'സ്വപ്നം കാണുന്നത് നല്ലതാണ്'; അടുത്തത് ബംഗാളെന്ന ബിജെപി പോസ്റ്റിന് 'ശുഭദിനം' ട്രോളുമായി തൃണമൂല്‍ കോണ്‍ഗ്രസ്

'സ്വപ്നം കാണുന്നത് നല്ലതാണ്'; അടുത്തത് ബംഗാളെന്ന ബിജെപി പോസ്റ്റിന് 'ശുഭദിനം' ട്രോളുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബിഹാറിലെ വന്‍ വിജയത്തിന് പിന്നാലെ അടുത്തത് ബംഗാളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും പ്രചരണത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

'സ്വപ്നം കാണുന്നത് നല്ലത്' എന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ട്രോള്‍. ബിഹാര്‍ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതിന് പിന്നാലെയാണ് ഇനി ബംഗാള്‍ എന്ന് ബിജെപി പ്രചരണം ആരംഭിച്ചത്.

പശ്ചിമ ബംഗാളില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്തത് ബംഗാളാണെന്ന് ബിജെപി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടത്. ബിഹാറിന്റെ ബലത്തില്‍ ബംഗാളും പിടിക്കുമെന്ന ബിജെപി ധാര്‍ഷ്ട്യത്തിനാണ് അതേ നാണയത്തില്‍ തൃണമൂലുകാര്‍ മറുപടി നല്‍കിയത്.

മോട്ടിവേഷനല്‍ പ്രസംഗങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മലയാളിയായ ആണ്‍കുട്ടിയുടെ വാക്കുകളാണ് ട്രോളിനായി തൃണമൂല്‍ കോണ്‍ഗ്രസ് കടമെടുത്തത്. 'സ്വപ്‌നേ ദേഖ്‌നാ അച്ഛീ ബാത്ത് ഹേ' (സ്വപ്നം കാണുന്നത് നല്ലതാണ്) എന്ന വാക്കുകളും ഹിറ്റായ 'ശുഭദിനം' ഡയലോഗും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയുന്നത്.

2021 ലെ തിരഞ്ഞെടുപ്പില്‍ 294 ല്‍ 215 സീറ്റുകളുമായാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്. 77 സീറ്റുകള്‍ നേടി, ബംഗാളിലെ എക്കാലത്തെയും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ബിജെപി പ്രതിപക്ഷ നേതൃ സ്ഥാനം നേടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.