മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക്; മൂന്ന് വര്‍ഷത്തെ കരാര്‍ ധാരണയായി

മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക്; മൂന്ന് വര്‍ഷത്തെ കരാര്‍ ധാരണയായി

പാരീസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍ ചേരുന്നു. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജര്‍മ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വര്‍ഷത്തെ കരാര്‍ ധാരണയായി എന്നാണ് ലഭിച്ച വിവരം. ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിക്കുന്ന ലയണല്‍ മെസി ഉടന്‍ തന്നെ പി.എസ്.ജി.യിലേക്ക് ചേക്കേറും.

ലയണല്‍ മെസിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു പി.എസ്.ജി. മെസിക്ക് പി.എസ്.ജി.യില്‍ പത്താം നമ്പര്‍ ജേഴ്സി വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. പകരം പത്തൊമ്പതാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ തീരുമാനം. മെസി പി.എസ്.ജി.യിലേക്ക് വരുന്നതോടെ കിലയന്‍ എംബപ്പേ ടീം വിടുമെന്നും സൂചനയുണ്ട്.

ബാഴ്‌സലോണയുടെ മുന്‍ പരിശീലകനായ പെപ്പിന് മെസിയെ ക്ലബിലെത്തിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. ഇന്നലെയാണ് മെസി ബാഴ്‌സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാര്‍ത്താകുറിപ്പിലൂടെ ബാഴ്‌സലോണ അറിയിച്ചത്. 12ാം വയസ്സില്‍ ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിട്ട താരം 22 വര്‍ഷങ്ങള്‍ ക്ലബില്‍ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.

അഞ്ച് വര്‍ഷത്തെ കരാര്‍ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പര്‍ താരം ഇനി ക്ലബില്‍ തുടരില്ലെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയത്. കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അതില്‍ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡന്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈന്‍ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നില്‍ നില്‍ക്കവേയാണ് വേതനം കുറച്ച് മെസി കരാര്‍ അംഗീകരിക്കുന്നത്. എന്നാല്‍, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളില്‍ കുടുങ്ങി മെസിയും ക്ലബും വേര്‍പിരിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.