മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് (നാബ്) മുസ്ലിം വിഭാഗത്തിനു വേണ്ടി പ്രത്യേക ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നു. ഇസ്ലാമിക നിയമം അനുസരിച്ചുള്ള വായ്പാ പദ്ധതിയാണ് ബാങ്ക് ആവിഷ്‌കരിച്ചത്.
ഓസ്‌ട്രേലിയയിലെ ജനസംഖ്യയില്‍ ആറു ലക്ഷം പേര്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ളവരാണെന്ന കണ്ടെത്തലില്‍നിന്നാണ് ഈ നീക്കം. 250 ബില്യണ്‍ ഡോളറാണ് ഇസ്ലാം സാമ്പത്തിക മേഖലയുടെ വിപണി മൂല്യം. 1990 മുതല്‍ ഇത് ഏകദേശം 15 ശതമാനത്തോളം വളര്‍ന്നതായി നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു. ഇസ്ലാമിക് ഫിനാന്‍സ് മേഖലയില്‍ രാജ്യത്ത് ചെറുകിട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ബാങ്ക് മുസ്ലിം വിഭാഗത്തിനു വേണ്ടി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുന്നത്.
നാബ് ആസൂത്രണം ചെയ്യുന്ന ഇസ്ലാമിക് ഫിനാന്‍സ് ഭവന വായ്പകളെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു. ഇവിടെ ഇസ്ലാമിക് ഫിനാന്‍ഷ്യറായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഉപഭോക്താവിനു വേണ്ടി വീട് വാങ്ങുകയും ഒരു നിശ്ചിത കാലയളവിലേക്ക് അവര്‍ക്ക് വാടകയ്ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. വാങ്ങാന്‍ വേണ്ടി വാടക നല്‍കുകയെന്ന് (rent to buy) ഈ സമ്പ്രദായത്തെ വിശേഷിപ്പിക്കാം. ഉപഭോക്താവ് വാടകയിനത്തില്‍ വീടിനുള്ള തുക അടയ്ക്കുന്നു. അതില്‍ ഫിനാന്‍ഷ്യര്‍ക്കുള്ള ലാഭവും ഉള്‍പ്പെടുന്നു. ക്രമേണ, തുക പൂര്‍ണമായും ഉപഭോക്താവ് അടച്ചുതീര്‍ക്കുകയും വീട് അവര്‍ക്ക് സ്വന്തമാക്കുകയും ചെയ്യുന്നു. സാങ്കേതികമായി വ്യക്തമാക്കിയാല്‍ വീട് ആദ്യം മുതല്‍ ഉടമസ്ഥന്റേതാണ്, എന്നാല്‍ നിയമപരമായി അത് ഇസ്ലാമിക ഫിനാന്‍ഷ്യര്‍ക്ക് അവകാശപ്പെട്ടതാണ്.
മെല്‍ബണില്‍ താമസിക്കുന്ന മുസ്ലിം ദമ്പതികള്‍ പരമ്പരാഗത ഓസ്‌ട്രേലിയന്‍ ബാങ്കിംഗ് സംവിധാനത്തില്‍നിന്ന് ഇസ്ലാമിക് ഫിനാന്‍സ് മേഖലയിലേക്ക് മാറിയ ഓസ്ട്രേലിയന്‍ ഉപഭോക്താക്കളാണ്. പലിശ രഹിത ഇടപാടുകളാണ് ഇവരെ ഇത്തരം ബാങ്കുകളിലേക്ക് ആകര്‍ഷിക്കുന്നത്. ശരി അത്ത് നിയമം അനുസരിച്ച് പലിശ അനുവദനീയമല്ല. പലിശ ഒഴിവാകുമ്പോള്‍ അത് ജീവിതത്തില്‍ സമ്മര്‍ദം ഒഴിവാകുന്നുവെന്നാണ് ഇവരുടെ വാദം. 2018 ല്‍ വിവാഹിതരായ ശേഷം, ദമ്പതികള്‍ വസ്തു വാങ്ങുന്നതിനു വേണ്ടിയാണ് ഇസ്ലാമിക് ഫിനാന്‍സിംഗ് കമ്പനി ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ മൂന്ന് വീടുകള്‍ മാറി. എല്ലാത്തിനും അവര്‍ ആശ്രയിച്ചത് ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങളെയാണ്. മതപരമായ വിശ്വാസങ്ങള്‍ പാലിക്കാന്‍ ഇത്തരം ഇടപാടുകളാണ് അനുയോജ്യമെന്ന് ഇവര്‍ പറയുന്നു.
