അഡിസ് അബാബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തെക്കന്‍ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എത്യോപ്യയില്‍ ആദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്.
വൈറല്‍ ഹെമറേജിക് പനി പോലുള്ള രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം റുവാണ്ടയിലും മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
എബോളക്ക് സമാനമാണ് മാര്‍ബഗ് വൈറസും. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീര ദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കള്‍ ഉള്ള പ്രതലങ്ങളിലൂടെയും പകരാന്‍ സാധ്യതയുണ്ട്. 88 ശതമാനം മരണ നിരക്കുള്ള വൈറസ് ബാധയ്ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്സിനുകളോ ഇല്ല. കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചര്‍ദി, രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകും.
അതേസമയം രോഗബാധ ഉണ്ടായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും പരിശോധനകള്‍ നടത്താനും പ്രദേശത്ത് ടീമുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്നും ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
അയല്‍ രാജ്യങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതോടെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയില്‍ നിയോഗിച്ചു. രോഗ പ്രതിരോധ നടപടികളില്‍ എത്യോപ്യ വേഗത്തില്‍ ഇടപെടല്‍ നടത്തുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗബാധ ആശങ്കയുളവാക്കുന്നതാണെന്ന് ആഫ്രിക്കന്‍ സിഡിസി ഡയറക്ടര്‍ ജനറല്‍ ഡോ. ജോണ്‍ എന്‍കെന്‍ഗാസോങ് പറഞ്ഞു. കാരണം തെക്കന്‍ സുഡാന്‍ അതിര്‍ത്തിക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ തെക്കന്‍ സുഡാനില്‍ ദുര്‍ബലമായ ആരോഗ്യ സംവിധാനമാണ് ഉള്ളത്.
അതേസമയം മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളൊന്നും മാര്‍ബര്‍ഗ് രോഗബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.