മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനിടെ കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഇതോടെ വിവിധ സ്റ്റേഷനുകളില്‍ 6000ത്തോളം യാത്രക്കാര്‍ കുടുങ്ങി.വെള്ളക്കെട്ട് രൂക്ഷമായതോടെ മുംബൈ- ഗോവ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കൊങ്കണ്‍ പ്രദേശത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴ മൂലം രത്‌നഗിരി ജില്ലയിലെയും റെയ്ഗാഡ് ജില്ലയിലെയും വിവിധ നദികള്‍ അപടകരമായ വിധത്തില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. രത്‌നഗിരി ജില്ലയിലെ ചിപ്ലുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്.
കുടുങ്ങിപോയവരെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേത്യത്വത്തില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചിപ്ലുണില്‍ മാര്‍ക്കറ്റുകളും, റെയില്‍വേ, ബസ് സ്റ്റേഷന്‍ എന്നിവ വെള്ളത്തിനടിയിലാണ്.
തെലങ്കാനയുടെ വടക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. തെലങ്കാനയിൽ 16 ജില്ലകൾ മഴക്കെടുതിയിലാണ്. ഗോദാവരി തീരത്ത് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആദിലാബാദ് ഉള്‍പ്പടെ തെലങ്കാനയുടെ വടക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. നദികള്‍ കരകവിഞ്ഞു ഒഴുകുന്നു.
ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഥിതി വിലയിരുത്തി. നേവിയുടെയും കരസേനയുടെയും കൂടുതല്‍ സംഘങ്ങളെ ദുരിതബാധിത മേഖലയില്‍ വിന്യസിച്ചു.
വെള്ളക്കട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേത്യത്വത്തില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 35ഓളം ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. മുംബൈയിലും, താനെയിലും, പര്‍ഘാറിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. മഴക്കെടുതികള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.