യൂറോ കപ്പ്: ഓസ്ട്രിയയെ കീഴടക്കി ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനലില്‍

യൂറോ കപ്പ്: ഓസ്ട്രിയയെ കീഴടക്കി ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടൻ: ഓസ്ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത് ഇറ്റലി 2020 യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിൽ ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനിയുമാണ് ഗോൾ നേടിയത്.
സാസ കാലാസിച്ച് ഓസ്ട്രിയയുടെ ആശ്വാസഗോൾ നേടി. ക്വാർട്ടറിൽ ബെൽജിയം-പോർച്ചുഗൽ മത്സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടുക. ഇതോടെ തുടർച്ചയായി 31-ാം മത്സരത്തിലും തോൽവി വഴങ്ങാതെ ഇറ്റലി കുതിപ്പ് തുടർന്നു.

ആദ്യ മിനിട്ടുകളിൽ ഓസ്ട്രിയ തന്നെയാണ് കളി നിയന്ത്രിച്ചത്. 10-ാം മിനിട്ടിൽ ഇറ്റലിയുടെ സ്പിനാൻസോള ഓസ്ട്രിയൻ ബോക്സിനകത്തേക്ക് കയറി വെടിയുണ്ട പോലൊരു ഷോട്ടുതിർത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. 13-ാം മിനിട്ടിൽ ഇറ്റലിയുടെ ഇൻസീനിയുടെ ഷോട്ട് ഗോൾകീപ്പർ ബാഷ്മാൻ അനായാസം കൈയ്യിലൊതുക്കി. 17-ാം മിനിട്ടിൽ ഇറ്റലിയുടെ ബാരെല്ലയെടുത്ത ഗോളെന്നുറച്ച ഷോട്ട് ബാഷ്മാൻ തട്ടിയകറ്റി അപകടം ഒഴിവാക്കി. തുടക്കത്തിൽ ഓസ്ട്രിയയാണ് കളം നിറഞ്ഞതെങ്കിലും പതിയെ ഇറ്റലി നിയന്ത്രണം ഏറ്റെടുത്തു.

32-ാം മിനിട്ടിൽ സീറോ ഇമ്മൊബിലെയുടെ തകർപ്പൻ ലോങ്റേഞ്ചർ ഓസ്ട്രിയൻ ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. അവിശ്വസനീയമായ ലോങ്റേഞ്ചറാണ് ഇമ്മൊബീലെയുടെ ബൂട്ടിൽ നിന്നും പിറന്നത്. 42-ാം മിനിട്ടിൽ സ്പിനാൻസോളയുടെ ഷോട്ട് ഗോൾകീപ്പർ ബാഷ്മാൻ രക്ഷപ്പെടുത്തി.

64-ാം മിനിട്ടിൽ അർണോടോവിച്ചിന്റെ മികച്ച ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മ കൈയ്യിലൊതുക്കി. 65-ാം മിനിട്ടിൽ അർണോടോവിച്ച് ഇറ്റാലിയൻ ഗോൾവല ഹെഡ്ഡറിലൂടെ ചലിപ്പിച്ചെങ്കിലും പിന്നീട് വാറിന്റെ സഹായത്തോടെ റഫറി ഗോൾ അസാധുവാക്കി. ഗോൾ നേടുമ്പോൾ താരം ഓഫ്സൈഡ് ആയിരുന്നു. എക്സ്ട്രാ ടൈമിൽ 93-ാം മിനിട്ടിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ മികച്ച ഗ്രൗണ്ടർ ബാഷ്മാൻ കൈയ്യിലൊതുക്കി. എന്നാൽ തൊട്ടുപിന്നാലെ നടത്തിയ മുന്നേറ്റത്തിൽ കിയേസ ലക്ഷ്യം കണ്ടു. 95-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്.

104-ാം മിനിട്ടിൽ ഇൻസീനിയുടെ അത്യുഗ്രൻ ഫ്രീകിക്ക് അവിശ്വസനീയമായി ഗോൾകീപ്പർ ബാഷ്മാൻ തട്ടിയകറ്റി. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ ഇറ്റലി രണ്ടാം ഗോൾ സ്വന്തമാക്കി. ഇത്തവണ മാത്തിയോ പെസ്സീനയാണ് അസൂറികൾക്കായി ഗോൾ നേടിയത്. 105-ാം മിനിട്ടിൽ അസെർബിയുടെ പാസ് സ്വീകരിച്ച പെസ്സീന ശക്തിയേറിയ ഷോട്ടിലൂടെ പന്ത് ഓസ്ട്രിയൻ വലയിലാക്കി. ഈ ഗോൾ കൂടി വീണതോടെ ഇറ്റലി വിജയമുറപ്പിച്ചു.

106-ാം മിനിട്ടിൽ ഓസ്ട്രിയയുടെ ഗ്രിഗോറിറ്റ്ഷിന്റെ ഉഗ്രൻ ഷോട്ട് ഡൊണറുമ്മ കൈയ്യിലൊതുക്കി. എന്നാൽ 114-ാം മിനിട്ടിൽ മികച്ച ഒരു പറക്കും ഹെഡ്ഡറിലൂടെ സാസ സാസ കാലാസിച്ച് ഓസ്ട്രിയയ്ക്ക് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. ഷൗബ് എടുത്ത കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. തുടർച്ചയായി 11 മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വന്ന ഇറ്റലിയുടെ വലയിൽ ഒടുവിൽ ഒരു ഗോൾ വീണു. 2020 യൂറോയിൽ അധിക സമയത്തേക്ക് നീണ്ട ആദ്യ മത്സരമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.