ഐഎസ്ആര്‍ഒ കേസ്: വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി

ഐഎസ്ആര്‍ഒ കേസ്: വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ഗൂഢാലോചനയിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ അന്വേഷണം ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും സുപ്രീംകോടതി വിലയിരുത്തി. നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്മേലാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടത്.

മൂന്ന് മാസത്തിന് ശേഷം സിബിഐ നല്‍കിയ അന്വേഷണ പുരോഗതി വിവരങ്ങള്‍ സുപ്രീംകോടതി പരിശോധിച്ചു. അതിന് ശേഷമാണ് സിബിഐയുടെ അന്വേഷണം ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഈ കേസ് സിബിഐക്ക് സ്വതന്ത്രമായി അന്വേഷിക്കാം. അന്വേഷിച്ച് ഗൂഡാലോചന നടന്നോ എന്നത് സിബിഐ തന്നെ കണ്ടെത്തണം. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകരുത് പ്രോസിക്യൂഷന്‍ നടപടികള്‍. ജസ്റ്റിസ് ജയിന്‍ സമിതിയെ നിയോഗിച്ചത് കോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ വേണ്ടി മാത്രമാണെന്നും ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതോടൊപ്പം ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടും അതിന്മേലുള്ള അന്വേഷണ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ അപേക്ഷിയിലാണ് ജസ്റ്റിസ് ജയിന്‍ സമിതിയെ സുപ്രീംകോടതി നിയോഗിച്ചതും അന്വേഷണം സിബിഐക്ക് വിട്ടതും.

അതേസമയം കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കാണ് രണ്ടാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ പതിനൊന്നാം പ്രതി പി എസ് ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് രണ്ടാഴ്ചത്തേക്ക് നീട്ടിയ കോടതി കേസ് അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് പരിഗണിക്കാന്‍ മാറ്റി.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന നമ്പി നാരായണന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചാരക്കേസില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുക മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥരായിരുന്ന തങ്ങള്‍ ചെയ്തതെന്നും ഗൂഢാലോചന കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നുമാണ് ഒന്നും രണ്ടും പ്രതികളുടെ വാദം. എന്നാല്‍ നമ്പി നാരായണനെ കേസില്‍പ്പെടുത്താന്‍ രാജ്യാന്തര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇല്ലാത്ത തെളിവുകളുടെ പേരില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഗൂഢാലോചനയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പ്രധാന പങ്കുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.