അമേരിക്കയെ കടത്തിവെട്ടി ബഹിരാകാശത്ത് ആദ്യം 'ആക്ഷന്‍... കട്ട്' പറയാനൊരുങ്ങി റഷ്യ

അമേരിക്കയെ കടത്തിവെട്ടി ബഹിരാകാശത്ത് ആദ്യം 'ആക്ഷന്‍... കട്ട്' പറയാനൊരുങ്ങി റഷ്യ

മോസ്‌കോ: ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് റഷ്യ. റഷ്യയിലെ മികച്ച നടിമാരില്‍ ഒരാളായ യൂലിയ പെരെസില്‍ഡിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വരുന്ന ഒക്ടോബര്‍ അഞ്ചിന് യൂലിയയേയും വഹിച്ച് റഷ്യന്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കും. സിനിമയുടെ സംവിധായകന്‍ ക്ലിം ഷിപ്പെന്‍കോയും യാത്രയില്‍ പങ്കാളിയാണ്. കസഖിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ബൈക്കനൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് സിനിമാ പ്രവര്‍ത്തകരെയും വഹിച്ചുള്ള സോയൂസ് പേടകത്തിന്റെ വിക്ഷേപണം.

' ദ കോള്‍ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പദ്ധതികള്‍ 2020 സെപ്റ്റംബറില്‍ തന്നെ റഷ്യ തയാറാക്കിയിരുന്നു. എന്നാല്‍ സൂഷ്മവും രഹസ്യവുമായിരുന്നു എല്ലാ നീക്കങ്ങളും. ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഡോക്ടറുടെ വേഷമാണ് 36കാരിയായ യൂലിയ ചെയ്യുന്നതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ളവരുടെ പങ്കാളിത്തമുള്ള സിനിമ ബിഗ് ബഡ്ജറ്റ് ആണെങ്കിലും ചെലവ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

റഷ്യയിലെ റോസ്‌കോസ്‌മോസ് സ്‌പേസ് ഏജന്‍സിയുടെ തലവനായ ദിമിത്രി റൊഗോസിനും ചിത്രത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മോസ്‌കോയ്ക്ക് സമീപമുള്ള യൂറി ഗഗാറിന്‍ കോസ്‌മോനട്ട് ട്രെയിംനിംഗ് സെന്ററില്‍ കടുത്ത പരിശീലനത്തിലാണ് യൂലിയ ഇപ്പോള്‍. സംവിധായകന്‍ മുതല്‍ ക്യാമറമാന്‍ വരെയുള്ള ക്രൂ അംഗങ്ങള്‍ക്കും പരിശീലനമുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഒക്ടോബര്‍ 17ന് ഭൂമിയിലേക്ക് തിരിച്ചെത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹോളിവുഡ് ആക്ഷന്‍ സൂപ്പര്‍താരം ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങുന്ന വിവരം കഴിഞ്ഞ വര്‍ഷം മേയില്‍ നാസ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ചാണ് ഡഗ് ലിമാന്‍ സംവിധാനം ചെയ്യുന്ന ടോം ക്രൂസിന്റെ സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും നാസ വ്യക്തമാക്കിയിരുന്നു.

ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് ചിത്രീകരണം നടക്കാന്‍ പോകുന്ന സിനിമയ്ക്ക് വേണ്ടി ഭൂമിയില്‍ നിന്നും 250 മൈല്‍ അകലെയുള്ള ബഹിരാകാശ നിലയത്തില്‍ ടോം ക്രൂസ് തങ്ങുമെന്നും നാസ അന്ന് അറിയിച്ചിരുന്നു.

ഭൂമിയ്ക്ക് പുറത്ത് അഭിനയിക്കുന്ന ആദ്യ അഭിനേതാവ് എന്ന ചരിത്രനേട്ടത്തിന്റെ വക്കിലായിരുന്നു ടോം ക്രൂസ്. ബഹിരാകാശത്ത് തങ്ങുന്നതിനാവശ്യമായ രണ്ട് വര്‍ഷത്തോളം നീണ്ട പരിശീലനം ടോം ക്രൂസിന് നല്‍കുമെന്നും ഇതിന് ശേഷമാകും ചിത്രീകരണം നടക്കുക എന്നുമായിരുന്നു ആദ്യം ലഭ്യമായ വിവരം.

അതേ സമയം, ചിത്രീകരണം എന്ന് തുടങ്ങുമെന്നോ ടോം ക്രൂസിന്റെ യാത്ര എങ്ങനെയായിരിക്കമെന്നോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നതാകും ചിത്രമെന്ന് സൂചന നല്‍കിയിരുന്നു.

എന്നാല്‍ നാസയുടെ പ്രഖ്യാപനം 'വെറും പ്രഖ്യാപനം' മാത്രമായി ഒതുങ്ങുമ്പോള്‍ അമേരിക്കന്‍ സ്വപ്‌നങ്ങളെ കടത്തിവെട്ടി ബഹിരാകാശത്ത് 'ആക്ഷന്‍, കട്ട്' പറയാനൊരുങ്ങുകയാണ് റഷ്യന്‍ സിനിമാ സംഘം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.