കോവാവാക്‌സിൻ കുട്ടികളില്‍ പരീക്ഷിക്കാൻ നീക്കം; അനുമതി നല്‍കരുതെന്ന് വിദഗ്ധ സമിതി

കോവാവാക്‌സിൻ കുട്ടികളില്‍ പരീക്ഷിക്കാൻ നീക്കം; അനുമതി നല്‍കരുതെന്ന് വിദഗ്ധ സമിതി

ന്യൂഡൽഹി: അമേരിക്കന്‍ കമ്പനിയായ നോവാവാക്‌സിന്റെ കോവിഡ് വാക്‌സിന്‍ കോവാവാക്‌സ് ഇന്ത്യയില്‍ കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കരുതെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി പാനലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്.

രണ്ടു മുതല്‍ 17 വരെയുള്ള കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി തേടിയാണ്, ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്. രാജ്യത്തെ 10 നഗരങ്ങളിലായി രണ്ട് മുതല്‍ 11 വരെയും 12 മുതല്‍ 17 വരെയും പ്രായമുള്ള കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 920 കുട്ടികളില്‍ പരീക്ഷണം നടത്താനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടത്. ജൂലൈയില്‍ കുട്ടികളില്‍ പരീക്ഷണം ആരംഭിക്കാനായിരുന്നു പദ്ധതി.

എന്നാൽ മുതിര്‍ന്നവരിലെ പരീക്ഷണം ആദ്യം പൂര്‍ത്തിയാക്കാന്‍ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ നിര്‍ദേശം നല്‍കി. കോവാവാക്‌സിന് ഒരു രാജ്യവും അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുട്ടികളിലെ പരീക്ഷണത്തിന് മുൻപായി മുതിര്‍ന്നവരിലെ ക്ലിനിക്കല്‍ പരീക്ഷണത്തിലെ ഫലങ്ങള്‍, വാക്‌സിന്റെ സുരക്ഷ, പ്രതിരോധശേഷി എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു.

അമേരിക്കന്‍ കമ്പനിയായ നോവാവാക്‌സ് നിര്‍മ്മിക്കുന്ന കോവാവാക്‌സ് വാക്‌സിന്‍ സെപ്റ്റംബറില്‍ ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്നാണ് സിറ്റം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്. രാജ്യത്ത് കോവിഷീല്‍ഡിനേക്കാള്‍ കൂടുതല്‍ വില കോവാവാക്‌സ് വാക്‌സിന് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില്ലയും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.