പ്രവാസികളുടെ മടക്കത്തിന് റാപ്പിഡ് പിസിആർ തിരക്കിട്ട നീക്കവുമായി വിമാനത്താവള അതോറിറ്റി

പ്രവാസികളുടെ മടക്കത്തിന് റാപ്പിഡ് പിസിആർ തിരക്കിട്ട നീക്കവുമായി വിമാനത്താവള അതോറിറ്റി

ദുബായ്: ദുബായിലേക്ക് മടങ്ങിയെത്താന്‍ നാലുമണിക്കൂറിനുളളിലെ റാപ്പിഡ് പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന വന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഈ സൗകര്യമൊരുക്കുന്നതിനുളള തിരക്കിട്ട നീക്കത്തിലാണ് ഇന്ത്യയിലെ വിമാനത്താവള അതോറിറ്റി.ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗലൂരു, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ഈ സൗകര്യം നിലവിലുണ്ട്.

അതേസമയം യുഎഇയില്‍ നിന്നുളള പ്രവാസികള്‍ കൂടുതലുളള കേരളമടക്കമുളള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഏ‍ർപ്പെടുത്താനുളള ഒരുക്കത്തിലാണ് അധികൃതർ. എത്രയും പെട്ടെന്ന് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് വിമാനത്താവളത്തിനകത്ത് റാപ്പിഡ് പിസിആർ ഒരുക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടപടികള്‍ പൂർത്തിയാക്കുന്നതിന് വെല്ലുവിളികളേറെയുണ്ടെങ്കിലും നാളെ വിമാനസർവ്വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്‍പ് ഇതെല്ലാം പൂർത്തിയാക്കുകയെന്നുളളതാണ് ലക്ഷ്യം.അതേസമയം തന്നെ അതിവേഗപരിശോധനയെന്ന രീതിയിലാണ് ദുബായ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുളളത്. ഐസിഎംആർ അംഗീകാരമുളള അബട്ട്, തെർമോഫിഷർ യന്ത്രങ്ങള്‍ ഉപയോഗിച്ചുളള പരിശോധനയാണെങ്കില്‍ അതിവേഗത്തില്‍ പരിശോധനാഫലം ലഭ്യമാകും.

എന്നാല്‍ ഇത് വിമാനത്താവളങ്ങളില്‍ സ്ഥാപിക്കണമെങ്കിലും പരിശോധനാനടപടികള്‍ പൂർത്തിയാക്കണമെങ്കിലും കടമ്പകളേറെയുണ്ട്. യന്ത്രത്തിന് ലക്ഷങ്ങളാണ് വില. പരിശോധനകള്‍ നടത്താന്‍ കൂടുതല്‍ പേരെ നിയമിക്കേണ്ടതായുമുണ്ട്. പരിശോധനയ്ക്ക് ഓരോരുത്തർക്കും ശരാശരി നാലായിരം രൂപയെങ്കിലുമാകും. എന്നാല്‍ ഇതെല്ലാം പൂർത്തിയാക്കുമ്പോഴേക്കും നിബന്ധനകളില്‍ ദുബായ് ഇളവ് നല്‍കിയാല്‍ വലിയ തുക കൊടുത്ത് യന്ത്രങ്ങള്‍ സ്ഥാപിച്ചതും കൂടുതല്‍ ജീവനക്കാരെ നിയമിച്ചതുമെല്ലാം വെറുതെയാകുമെന്നുളള ആശങ്കയും വിവിധ കമ്പനികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.