സിഡ്‌നി: കരയിലെ ഖനനം പരിസ്ഥിതിക്കു വലിയ വെല്ലുവിളിയാകുന്നുവെന്ന മുറവിളി ഉയരുമ്പോള്‍ ആഴക്കടലിലെ ധാതു സമ്പത്ത് ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണ് ലോകരാജ്യങ്ങള്‍. സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള പര്യവേഷണവും ഖനനവും ഇപ്പോഴും മനുഷ്യന് അപ്രാപ്യമായ ഒന്നാണ്. അജ്ഞാതമായ നിരവധി വിസ്മയങ്ങളാണ് അവിടെ ഒളിഞ്ഞിരിക്കുന്നത്. ഏറെ വെല്ലുവിളി നേരിടുമ്പോഴും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പസഫിക് മേഖലയില്‍ ആഴക്കടല്‍ ഖനനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ലോക രാജ്യങ്ങള്‍.
സമുദ്രത്തിന്റെ ഉപരിതലത്തില്‍നിന്ന് ആയിരക്കണക്കിന് മീറ്റര്‍ താഴേക്കു സഞ്ചരിക്കുമ്പോള്‍ കറുത്തതും ശാന്തവുമായ അടിത്തട്ടിലെത്തും. ഭൂമിയുടെ ഉപരിതലത്തിലെ ഭൂപ്രകൃതികൃതിയേക്കാള്‍ വൈവിധ്യപൂര്‍ണ്ണമാണ് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ജൈവ ധാതു സമ്പത്ത്.
സമുദ്രത്തിനടിയിലെ കാര്യങ്ങളെക്കുറിച്ച് വളരെ പരിമിതമായ അറിവാണ് ഇപ്പോഴും മനുഷ്യനുള്ളത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ധാതുലവണങ്ങള്‍ നിറഞ്ഞ ഉഷ്ണജലം പുറത്തേക്കു വരുന്ന ജലവൈദ്യുത ദ്വാരങ്ങള്‍ (ഹൈഡ്രോ തെര്‍മല്‍ വെന്റ്) കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് വിവിധയിനം ജീവജാലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ് യതി ഞണ്ടുകള്‍.
കടലിന്റെ അടിത്തട്ടിലുള്ള യതി ക്രാബ്
നീളന്‍ കാലുകളില്‍ നിറയെ രോമങ്ങളുള്ള, മഞ്ഞുപോലുള്ള വെളുത്ത യതി ഞണ്ടുകളെ ആദ്യമായി കണ്ടെത്തിയത് 2005-ല്‍ തെക്കന്‍ ശാന്തസമുദ്രത്തിലാണ്. 15 സെന്റീമീറ്ററോളം നീളമുള്ള ഇവയുടെ കാലുകളിലും ഇറുക്കാനുപയോഗിക്കുന്ന ഭാഗത്തും നിറയെ പട്ടുപോലെ മിനുസമുള്ള രോമങ്ങളുണ്ട്.
കറുത്ത നിറവും നീണ്ട ചുണ്ടുമുള്ള ബീക്ക്ഡ് തിമിംഗലങ്ങള്‍, 400 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ഗ്രീന്‍ലാന്‍ഡ് സ്രാവ്, ചത്ത തിമിംഗലങ്ങളുടെ അസ്ഥികളില്‍ താമസിക്കുന്ന ഓസിഡാക്‌സ് വിര എന്നിവയൊക്കെ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയ ജീവിവര്‍ഗങ്ങളാണ്. ഇതുകൂടാതെ കൂരിരുട്ട് നിറഞ്ഞ അടിത്തട്ടില്‍ പല നിറങ്ങളോടുകൂടിയ പ്രകാശം ഉല്‍പാദിപ്പിക്കുന്ന ജീവികളുമുണ്ട്. സൂര്യപ്രകാശമില്ലെങ്കിലും ഹൈഡ്രോ തെര്‍മല്‍ വെന്റ് പുറന്തള്ളുന്ന ചൂടും ധാതുക്കളുമാണ് ഈ ജീവികളെ സമുദ്രത്തിന്റെ അടിത്തട്ടില്‍ അതിജീവിക്കാന്‍ സഹായിക്കുന്നത്.
