ കണ്ടെത്തലിനെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാണുന്നത്.

ചില ആളുകള്‍ കല്ലുകള്‍ വില്‍ക്കാനും തുടങ്ങി. 100 റാന്‍ഡ് (9.41 യു.എസ് ഡോളര്‍) മുതല്‍ 300 റാന്‍ഡ് (28 ഡോളര്‍) വരെയാണ് വില. കോവിഡ് വ്യാപക ഭീതിയെതുടര്‍ന്ന് ആളുകളോടു സ്ഥലത്തുനിന്ന് മടങ്ങിപോകാന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.