വാഷിങ്ടണ്‍: വിലക്കയറ്റത്തില്‍ ജനരോഷം ഉയരുന്നതും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും പിന്നാലെ താരിഫ് കടുംപിടിത്തത്തില്‍ വിട്ടുവീഴ്ചയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അവോക്കാഡോ, തക്കാളി, തേങ്ങ, മാമ്പഴം, കാപ്പി, വാഴപ്പഴം, ബീഫ് എന്നിവയുള്‍പ്പെടെ വിവിധ ഭക്ഷ്യോല്‍പന്നങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.
താരിഫ് കടുംപിടിത്തെ തുടര്‍ന്ന് വര്‍ധിച്ച ജീവിത ചെലവ് സംബന്ധിച്ച ആശങ്കകളെ ട്രംപ് മുന്‍പ് നിസാരവല്‍ക്കരിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ചത്തെ ന്യൂയോര്‍ക്ക് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി പുനരാലോചനകള്‍ക്ക് ഇടയാക്കി.
മതിയായ അളവില്‍ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത ചരക്കുകള്‍ക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഭരണകൂടം പുറത്തിറക്കിയ ഒരു പട്ടികയില്‍ ഇനി മുതല്‍ തീരുവകള്‍ ബാധകമല്ലാത്ത നൂറിലധികം ഉല്‍പന്നങ്ങളുണ്ട്.
കൊക്കോ, ബ്ലാക് ടീ, ഗ്രീന്‍ ടീ, വാനില ബീന്‍സ്, ബീഫ് ഉല്‍പ്പന്നങ്ങള്‍, അക്കായി, പേരയ്ക്ക, ചെറുനാരങ്ങ, ഓറഞ്ച്, നേന്ത്രപ്പഴം, പൈനാപ്പിള്‍, വിവിധയിനം മുളകുകള്‍, സര്‍വ്വ സുഗന്ധി, കറുവയില, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, കറി പൗഡര്‍, പെരും ജീരകം, ഇഞ്ചി, ജാതിപത്രി, ജാതിക്ക, ഒറിഗാനോ, പപ്രിക, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവയും തീരുവ ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ പട്ടികയിലുണ്ട്.
അണ്ടിപ്പരിപ്പുകള്‍, ധാന്യങ്ങള്‍, കിഴങ്ങുകള്‍, ബാര്‍ളി, ബ്രസീല്‍ നട്ട്, കേപ്പര്‍, കശുവണ്ടി, ചെസ്റ്റ്‌നട്ട്, മക്കാഡാമിയ നട്ട്, മിസോ, പനയുടെ കൂമ്പ്, പൈന്‍ നട്ട്, കസ്‌കസ്, മരച്ചീനി, ചേമ്പ് തുടങ്ങയവയുടെയും താരിഫ് ഒഴിവാക്കി.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന തീരുവയും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങള്‍ക്കും അധിക തീരുവകളും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ഇത് അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവിന് കാരണമാകില്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് ഈ നികുതികള്‍ ആവശ്യമാണെന്നും അദേഹം വാദിച്ചു. ഉയര്‍ന്ന തീരുവകള്‍ യു.എസിലുള്ളവരെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നത് ജനരോഷത്തിനിടയാക്കുകയും ഇത് ഒരു രാഷ്ട്രീയ പ്രശ്നമായി മാറുകയും ചെയ്തു. താരിഫുകള്‍ ഉയര്‍ത്താന്‍ ട്രംപിന് നിയമപരമായ അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് യു.എസ് സുപ്രീം കോടതിയും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതേസമയം താരിഫുകള്‍ ഉയര്‍ത്തിയത് അമേരിക്കയെ സമ്പന്നമാക്കിയെന്ന് അവകാശപ്പെട്ട ട്രംപ് അമേരിക്കക്കാര്‍ക്ക് 2,000 ഡോളര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ പുതിയ തീരുമാനം താരിഫ് നയത്തില്‍ നിന്ന് ട്രംപ് പിന്‍വാങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കാത്ത ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയതെന്നാണ് ട്രംപിന്റെ ഇതിനോട് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.