ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാജിവെച്ചു. രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മെയ് 14നാണ് സംഭവം. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.
ഉമ്പര്‍നാട് അഭിലാഷ് ഭവനം ലാലിയാണ് മരിച്ചത്. ലാലിയുടെ മകനും സിവില്‍ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയില്‍ എടുക്കാത്തതിനെ തുടര്‍ന്ന് കെജിഒഎംഒയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തനിക്ക് നേരിടേണ്ടിവന്ന ആക്രമണത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ. 'മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സ ഇല്ല. അവിടുത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വാക്‌സിനേഷനും സ്വാബ് ടെസ്റ്റുമാണ്. സ്റ്റാഫിന്റെ കുറവ് മൂലം അത് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ടു വരെയാണ്. എന്നാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ രാത്രിയില്‍ ചികിത്സ തേടി വരുന്നവരെ നോക്കാറുണ്ട്. അതിന് ഒരു പ്രോട്ടോക്കോള്‍ ഉണ്ട്, ഹെല്‍ത്ത് സര്‍വീസിലുള്ളവര്‍, തദ്ദേശ സ്വയം ഭരണസ്ഥാപന അംഗങ്ങളായ പഞ്ചായത്ത് മെംബര്‍, പ്രസിഡന്റ്, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അറിയിച്ചാല്‍ ക്വാറന്റീനിലുള്ള രോഗികളെ നോക്കും. പലപ്പോഴും മാനസിക സമ്മര്‍ദ്ദം കൂടിയിട്ടാവും രോഗികള്‍ എത്തുന്നത്. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് വിടുക, നില ഗുരുതരമാണെങ്കില്‍ മെഡിക്കല്‍ കോളജിലേക്കും മറ്റും മാറ്റുക തുടങ്ങിയവയാണ് വാര്‍ഡ് ഡ്യൂട്ടിയിലുള്ള എന്റെ പ്രാഥമിക ജോലി. ശസ്ത്രക്രിയ കഴിഞ്ഞവരുടെ കാര്യങ്ങളും ചെങ്ങന്നൂര്‍ ആശുപത്രിയിലെ ഡയാലിസിസിന്റെ ചാര്‍ജും ഇവിടെയാണ്. അതും നോക്കണം.
മേയ് 14 ന് വാര്‍ഡിലെ ഡ്യൂട്ടി സമയത്ത് 4.21 ന് കാഷ്വാലിറ്റിയില്‍ വലിയ ബഹളം കേട്ടു, അതേ സമയത്ത് കാഷ്വാലിറ്റി എംഒയുടെ കോളും വന്നു. ഫുള്‍ പിപിഇ കിറ്റ് ഇടാന്‍ സമയം ഇല്ലാത്തതു കൊണ്ട് സര്‍ജിക്കല്‍ ഗൗണും ഡബിള്‍ ഗ്ലൗവ്‌സും മാസ്‌ക്ക് ഷീല്‍ഡും വച്ച് ഞാന്‍ അവിടെ ചെന്നു. വല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. ഒരു രോഗി കട്ടിലില്‍ കിടക്കുന്നു. ചുറ്റും മൂന്നുനാലു പേരുണ്ട്. കസേരകളും മേശയും മറിച്ച് ഇട്ടിരിക്കുന്നു. രോഗിയുടെ കൂടെയുള്ള ആള്‍ എന്നോടു പറഞ്ഞു, ''നീ ആദ്യം ജീവനുണ്ടോ എന്ന് നോക്കൂ. വേറേ കൂടുതലൊന്നും ചെയ്യാന്‍ നില്‍ക്കണ്ട, ബാക്കി പണി ഞങ്ങള്‍ ചെയ്‌തോളാം.''
അവരുടെ കൂടെ ഉണ്ടായിരുന്ന ആള്‍ ഹരിപ്പാട് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റാണ്, അതൊരു കോവിഡ് ആശുപത്രിയാണ്. ഇവിടെ ഡോക്ടര്‍ ഇല്ലേ എന്നൊക്കെ ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. രോഗിയെ കൊണ്ടു വന്നപ്പോള്‍ത്തന്നെ ഡോക്ടര്‍ അവിടെ ഇല്ല എന്ന രീതിയിലായിരുന്നു അവര്‍ സംസാരിക്കുന്നത്.
എന്നാല്‍ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡോ. രാഹുലിനെ ആക്രമിച്ചത് അമ്മയെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നടപടിയാണെന്ന് അഭിലാഷ് സ്വയം വാദിച്ചു. ജാമ്യം നിഷേധിച്ചാല്‍ ജോലി നഷ്ടപ്പെടുമെന്നും ഇയാള്‍ അഭ്യര്‍ത്ഥിച്ചു. സി.പി.ഒയ്ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്തുടനീളം നടക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണത്തിന് തെറ്റായ മാതൃക കാണിക്കുമെന്ന് ഡോ. രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പൊലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.