മയാമി അപകടം: കണ്ടെത്താനുള്ളത് 159 പേരെ; മരണസംഖ്യ നാലായി ഉയർന്നു

മയാമി അപകടം: കണ്ടെത്താനുള്ളത്  159 പേരെ; മരണസംഖ്യ നാലായി ഉയർന്നു

മയാമി: അമേരിക്കയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഇനിയും കണ്ടെത്താനുള്ളത് 159 പേരെ. ഫ്‌ളോറിഡയിലെ മയാമിക്കു സമീപം വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് വലിയ ശബ്ദത്തോടെ 12 നില കെട്ടിടം ഇടിഞ്ഞുവീണത്. നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കണ്ടെത്താനുള്ള 159 പേര്‍ക്കായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്. 102 പേരെ രക്ഷപ്പെടുത്തി. 10 പേര്‍ക്കു പരുക്കേറ്റു.


മയാമി ബീച്ചിന്റെ ആറു കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന കടലോര പട്ടണമായ സര്‍ഫ്‌സൈഡിലെ 12 നില കെട്ടിടമാണു നിലം പൊത്തിയത്. നിരവധി ആളുകള്‍ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴാനുള്ള കാരണം വ്യക്തമല്ല. 80 യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നു പോലീസ് അറിയിച്ചു. 130 യൂണിറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 55 യൂണിറ്റുകളാണ് തകര്‍ന്നുവീണത്.

പുലര്‍ച്ചെ ഒന്നരയോടെയാണ് വലിയ ശബ്ദത്തോടെ കെട്ടിടം ഒറ്റയടിക്ക് ഭാഗികമായി ഇടിഞ്ഞുവീണത്. രക്ഷപ്പെട്ടവര്‍ അപകടത്തിന്റെ ആഘാതത്തില്‍നിന്നു മുക്തരായിട്ടില്ല. അപകടം നടക്കുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഒപ്പം കിടന്നുറങ്ങിയവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
തകര്‍ന്ന ഫ്‌ളാറ്റില്‍ സ്ഥിരതാമസക്കാര്‍ക്കു പുറമെ വാടകക്കാരും ദിവസവാടകക്കാരും ഉള്‍പ്പെടെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് പോലീസ് പറയുന്നത്. അവധിക്കാലം ആഘോഷിക്കാനായി എത്തിയവരും അപകടത്തില്‍പ്പെട്ടതായി ഉദ്യോഗസ്ഥര്‍ കരുതുന്നു.


കര്‍ന്നുവീണ കെട്ടിടത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതിനു തുല്യമാണ് സിസിടിവി ദൃശ്യങ്ങളെന്നു മയാമി ബീച്ച് പോലീസ് പറഞ്ഞു. കെട്ടിടം ഇടിഞ്ഞുവീണതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. കെട്ടിടത്തിന്റെ ഉള്ളില്‍നിന്ന് ഇപ്പോഴും ആളുകളുടെ കരച്ചില്‍ പുറത്തേക്കുവരുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമേ ഡ്രോണുകള്‍, പരിശീലനം ലഭിച്ച പോലീസ് നായ്ക്കള്‍ എന്നിവ ഉള്‍പ്പെടെയാണ് തെരച്ചില്‍ നടത്തുന്നത്.

കൂടുതൽ വായനയ്ക്ക്:

അമേരിക്കയില്‍ 12 നില കെട്ടിടം ഇടിഞ്ഞുവീണ് വന്‍ അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്കു പരുക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.