ഒന്നരലക്ഷം വര്‍ഷം മുന്‍പു ജീവിച്ചിരുന്ന മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; പരിണാമ ചരിത്രത്തിൽ നിർണായക വഴിത്തിരിവ്

ഒന്നരലക്ഷം വര്‍ഷം മുന്‍പു ജീവിച്ചിരുന്ന മനുഷ്യന്റെ തലയോട്ടി കണ്ടെത്തി;  പരിണാമ ചരിത്രത്തിൽ നിർണായക വഴിത്തിരിവ്

ബെയ്ജിങ്: മനുഷ്യപരിണാമത്തെപ്പറ്റിയുളള ഗവേഷണത്തില്‍ സുപ്രധാന കണ്ടെത്തലുമായി ചൈനീസ് നരവംശ ശാസ്ത്രജ്ഞര്‍.
ചൈനയിലെ ഒരു കിണറ്റില്‍നിന്നു 2018-ല്‍ കണ്ടെത്തിയ വലിയ തലയോട്ടിയുടെ ഉടമ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ള ആദിമ മനുഷ്യവംശത്തിലെ കണ്ണിയാണെന്നാണു പുതിയ കണ്ടെത്തല്‍. ഒന്നരലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ തലയോട്ടിയുടെ ഫോസിലാണ് ശാസ്ത്രജ്ഞര്‍ വീണ്ടെടുത്തത്. നന്നായി പൊതിഞ്ഞു സംരക്ഷിക്കപ്പെട്ട നിലയിലുള്ള തലയോട്ടി വീണ്ടെടുത്തതിനു പിന്നിലും വലിയൊരു കഥയുണ്ട്.

ഡ്രാഗണ്‍മാന്‍ എന്നാണ് ഫോസിലിനു നരവംശ ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ആദിമ മനുഷ്യവംശങ്ങളായ നിയാണ്ടര്‍ത്താല്‍, ഹോമോ ഇറക്ടസ് എന്നിവയെക്കാളും ഇവ ആധുനിക മനുഷ്യനോട് അടുത്തുനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 'ഹോമോ ലോംഗി' എന്നാണ് ഈ പുതിയ വംശത്തിനു നല്‍കിയിരിക്കുന്ന ശാസ്ത്രനാമം.


ഹോമോ ലോംഗി ഡ്രാഗണ്‍ മനുഷ്യന്‍ എങ്ങനെയായിരുന്നു എന്നത് ചിത്രീകരിച്ചപ്പോള്‍

ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലുപ്പമുണ്ട് ഡ്രാഗണ്‍മാന്റെ തലയോട്ടിക്ക്. 23 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വീതിയുമുള്ള തലയോട്ടിയാണിത്. 50 വയസുള്ള പുരുഷന്റേതാണ് തലയോട്ടിയെന്നാണ് നിഗമനം. ഒന്നരലക്ഷം വര്‍ഷം മുന്‍പു കിഴക്കന്‍ ഏഷ്യയില്‍ പാര്‍ത്തിരുന്നതാണ് ഈ തലയോട്ടിയുടെ ഉടമയെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.


കിണറ്റില്‍നിന്നു കിട്ടിയ തലയോട്ടി

തലയോട്ടി വീണ്ടെടുത്തിനു പിന്നിലെ ചരിത്രവും ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു. 1933-ല്‍ ചൈനയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് തലയോട്ടി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ ചൈനയിലെ ഒരു പട്ടണമായ ഹാര്‍ബിനില്‍ സോങ്വ നദിക്കു കുറുകെ പാലം പണിയുന്നതിനിടെയാണ് ഒരു ചൈനീസ് തൊഴിലാളിക്കു തലയോട്ടി കിട്ടിയത്. തലയോട്ടിയുടെ വലിപ്പം കണ്ട് അമ്പരന്ന തൊഴിലാളി ആരും കാണാതെ അതു തന്റെ വീട്ടിലെത്തിച്ചു. തലയോട്ടി ജാപ്പനീസ് സൈന്യത്തിന്റെ കണ്ണില്‍പെടാതെ സൂക്ഷിക്കാനായിരുന്നു അയാളുടെ ശ്രമം. തുടര്‍ന്ന് അതു ഭദ്രമായി പൊതിഞ്ഞ് കിണറ്റിലേക്ക് എറിയുകയായിരുന്നു.

വയോധികനായ തൊഴിലാളി മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ പേരക്കുട്ടിയോട് ഈ രഹസ്യം പറഞ്ഞതിനു പിന്നാലെയാണ് 2018-ല്‍ തലയോട്ടിയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. തുടര്‍ന്നാണ് ഇതു ശാസ്ത്രജ്ഞര്‍ വീണ്ടെടുത്തത്. ബ്ലാക്ക് ഡ്രാഗണ്‍ എന്ന നദിയുടെ പരിസരത്തുനിന്നു കണ്ടെടുത്തതായതിനാലാണു ഫോസിലിനു ഡ്രാഗണ്‍മാനെന്നു പേരുകിട്ടിയത്.

ചൈനയിലെ ഹെബി ജിയോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ക്വിയാങ് ജിയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ അന്താരാഷ്ട്ര സംഘമാണ് തലയോട്ടി പരിശോധിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണിതെന്ന് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫ. ക്രിസ് സ്ട്രിംഗര്‍ പറഞ്ഞു.

ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലിപ്പമുണ്ടെങ്കിലും ഡ്രാഗണ്‍മാന്റെ തലച്ചോറിന് മനുഷ്യന്റേതിനു തുല്യമായ വലിപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തില്‍ ഉണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വലിയ മൂക്ക് കൂടിയ അളവില്‍ വായു ശ്വസിക്കാന്‍ സഹായിച്ചിരുന്നു.

അതേസമയം, ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിലെ കണ്ണിയല്ല ഇവയെന്നും മറിച്ചു വഴിതിരിഞ്ഞു വംശനാശം സംഭവിച്ച വിഭാഗമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമുണ്ട്. ഡ്രാഗണ്‍മാന്‍ ശാസ്ത്രലോകം നേരത്തെ കണ്ടെത്തിയിട്ടുള്ള ഡെനിസോവന്‍ വംശത്തിലുള്‍പ്പെട്ട ആളാണെന്നും വാദമുണ്ട്. കൂടുതല്‍ പരിശോധനകളില്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രജ്ഞര്‍.

ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലുപ്പമുണ്ടെങ്കിലും ഡ്രാഗണ്‍മാന്റെ തലച്ചോറിന് മനുഷ്യന്റേതിനു തുല്യമായ വലുപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തില്‍ ഉള്‍പ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വലിയ തോതില്‍ ഊര്‍ജം ചെലവഴിച്ചിരുന്ന ജീവിതശൈലിയാണ് ഇയാള്‍ പിന്തുടര്‍ന്നതെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. തണുപ്പു കാലത്തെ പ്രതിരോധിക്കാന്‍ ഈ ശരീരപ്രകൃതി സഹായിച്ചുവെന്നു വേണം കരുതാനെന്നു ക്രിസ് സ്ട്രിംഗര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.