പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യുഡല്‍ഹി: പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ജൂണ്‍ 26 നാണ് സംഭവം. ഹൈക്കമ്മീഷന്റെ റെസിഡന്‍ഷ്യല്‍ മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നും, ഹൈക്കമ്മീഷന്റെ ഓഫീസിലാണ് കണ്ടെത്തിയതെന്നും രണ്ട് തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.  സുരക്ഷാ ലംഘനമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ നയതന്ത്ര കത്തിടപാടു വഴി ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച കാശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.


കൂടാതെ അതിര്‍ത്തിയിലെ സുരക്ഷാ സേന വെള്ളിയാഴ്ച പുലര്‍ച്ചെ ജമ്മുവിലെ അര്‍നിയ സെക്ടറില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഒരു ക്വാഡ്കോപ്റ്റര്‍ കണ്ടെത്തി. അതിര്‍ത്തി ഔട്ട്പോസ്റ്റായ ജബോവലിന് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലര്‍ച്ചെ നാലുമണിയോടെ കണ്ട സ്‌പൈ ക്വാഡ്‌കോപ്റ്റര്‍ പ്രദേശത്തിന്റെ നിരീക്ഷണത്തിനായി ശ്രമിക്കുകയും അതിര്‍ത്തി സേന അര ഡസന്‍ റൗണ്ട് വെടിവയ്ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ക്വാഡ്കോപ്റ്റര്‍ പിന്‍വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.