മഹാരാഷ്ട്രയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ജാഗ്രത വേണമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ജാഗ്രത വേണമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ലോക്കല്‍ ട്രെയിനുകള്‍ ഉടന്‍ പുനസ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്നത് കോവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമാകില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിഹാന്‍ മുംബൈ ഇലക്ട്രിക്കല്‍ സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 2-ന് മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള 25 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കുറവായതിന് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. കടകള്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരം 4 മണിവരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വ്യായാമ കേന്ദ്രങ്ങള്‍, സ്പാ, യോഗ സെന്ററുകള്‍, സലൂണുകള്‍ എന്നിവ 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി രാത്രി 8 മണിവരെ പ്രവര്‍ത്തിക്കാം. അതേസമയം സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ ജോലിക്കാരെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാമെന്നും ഇളവുകളില്‍ പറയുന്നു. അതേസമയം ലോക്കല്‍ ട്രെയിനുകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ ഉള്‍പ്പെടുത്തി യാത്ര അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഹോട്ടല്‍, റെസ്റ്റോറന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും വൈകുന്നേരം 4 മണിക്ക് ശേഷം പ്രവര്‍ത്തന സമയം നീട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഉദ്ധവ് താക്കറെ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഇളവ് വരുത്തുമെന്ന് അവരോട് വിശദീകരിച്ചതായി താക്കറെ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.