അതേസമയം ഓസ്‌ട്രേലിയയിലെ മുഖ്യധാരാ ബാങ്കിംഗ് സംവിധാനത്തില്‍ ഇത്തരം പദ്ധതികള്‍ ആരംഭിക്കുക പ്രയാസമാണ്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പലിശ കേന്ദ്രീകരിച്ചാണ്. ഭവനവായ്പകള്‍, നിക്ഷേപങ്ങള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയെല്ലാം പലിശയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പരമ്പരാഗത ഓസ്‌ട്രേലിയന്‍ ബാങ്കും
ഇസ്ലാമിക് ഫിനാന്‍സും എങ്ങനെ
വ്യത്യാസപ്പെട്ടിരിക്കുന്നു
ഇസ്ലാമിക് ഫിനാന്‍സിന്റെ അടിസ്ഥാന ആശയം പലിശമുക്തമായ ബാങ്കിങ് സിസ്റ്റം എന്നതാണ്. മുസ്ലിംകള്‍ക്ക് പലിശ നിഷിദ്ധമാണെന്ന് ഇസ്ലാമില്‍ നിയമമുണ്ട്. അതായത് പലിശ ഇല്ലാതെ ലാഭ നഷ്ട പങ്കാളിത്തത്തോടെ വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശ രഹിത ബാങ്കിംഗ്. ഇസ്ലാമിക് ഫിനാന്‍സില്‍ പലിശയ്ക്ക് പകരം സംരംഭത്തിന്റെ ലാഭ വിഹിതമാണ് പണം നിക്ഷേപിക്കുന്ന വ്യക്തിക്ക് ലഭിക്കുകയെന്ന് പ്രാദേശിക ഇസ്ലാമിക് ഫിനാന്‍സ് കമ്പനിയായ അമാനാ ഫിനാന്‍സിന്റെ മേധാവി വ്യക്തമാക്കുന്നു. ഇസ്ലാമിക് ഫിനാന്‍സ് അനുദിനം വളരുന്നുണ്ട്. എന്നാല്‍ ഓസ്ട്രേലിയയുടെ ബാങ്കിംഗ് വ്യവസ്ഥയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്.
ബാങ്കില്‍ നിക്ഷേപിക്കുന്ന നിക്ഷേപന് കുറഞ്ഞ പലിശ നല്‍കി അയാളുടെ നിക്ഷേപം കൂടിയ പലിശയ്ക്ക് വായ്പക്കാരന് നല്‍കിയാണ് സാധാരണ ബാങ്ക് വരുമാനമുണ്ടാക്കുന്നത്. വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് പലിശ അധിഷ്ഠിതമായ ഭവനവായ്പകളാണ്. ഒരു ബാങ്കില്‍ നിന്ന് പണം കടമെടുത്ത് ആ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങി തുടര്‍ന്ന് പലിശ സഹിതം ഫിനാന്‍ഷ്യര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ പണം തിരികെ നല്‍കുന്നതാണ് പരമ്പരാഗത രീതി. വായ്പ തിരിച്ചടയ്ക്കാത്തപക്ഷം വസ്തു തിരിച്ചെടുക്കാനും വില്‍ക്കാനും ബാങ്കിനു കഴിയും.
എന്നാല്‍ ഇത്തരം വായ്പകള്‍ക്കായി പ്രത്യേക നിയമങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. സമ്പൂര്‍ണമായും പലിശാധിഷ്ഠിതമാണ് ഓസ്‌ട്രേലിയയിലെ ബാങ്കിങ് സമ്പ്രദായം.
പലിശ ഇതര വായ്പകള്‍ക്കൊപ്പം, ഇസ്ലാമിക് ഫിനാന്‍സ് കമ്പനികള്‍ സൂപ്പര്‍ ആനുവേഷനിലേക്കും കടക്കുന്നിട്ടുണ്ട്. രാജ്യത്തെ പല മുസ്ലിം വിശ്വാസികളും ജോലിയില്‍നിന്നു ലഭിക്കുന്ന അധികവരുമാനമായ സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് പ്രധാന ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുകയും ചെറിയ ഇസ്ലാമിക് ഫിനാന്‍സ് കമ്പനികളിലേക്കു് മാറ്റുകയും ചെയ്തു.
നിലവില്‍ ഓസ്ട്രേലിയയില്‍ ഇസ്ലാമിക് ഫിനാന്‍സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും പൂര്‍ണതോതില്‍ ബാങ്കുകളായി ലൈസന്‍സ് നേടിയിട്ടില്ല. വായ്പകള്‍ വാഗ്ദാനം ചെയ്യാനാകുമെങ്കിലും, ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ കഴിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26