മനുഷ്യക്കടത്ത്: വധശിക്ഷയ്ക്കും വ്യവസ്ഥ; നടപടി ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ JS

മനുഷ്യക്കടത്ത്: വധശിക്ഷയ്ക്കും വ്യവസ്ഥ; നടപടി ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ JS

ന്യുഡല്‍ഹി: മനുഷ്യക്കടത്തിനെതിരെ ശക്തമായ നിയമവ്യവസ്ഥയുമായി കേന്ദ്ര സര്‍ക്കാര്‍. മനുഷ്യക്കടത്ത് തടയല്‍, സംരക്ഷണ പുനരധിവാസ നിയമത്തിന്റെ കരടു ബില്‍ തയാറായി.

മനുഷ്യക്കടത്തു കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉള്‍പ്പെടെ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം.
നിയമവിരുദ്ധ ബയോമെഡിക്കല്‍ റിസര്‍ച്ച്, ലഹരിമരുന്ന് ഇടപാടിനു ആളുകളെ ചേര്‍ക്കല്‍, നിയമവിരുദ്ധ മരുന്നുപരീക്ഷണങ്ങള്‍, തുടങ്ങിയ വിഷയങ്ങളും മനുഷ്യക്കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മുതലെടുത്തു രാജ്യത്തിനുള്ളിലും പുറത്തും മനുഷ്യക്കടത്തു സംഘങ്ങള്‍ സജീവമാകുന്നതായുള്ള അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബില്‍ എത്രയുംവേഗം നിയമമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കരടുബില്‍ വ്യവസ്ഥയനുസരിച്ച് കേസുകളുടെ അന്വേഷണ ചുമതലയും ഏകോപനവും ദേശീയ അന്വേഷണ ഏജന്‍സിക്കാണ്. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതുവരെ എന്‍ഐഎ കോടതികളില്‍ വിചാരണ നടത്തും. 90 ദിവസത്തിനുളളില്‍ കോടതിക്കു കുറ്റപത്രം നല്‍കി, വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

നിലവിലെ നിയമനുസരിച്ചു കുറ്റപത്രം നല്‍കാന്‍ കൃത്യമായ സമയപരിധിയില്ല. ഇപ്പോള്‍ ഇത്തരം കേസുകളില്‍ 7 മുതല്‍ 10 വര്‍ഷം തടവാണ് വരെയാണ് ശിക്ഷയെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം, വ്യാപ്തി, ആവര്‍ത്തനം തുടങ്ങിയവ അടിസ്ഥാനമാക്കി വധശിക്ഷ വരെ നല്‍കാന്‍ കരടു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ചുരുങ്ങിയ ശിക്ഷാകാലാവധി 10 വര്‍ഷമാക്കി. അറസ്റ്റിലായ വ്യക്തിയുടെ ആദ്യ റിമാന്‍ഡിനുശേഷം ആവശ്യമെങ്കില്‍ പ്രതിയെ കോടതിക്ക് വീണ്ടും അന്വേഷണ ഏജന്‍സിക്ക് കൈമാറാനും വകുപ്പുണ്ട്. നിലവില്‍ ആദ്യ റിമാന്‍ഡിനുശേഷം പ്രതിയെ വിട്ടുകൊടുക്കാറില്ല. പ്രതിയാക്കപ്പെടുന്നയാളിന്റെ നിക്ഷേപം ഇരയുടെ ചികിത്സയ്ക്കും ക്ഷേമത്തിനും ഉപയോഗിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.