ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അതിജീവിച്ചിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
രണ്ടാം തരംഗത്തിന്റെ ഒരു ഘട്ടത്തില്‍ കേരളത്തില്‍ 40,000ലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ആദ്യത്തോടെ ഇത് കുറയുകയും പിന്നീട് അശാസ്ത്രീയമായി ഇളവുകള്‍ അനുവദിച്ച് ജൂണ്‍ മൂന്നാം വാരത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സ്ഥിതിയുണ്ടാക്കിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ഈ കാലയളവില്‍ കേരളത്തിലെ കോവിഡ് മരണ നിരക്കും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് നാല് ലക്ഷത്തോളം ആക്റ്റീവ് കേസുകളുള്ളതില്‍ ഒന്നരലക്ഷത്തോളവും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ കൊണ്ട് കേരളത്തില്‍ 13 ശതമാനത്തോളമാണ് മൊത്തം കേസുകളിലെ വര്‍ധനയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വിദഗ്ധ സംഘത്തെ ഉടനെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗ വ്യാപനം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കേരളത്തിനയച്ച കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികിത്സാ രീതികള്‍ ആവിഷ്‌കരിച്ചതാണ് രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
ടെസ്റ്റ് നടത്തി പോസിറ്റീവായവരെ കണ്ടെത്തി ചികിത്സിച്ച് വ്യാപനം നിയന്ത്രിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം. ആരോഗ്യ സംവിധാനങ്ങളില്‍ കേരളം ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.