കോവിഡ് മരണം: സംസ്ഥാനത്തെ മരണക്കണക്കില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും

കോവിഡ് മരണം: സംസ്ഥാനത്തെ മരണക്കണക്കില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും

ന്യുഡല്‍ഹി: കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നടത്തേണ്ടി വരിക വന്‍ പൊളിച്ചെഴുത്തെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാകുന്നതോടെയാണ് കേരളത്തിലെ കണക്കില്‍ പൊളിച്ചെഴുത്ത് അനിവാര്യമാകുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രമാര്‍ഗ നിര്‍ദേശത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനം. നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും വേറെ.

നിലവില്‍ കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ട്. ഇതിനിടയിലാണ് കോവിഡ് അനബന്ധ മരണം പോലും കോവിഡ് മരണമായി പരിഗണിക്കണമെന്ന നിര്‍ദേശം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ കേരളം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ രീതി പൊളിച്ചെഴുതേണ്ടി വരും.

വലിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് കോവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്ന് ജില്ലാതലത്തിലേക്ക് മാറ്റിയത്. നിലവില്‍ ജില്ലാ തല കമ്മിറ്റിയാണ് കോവിഡ് മരണം തീരുമാനിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. മരണസര്‍ട്ടിഫിക്കറ്റില്‍ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു.
നഷ്ടപരിഹാരം നല്‍കുന്ന ഘട്ടമെത്തിയാല്‍ ഇത് തര്‍ക്കങ്ങള്‍ക്കിടയാക്കും. നിയമക്കുരുക്കിലേക്കും പോകും. നിര്‍ണായക രേഖയായതിനാല്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുന്നത് തുടരാനാവില്ല. പുതിയ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷം ആലോചന തുടങ്ങും. കോവിഡ് അനുബന്ധ മരണം പോലും കോവിഡ് മരണമായി രേഖപ്പെടുത്താനുള്ള സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതില്‍ സംസഥാനത്തിന് ആശങ്കയുണ്ട്.

വിഷയം സംസ്ഥാനത്തിന്റെ പരിധിലായത് കൊണ്ട് നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. നേരത്തെ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടവര്‍ നിയമനടപടി സ്വീകരിക്കുമോ എന്നതും ആശങ്കയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.