ക്യാബിനറ്റ് പദവിക്കായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല; രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ് മാഗ്‌നറ്റ് ഇനി കേന്ദ്ര സഹമന്ത്രി

ക്യാബിനറ്റ് പദവിക്കായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല; രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ് മാഗ്‌നറ്റ് ഇനി കേന്ദ്ര സഹമന്ത്രി

ബെംഗളൂരു: കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിക്കായി ഏറെ നാള്‍ കാത്തിരുന്ന മലയാളി ബിസിനസ് മാഗ്‌നറ്റും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിന് പക്ഷേ, ക്യാബിനറ്റ് റാങ്ക് ലഭിച്ചില്ല. ഒന്നാം മോഡി മന്ത്രിസഭാ പുനസംഘടയില്‍ ക്യാബനറ്റ് പദവിക്കായി അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വഴി രാജീവ് ചന്ദ്രശേഖര്‍ നീക്കം നടത്തിയിരുന്നു. അന്നത് അത് നടന്നില്ല.

തനിക്ക് സഹ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്നും ക്യാബിനറ്റ് പദവിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അന്ന് പ്രതികരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ഇത്രനാളും കാത്തിരുന്നിട്ടും അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചില്ല. ഐ.ടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി ആയാണ് അദേഹം കേന്ദ്ര മന്ത്രിസഭയിലെത്തിയത്.

രാഷ്ട്രീയത്തിലിറങ്ങും മുമ്പേ ബിസിനസില്‍ വിജയിച്ച ആളാണ് രാജീവ് ചന്ദ്രശേഖര്‍. സംരംഭങ്ങള്‍ തുടങ്ങുകയും വാങ്ങുകയും വന്‍ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്ന, വിജയിച്ച ബിസിനസുകാരന്‍ എന്ന പേര് പണ്ട് തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ബ്രാന്‍ഡ് ആയ ബിപിഎല്ലുമായി അടുത്ത ബന്ധമാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാരുടെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അതിന് പിറകെ ആയിരുന്നു ബിപിഎല്‍ മൊബൈല്‍ കമ്പനി തുടങ്ങുന്നത്.

ഈ മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഭാര്യാ പിതാവുമായി വര്‍ഷങ്ങളോളം കേസ് നടത്തേണ്ടിയും വന്നിട്ടുണ്ട് രാജീവ് ചന്ദ്രശേഖറിന്. ബിപിഎല്‍ മൊബൈല്‍ കമ്പനി എസ്സാര്‍ ഗ്രൂപ്പിന് വിറ്റുകൊണ്ടായിരുന്നു രാജീവ് ചന്ദശേഖറിന്റെ വന്‍ കുതിപ്പുകള്‍ തുടങ്ങിയത്. 1.1 ബില്യണ്‍ ഡോളറിന് ആയിരുന്നു ആ ഇടപാട് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

തന്റെ അനുവാദം കുടാതെ ബിപിഎല്‍ മൊബാല്‍ കമ്പനി വില്‍ക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഭാര്യാ പിതാവും ബിപിഎല്‍ സ്ഥാപകനും ആയ ടിപിജി നമ്പ്യാര്‍ കമ്പനി ലോ ബോര്‍ഡിന് മുന്നിയത്. പക്ഷേ, കമ്പനി വിറ്റു.

ബിപിഎല്‍ വിറ്റതുവഴി കിട്ടിയ വന്‍ ലാഭം ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ പിന്നീട് തുടങ്ങിയ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ക്യാപിറ്റല്‍. ഇന്ന് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ പടര്‍ന്നുപന്തലിച്ചു കിടക്കുകയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന വാര്‍ത്താ ചാനലുകളും ഒരു ദിനപത്രവും അടക്കം ജൂപ്പിറ്ററിന്റെ കീഴിലാണുള്ളത്.

രാജ്യത്തെ തന്നെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ആയ ഏഷ്യാനെറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിയതും രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് നിര്‍ണായകമായ ഒന്നായിരുന്നു. 2006 ല്‍ ആയിരുന്നു ഇത്. 120 മുതല്‍ 150 വരെ കോടിയുടെ ഇടപാടായിരുന്നു ഇത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് 2008 ല്‍ വിനോദ ചാനലുകള്‍ മുഴുവന്‍ സ്റ്റാറിന് വില്‍ക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഇതിലും വന്‍ ലാഭമാണ് അദേഹം ഉണ്ചാക്കിയത്.

വാഹനങ്ങളോട് വലിയ ഭ്രമമുള്ള ആളാണ് രാജീവ് ചന്ദ്രശേഖര്‍. സ്വന്തമായി ഫെരാരിയും ലംബോര്‍ഗിനിയും അടക്കം ഒരുപാട് ആഡംബര വാഹനങ്ങള്‍ ഉണ്ട്. രാജീവ് ചന്ദ്രശേഖറിന് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റും ഉണ്ട്. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണിത്. എയര്‍ഫോഴ്സില്‍ എയര്‍ കമ്മഡോര്‍ ആയിരുന്ന എം.കെ ചന്ദ്രശേഖറിന്റെ മകന് പണ്ടേ വിമാനങ്ങളോട് വലിയ കമ്പമായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.