ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരണ്‍ ഭവന്റെ നടുമുറ്റത്ത് പക്ഷികള്‍ കൂട്ടത്തോടെ കാഷ്ഠിക്കുന്നതാണ് ആ പ്രതിസന്ധി. ഇതിന് പരിഹാരം കാണുന്നതിനായി മികച്ച ആശയങ്ങള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയിരിക്കുകയാണ് മന്ത്രാലയം. പക്ഷിക്കാഷ്ഠമിട്ട് വൃത്തിക്കേടാക്കുന്നത് ഒഴിവാക്കാന്‍ നല്ല ആശയങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഒരു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
''സാങ്കേതിക പരിജ്ഞാനവും മുന്‍കാല പരിചയവുമുള്ള സംഘടനകള്‍ / സ്ഥാപനങ്ങള്‍ / കമ്പനികള്‍ / വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പരിസ്ഥിതി സൗഹൃദവും പ്രായോഗികവും ചെലവ് കുറഞ്ഞതും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യാം,'' - വെബ്‌സൈറ്റില്‍ പ്രസിദ്ധകരിച്ച പരസ്യത്തില്‍ മന്ത്രാലയം പറയുന്നു. നടുമുറ്റത്തിന് ഘടനാപരമായ മാറ്റങ്ങള്‍ വരുത്താതെയുള്ള നിര്‍ദേശങ്ങളായിരിക്കണം സമര്‍പ്പിക്കേണ്ടത്.
പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ഒരു സമിതി മൂന്ന് മികച്ച പരിഹാര നിര്‍ദേശങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. താത്പര്യമുള്ളവര്‍ക്ക് ഈ നടുമുറ്റത്തെ കുറിച്ച് മനസിലാക്കാന്‍ ജൂലൈ 16 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 നും വൈകുന്നേരം 4 നും ഇടയില്‍ ന്യൂഡല്‍ഹിയിലെ ജോര്‍ ബാഗിലെ ഇന്ദിര പര്യാവരണ്‍ ഭവന്‍ സന്ദര്‍ശിക്കാം. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 23 ആണ്.
''യാതൊരു ഉത്തരവാദിത്തവുമില്ലാതെ ആവാസ വ്യവസ്ഥ ഒരുക്കിയതും തീറ്റ നല്‍കലുമൊക്കെയാണ് ഈ പ്രശ്‌നത്തിലേക്ക് നയിച്ചത്. നമ്മുടെ കെട്ടിടങ്ങള്‍ പ്രാവുകള്‍ക്ക് കൂടുണ്ടാക്കാന്‍ മികച്ച ഇടങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇവയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന യാതൊന്നും ഇല്ലാത്തത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഉറവിടത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു. പൊതുസ്ഥലങ്ങളില്‍ നേരിട്ട് അവരുടെ സംരക്ഷണയിലല്ലാത്ത മൃഗങ്ങളെ പോറ്റാന്‍ ആളുകളെ അനുവദിക്കരുത്. നിയമപ്രകാരം വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാണ്, '-അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിലെ സീനിയര്‍ ഫെലോ അബി തമീം വനക് പറഞ്ഞു. ലോകമെമ്പാടുമുള്ള പല നഗരങ്ങളും ഈ പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ പാരിസ്ഥിതികമായി ബോധവാന്മാരാണ്. പൊതുസ്ഥലങ്ങളില്‍ തീറ്റ നല്‍കുന്നവര്‍ക്ക് കര്‍ശനമായ പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് വനക് കൂട്ടിച്ചേര്‍ത്തു.
ഫോട്ടോഗ്രാഫറും എഴുത്തുകാരനും പക്ഷിനിരീക്ഷകനുമായ നിഖില്‍ ദേവാസര്‍ പറയുന്നത് ഇങ്ങനെ- ''നിരവധി അപ്പാര്‍ട്ട്‌മെന്റ് ബാല്‍ക്കണി, കെട്ടിട സമുച്ചയങ്ങളുടെ പൊതു മേഖലകള്‍ നിങ്ങള്‍ കാണും. പക്ഷി കാഷ്ഠത്തിന്റെ, പ്രത്യേകിച്ച് പ്രാവിന്‍ കാഷ്ഠത്താല്‍ അവയെല്ലാം ബാധിക്കപ്പെടുന്നു. പ്രാവുകള്‍ക്ക് എവിടെയും കൂടുണ്ടാക്കാമെന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. എവിടെയും അവക്ക് കൂടുണ്ടാക്കി കഴിയാനാകുമെന്നതാണ് പ്രത്യേകത''. മറ്റ് പക്ഷികള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും ദേവാസര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.