400 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ഗ്രീന്‍ലാന്‍ഡ് സ്രാവ്
ജൈവ വൈവിധ്യങ്ങള്‍ക്കൊപ്പം വിലപിടിപ്പുള്ള ധാതുക്കളുടെയും എണ്ണയുടെയും പ്രകൃതി വാതകങ്ങളുടെയും കലവറയാണ് കടലിന്റെ അടിത്തട്ട്. മാംഗനീസ്, ചെമ്പ്, നിക്കല്‍, തോറിയം, കോബാള്‍ട്ട്, എണ്ണ പ്രകൃതി വാതകങ്ങള്‍, മീഥേന്‍, ഗ്യാസ് ഹൈഡ്രേറ്റ്‌സ്, മഗ്‌നീഷ്യം, ബ്രോമിന്‍, കാത്സ്യം, സള്‍ഫര്‍, പൊട്ടാസ്യം, യുറേനിയം എന്നിവയെല്ലാം കടലിലുണ്ട്.
എന്നാല്‍ ആഴത്തിലേക്കു ചെല്ലുംതോറും കടലിലെ സമ്മര്‍ദം (പ്രഷര്‍) ഉയരുമെന്നതിനാല്‍ ഖനനം ഏറെ അപകടകരവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതും ചെലവേറിയതുമാണ്. എങ്കില്‍ പോലും, കടലാഴങ്ങളിലെ ഖനനത്തിനുള്ള പുതിയ സാധ്യതകള്‍ തേടി രാജ്യങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സമുദ്രത്തിനടിയില്‍ വന്‍തോതിലുള്ള ധാതുശേഖരം കണ്ടെത്താനും സംസ്‌കരിക്കാനുമുള്ള സാങ്കേതിക വിദ്യകള്‍ ഇനിയും വികസിക്കേണ്ടതുണ്ട്.
ചത്ത തിമിംഗലങ്ങളുടെ അസ്ഥികള്‍ തിന്ന് ജീവിക്കുന്ന ഓസിഡാക്‌സ് വിര
കരഭൂമിയേക്കാള്‍ കൂടുതല്‍ അമൂല്യമായ വിഭവങ്ങള്‍ സമുദ്ര മേഖലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ സമുദ്രങ്ങളുടെ അധികാര-അവകാശങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളായി വരെ മാറിയിട്ടുണ്ട്. 1982 മുതല്‍ ആഴക്കടലിലെ മനുഷ്യ ഇടപെടലുകള്‍ നിയന്ത്രിക്കുന്ന, ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റി (ഐ.എസ്.എ) ധാതു പര്യവേക്ഷണത്തിനായി 30 കരാറുകളാണ് പുറപ്പെടുവിച്ചത്. പസഫിക് സമുദ്രത്തില്‍ 1.4 മില്യണ്‍ ചതുരശ്ര കിലോമീറ്റില്‍ ഖനനത്തിനുള്ള കരാറുകള്‍ക്കാണ് അനുമതി നല്‍കിയത്. പ്രത്യേകിച്ചും ക്ലാരിയന്‍-ക്ലിപ്പര്‍ട്ടണ്‍ ഫ്രാക്ചര്‍ സോണില്‍. 4.5 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ (1.7 ദശലക്ഷം ചതുരശ്ര മൈല്‍) വ്യാപിച്ചു കിടക്കുന്ന മേഖലയാണ് ക്ലാരിയന്‍-ക്ലിപ്പര്‍ട്ടണ്‍ സോണ്‍ (സി.സി.ഇസെഡ്).
കടലിലെ പോളിമെറ്റാലിക് നോഡ്യൂള്‍സ് ശേഖരം
ചെളി പുതഞ്ഞ ഈ പ്രതലത്തിലെ ട്രില്യണ്‍ കണക്കിനു പോളിമെറ്റാലിക് നോഡ്യൂള്‍സ് ശേഖരത്തില്‍ നിക്കല്‍, മാംഗനീസ്, ചെമ്പ്, കോബാള്‍ട്ട്, മറ്റ് ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കടലിലെ വലിയ തോതിലുള്ള പോളിമെറ്റാലിക് നോഡ്യൂള്‍സ് ശേഖരത്തിലാണ് എല്ലാവരുടെയും കണ്ണ്. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് ആവശ്യമായ ധാതുക്കള്‍ ഈ നോഡ്യൂളുകളില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതി സൗഹൃദമെന്ന ആശയത്തിലേക്കു ലോകം മാറുമ്പോള്‍ പോളിമെറ്റാലിക് നോഡ്യൂളുകള്‍ക്ക് ഭാവിയില്‍ വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നു കമ്പനികള്‍ മുന്‍കൂട്ടി കാണുന്നു.
