മുംബൈ: കോരിച്ചൊരിയുന്ന മഴയില്‍ അപ്രതീക്ഷിതമായാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. വെള്ളം കഴുത്തോളം എത്തിയപ്പോഴും എങ്ങോട്ട് പോകണമെന്ന ആശങ്കയിലായിരുന്നു അവര്‍. 22ന് വ്യാഴാഴ്ച രാത്രിയില്‍ പെയ്ത മഴയില്‍ ജീവന്‍ മാത്രം തിരിച്ചു കിട്ടി. വെള്ളിയാഴ്ച രാവിലെ ദൈവദൂതനെ പോലെയാണ് ഫാ. ജോ ആന്‍സന്‍ ഇവര്‍ക്ക് മുന്നിലേയ്ക്ക് കടന്നു വന്നത്. 'എല്ലാവര്‍ക്കും പള്ളി വക സ്‌കൂളില്‍ തങ്ങാം'എന്ന അച്ചന്റെ വാക്കുകള്‍ ആശയറ്റ അവര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകര്‍ന്നു. ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ഇട്ടെറിഞ്ഞ് അവര്‍ അര കിലോ മീറ്റര്‍ ദൂരെയുള്ള മേരി മാത സ്‌കൂളിലേക്ക് തിരിച്ചു. ഒരാഴ്ച പിന്നിടുമ്പോഴും ചിപ്ലുണ്‍ ഖെര്‍ഡി എം.ഐ.ഡി.സിക്ക് സമീപമുള്ള മഫത്‌ലാല്‍ കോളനിയിലെ അന്‍പതോളം കുടുംബങ്ങള്‍ ഇവിടെ കഴിയുകയാണ്.
വെള്ളവും വെളിച്ചവും ഇപ്പോഴും അവരുടെ കോളനിയിലേക്ക് എത്തിയിട്ടില്ല. എല്ലാം കഴിയുന്നതുവരെ അവര്‍ സ്‌ക്കൂളില്‍ തന്നെ പാര്‍പ്പിക്കും. എല്ലാവരുംകൂടി 150-ഓളം പേര്‍ വരും. കഴുത്തറ്റം വെള്ളത്തിലൂടെ നടന്നാണ് ഇവര്‍ വീടിന് പുറത്തെത്തിയത്. പലര്‍ക്കും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ടി.ടി കുത്തിവെപ്പുമെടുത്തു. അച്ചനും സഹായിയായ ഫാ. ജിന്‍സും താമസിക്കുന്നത് ഈ സ്‌കൂളില്‍ തന്നെയാണ്. കല്യാണ്‍ രൂപതയുടെ കീഴിലുള്ളതാണ് ചിപ്ലുണിലെ മേരി മാതാ പള്ളി.
മീറജിലും സാംഗ്ലിയിലുമായി ഒന്‍പത് വര്‍ഷം ജോലിചെയ്ത ശേഷം എട്ടുവര്‍ഷം മുമ്പാണ് ഫാ. ജോ ആന്‍സന്‍ ചിപ്ലുണില്‍ എത്തുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴക്കാരനായ ജോ ആന്‍സന്‍ ഇപ്പോള്‍ മുംബൈക്കാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സ്‌കൂളില്‍ താമസിക്കുന്നവര്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളിലെത്തിയും ആഹാരസാധാനങ്ങളും വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തിരുന്നു. കൂടുതലായും പുതപ്പും പായയും മറ്റുമാണ് വിതരണം ചെയ്തത്.
ഇവിടെ എത്തിയവരില്‍ നല്ലൊരു ശതമാനം പേരും എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കോളനിയിലെ ഒരു മുത്തശ്ശിയും മകളും പുറത്തേക്ക് വരാന്‍ കൂട്ടാക്കിയില്ല. വീട്ടില്‍ ആകെയുണ്ടായിരുന്ന അഞ്ചു കിലോ ഗോതമ്പും അരിയും മഴയില്‍ നഷ്ടപ്പെട്ട സങ്കടത്തിലായിരുന്നു അവര്‍. അതാണ് പലരുടേയും അവസ്ഥയെന്ന് അച്ചന്‍ പറയുന്നു. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് 1.80 ലക്ഷം രൂപയുടെ വസ്തുക്കള്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെ സഹായിക്കുക എന്നത് മലയാളികളുടെ കൂടെ കടമയാണെന്നും, കേരള സര്‍ക്കാരും അത് മനസ്സിലാക്കണമെന്ന് ഫാ. ജോ ആന്‍സന്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.