പ്രാര്‍ഥനകള്‍ സഫലമായി; സ്വര്‍ഗസ്ഥനായ പിതാവേ... നീക്കാനുള്ള പ്രമേയം പരാജയപ്പെട്ടു

പ്രാര്‍ഥനകള്‍ സഫലമായി; സ്വര്‍ഗസ്ഥനായ പിതാവേ... നീക്കാനുള്ള പ്രമേയം പരാജയപ്പെട്ടു

മെല്‍ബണ്‍: വിശ്വാസികളുടെ പ്രാര്‍ഥനകളും പ്രതിഷേധ സ്വരങ്ങളും ഫലംകണ്ടു. ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് നടപടികളുടെ ഭാഗമായ 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന വിക്ടോറിയന്‍ സംസ്ഥാനത്ത് നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടു.

നോര്‍ത്തേണ്‍ മെട്രോപൊളിറ്റനില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഫിയോണ പാറ്റനാണ് നൂറു വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന പ്രമേയം ഇന്ന് അവതരിച്ചത്. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെതുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. 1918 മുതല്‍ പ്രാര്‍ഥന ചൊല്ലിയാണ് പാര്‍ലമെന്റിന്റെ എല്ലാ സെഷനുകളും ആരംഭിക്കുന്നത്.

വിക്ടോറിയയില്‍ 11,600-ലധികം ആളുകളാണ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രമേയത്തിനെതിരേ ഇ-മെയിലുകള്‍ അയച്ചത്. പാര്‍ലമെന്റില്‍ ലിബറല്‍, നാഷണല്‍ പാര്‍ട്ടി അടക്കമുള്ള പ്രധാന കക്ഷികളുടെ പിന്തുണ നേടാന്‍ കഴിയാതിരുന്നതാണ്‌ പ്രമേയം പരാജയപ്പെടാന്‍ കാരണമായത്.

അതേസമയം പ്രമേയത്തെ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചിരുന്നു. 2022 നവംബറില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍നിന്നും പ്രാര്‍ഥന നീക്കം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകുമെന്നു ലേബര്‍ പാര്‍ട്ടി വക്താവ്‌ വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്ത പുറത്തുവന്നതോടെ വലിയ ആശ്വാസമാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ പങ്കുവച്ചത്. ഫിയോണ പാറ്റന്റെ പ്രമേയത്തെ എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി എംപി സ്റ്റെഫ് റയാന്‍ അടക്കം നേരത്തെ നിലപാടു വ്യക്തമാക്കിയിരുന്നു. പ്രാര്‍ത്ഥന നീക്കം ചെയ്യാനുള്ള പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം ചെലവഴിക്കുന്നതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നു.

മഹാമാരിയുമായി രാജ്യം പോരാടുന്ന കാലഘട്ടത്തില്‍ ജനങ്ങളെ മാനസികമായും ബുദ്ധിമുട്ടിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളില്‍ വിശ്വാസികളും പാരമ്പര്യവാദികളും വലിയ ആശങ്കയിലായിരുന്നു. പ്രാര്‍ഥന നീക്കാനുള്ള പ്രമേയത്തിനെതിരേ പ്രമുഖരും
പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ഡോ. കെവിന്‍ ഡോണലി ദി ഏജ് ദിനപത്രത്തിനു വേണ്ടിയെഴുതിയ ലേഖനമാണ് ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നത് ക്രിസ്തുമതത്തിലാണ്. ക്രിസ്തുമതത്തിന്റെ കേന്ദ്രബിന്ദു എന്നു പറയുന്നത് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥനയാണ്. എന്തുകൊണ്ടാണ് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലി പാര്‍ലമെന്റ നടപടികള്‍ ആരംഭിക്കുന്നതെന്നു കെവിന്‍ ഡോണലി ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.

അബോര്‍ജിനുകളും ടോറസ് സ്‌ട്രെയറ്റ് ഐലന്‍ഡര്‍ വിഭാഗവുമാണ് ആയിരത്തിലധികം വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന തദ്ദേശീയര്‍. 1788-ല്‍ കപ്പലിലാണ് ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം ആരംഭിക്കുന്നത്.

അബോര്‍ജിനുകളും ടോറസ് സ്‌ട്രെയറ്റ് ഐലന്‍ഡേഴ്‌സിനും അര്‍ഹമായ പ്രാതിനിധ്യവും ബഹുമാനവുമാണ് രാജ്യത്തെ പാര്‍ലമെന്റുകളില്‍ നല്‍കിപോരുന്നത്. അവരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ആത്മീയതയെയും പാര്‍ലമെന്റ് ബഹുമാനിക്കുന്നു. അതേസമയം, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ, രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍ക്ക് തുല്യമായ പദവിയാണു രാജ്യം കല്‍പിച്ചിട്ടുള്ളത്.

2016 ലെ സെന്‍സസ് പ്രകാരം 89.9 ശതമാനം ജനവിഭാഗം ഓസ്‌ട്രേലിയന്‍, ഇംഗ്ലീഷ്, ഐറിഷ്, സ്‌കോട്ടിഷ് എന്നീ വംശജര്‍ കൂടിച്ചേര്‍ന്നതാണ്. അബോര്‍ജിനല്‍സും ടോറസ് സ്‌ട്രെയറ്റ് ഐലന്‍ഡേഴ്‌സും 2.8 ശതമാനം മാത്രമാണുള്ളത്. ഓസ്‌ട്രേലിയയില്‍ 12 ദശലക്ഷം ആളുകള്‍ ക്രൈസ്ത മതത്തില്‍ വിശ്വസിക്കുന്നു. ഇതുകൂടാതെ 86 ശതമാനം ഓസ്‌ട്രേലിയക്കാരും ക്രൈസ്തവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.