ഭീകരന്‍ മസൂദ് അസ്ഹറിനു സുരക്ഷിത വാസസ്ഥലം ഒരുക്കി പാക്; ഔദ്യോഗിക വേഷത്തില്‍ സൈനിക കാവലും

ഭീകരന്‍ മസൂദ് അസ്ഹറിനു സുരക്ഷിത വാസസ്ഥലം ഒരുക്കി പാക്; ഔദ്യോഗിക വേഷത്തില്‍ സൈനിക കാവലും

ന്യൂഡല്‍ഹി: ഒളിവില്‍ കഴിയുന്ന ഭീകരന്‍ മസൂദ് അസ്ഹറിനു പാക്കിസ്ഥാന്‍ സുരക്ഷിത വാസസ്ഥലം ഒരുക്കിയിരിക്കുന്നതായി വെളിപ്പെടുത്തല്‍. പാര്‍ലമെന്റ് ആക്രമണം മുതല്‍ പുല്‍വാമ ആക്രമണം വരെയുള്ള കേസുകളില്‍ പ്രതിയായിരുന്നു മസൂദ് അസ്ഹര്‍. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന മട്ടിലാണ് ഇയാളെ പാക്ക് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ കൂടിയായ ഇയാള്‍ ബഹാവല്‍പുരില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണു താമസിക്കുന്നതെന്നും ഉസാമ ബിന്‍ ലാദനെ യുഎസ് പിടികൂടിയതുപോലെ പിടിക്കാന്‍ സാധ്യമല്ലെന്നുമുള്ള വിവരം ഒരു ഹിന്ദി ചാനലാണ് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരരെ സംരക്ഷിക്കുന്നതിനു തെളിവുകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹാവല്‍പുരിലെ ഒസ്മാന്‍-ഒ-അലി മസ്ജിദിനും നാഷനല്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് ജനറല്‍ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് 2 വീടുകളുണ്ട്. പാക്ക് സൈനികര്‍ ഇവിടെ കാവലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുതരത്തിലും ബോംബാക്രമണം ഉണ്ടാകാതിരിക്കാനാണ് മുസ്ലിം പള്ളിക്കും ആശുപത്രിക്കുമിടയില്‍ താമസസ്ഥലം ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ വീട് 4 കിലോമീറ്റര്‍ അകലെ ജാമിയ മസ്ജിദിനു തൊട്ടടുത്താണ്. ലഹോര്‍ ഹൈക്കോടതിയുടെ ബഹാവല്‍പുര്‍ ബെഞ്ച് ഈ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയും ജില്ലാ കലക്ടറുടെ ഓഫിസ് 3 കിലോമീറ്റര്‍ അകലെയുമാണുള്ളത്. അതിസമ്പന്നര്‍ പാര്‍ക്കുന്ന ഈ മേഖലയിലെ മസൂദിന്റെ ബംഗ്ലാവിനു മുന്‍പിലും പാക്ക് സൈനികര്‍ ഔദ്യോഗിക വേഷത്തില്‍ കാവലുണ്ട്.

2001ലെ പാര്‍ലമെന്റ് ആക്രമണം, 2019 ഫെബ്രുവരിയില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമ ആക്രമണം, പഠാന്‍കോട്ട് വിമാനത്താവളത്തിലെ ആക്രമണം എന്നീ കേസുകളില്‍ പ്രതിയായ മസൂദ് അസ്ഹറിനുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സി വലവിരിച്ചിട്ടു കുറെ നാളായി. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ജയിലില്‍ നിന്നു വിട്ടയച്ച മൂന്ന് ഭീകരരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍. പിന്നീട് പാക്കിസ്ഥാനില്‍ ജയ്ഷെ മുഹമ്മദ് എന്ന പേരില്‍ പുതിയ ഭീകര സംഘടന ആരംഭിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.