പാരിസ്ഥിതികവും സാമൂഹികവുമായ നാശനഷ്ടമുണ്ടാക്കുന്ന ഭൂഗര്‍ഭ ഖനനത്തിന് ബദലായി ആഴക്കടല്‍ ഖനനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഹരിത ഇന്ധനത്തിലേക്ക് അടക്കം ലോകം മാറുമ്പോള്‍ ആഴക്കടലിലെ ധാതുക്കളുടെ ഖനനം നിര്‍ണായകമാണെന്നു വാദിക്കുന്നവരുണ്ട്.
ക്ലാരിയന്‍-ക്ലിപ്പര്‍ട്ടണ്‍ ഫ്രാക്ചര്‍ മേഖലയില്‍ ഖനനത്തിനായി എത്തുന്ന കപ്പലുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു നീളുന്ന പൈപ്പുകളിലൂടെ നോഡ്യൂളുകള്‍ വലിച്ചെടുക്കാനാണ് ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റി നിര്‍ദേശം. കപ്പലില്‍ ഈ നോഡ്യൂളുകള്‍ പ്രോസസ് ചെയ്യും. അധിക അവശിഷ്ടങ്ങള്‍ കടലിലേക്ക് തിരികെ പമ്പ് ചെയ്യും.
അതേസമയം സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഖനനം സമുദ്ര ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കകളും ഉയരുന്നുണ്ട്. 1978-ല്‍ സി.സി.ഇസെഡ് മേഖലയില്‍ നോഡ്യൂളുകള്‍ വേര്‍തിരിച്ചെടുക്കുന്ന ഒരു പരീക്ഷണം നടത്തിയിരുന്നു. അന്നത്തെ പരീക്ഷണത്തിനുശേഷം 2004 ല്‍ ഈ പ്രദേശം വീണ്ടും സന്ദര്‍ശിച്ചു. 26 വര്‍ഷം മുമ്പ് ഖനനയന്ത്രങ്ങള്‍ വരുത്തിയ പാടുകള്‍ അപ്പോഴും കടലിന്റെ അടിത്തട്ടില്‍ മായാതെ കിടപ്പുണ്ടായിരുന്നുവെന്നു ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ജീവികളുടെ വൈവിധ്യവും കുറഞ്ഞതായി കണ്ടെത്തി. ഖനനം ചെയ്യുന്ന പ്രദേശങ്ങള്‍ വേഗത്തില്‍ നശിക്കുമെന്നു സമുദ്ര ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. കടലിന്റെ അടിത്തട്ടിലുള്ള ജീവികള്‍ ധാതുക്കളെ ആശ്രയിച്ചാണു കഴിയുന്നത്. ഖനന യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണവും ഉയര്‍ന്ന താപനിലയും ജീവിവര്‍ഗങ്ങളുടെ സ്വാഭാവിക സവിശേഷതകളെ ഇല്ലാതാക്കിയേക്കാം.
കടല്‍ ഖനനത്തിന് ഉപയോഗിച്ചിട്ടുള്ള യന്ത്രങ്ങള്‍
സമുദ്രത്തിന്റെ ഉപരിതലത്തില്‍നിന്നു 4,000 മീറ്ററോളം (13,000 അടി) താഴേക്ക് സഞ്ചരിക്കുമ്പോള്‍ മൈലുകള്‍ നീളുന്ന സമതലങ്ങള്‍, ഭൂമിയിലെ ഏറ്റവും വലിയ പര്‍വതങ്ങളെ വരെ വിഴുങ്ങാന്‍ ശേഷിയുള്ള തോടുകള്‍, അഗാധ ഗര്‍ത്തങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, 400 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള ഉഷ്ണജല പ്രവാഹങ്ങള്‍ എന്നിങ്ങനെ അനാവരണം ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായ നിരവധി അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
സമുദ്രത്തിന്റെ തൊണ്ണൂറു ശതമാനവും ഭൂമിയുടെ ഉപരിതലത്തിന്റെ 50 ശതമാനവും ആഴക്കടലായാണു കണക്കാക്കുന്നത് (200 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള പ്രദേശങ്ങള്‍). ആഴക്കടലിന്റെ 0.0001% മാത്രമാണ് ഇതുവരെ പര്യവേഷണം ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.