നാഗസാക്കി: ലോകത്തെ ഞെട്ടിച്ച് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്കന്‍ സൈന്യം ആറ്റം ബോംബ് വര്‍ഷിച്ചിട്ട് ഇന്ന് (ഓഗസ്റ്റ് 9 ) എഴുപത്തിയാറു വര്‍ഷം പൂര്‍ത്തിയാകുന്നു.
രണ്ടാം ലോകമഹാ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. 1945 ആഗസ്റ്റ് 9... പതിവുപോലെ നാഗസാക്കി നഗരം തിരക്കുകളിലേക്ക് ഉണര്‍ന്നു. രാവിലെ 11:02... ഹുങ്കാര ശബ്ദവുമായെത്തിയ അമേരിക്കന്‍ യുദ്ധ വിമാനങ്ങളില്‍ ഒന്ന് നാഗാസാക്കി നഗരത്തില്‍ ആറ്റം ബോംബ് വര്‍ഷിച്ചു.
ഉറാകാമി താഴ്വരയുടെ അഞ്ഞൂറു മീറ്റര്‍ പരിധിയിലാണ് ബോംബ് പതിച്ചത്. പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനൊരുക്കമായി ഉറാകാമി സെന്റ് മേരീസ് കത്തീഡ്രലില്‍ വിശ്വാസികള്‍ കുമ്പസാരത്തിനെത്തിയ സമയമായിരുന്നു അത്. ദേവാലയത്തില്‍ ഉണ്ടായിരുന്ന 24 വിശ്വാസികളും രണ്ടു വൈദികരും തല്‍ക്ഷണം മരിച്ചു.
ദേവാലയം പൂര്‍ണ്ണമായും കത്തി നശിച്ചു. ഉറാകാമി ഇടവകയിലെ 12,000 വിശ്വസികളില്‍ 8500 പേര്‍ അന്നു തന്നെ മരണത്തിനു കീഴടങ്ങി. ലക്ഷക്കണക്കിനാളുകളെയാണ് ആറ്റം ബോംബ് കൊന്നൊടുക്കിയത്.
അതോടെ ജപ്പാന്‍ കീഴടങ്ങുകയും രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും ചെയ്തു.
പിന്നീട് ഒക്ടോബര്‍ മാസത്തില്‍ ജപ്പാനീസ് സൈന്യത്തില്‍ നിന്നു വിടുതല്‍ കിട്ടിയ സൈനികനും കത്തോലിക്കാ വൈദികനുമായ കാമോന്‍ നോഗുച്ചി തകര്‍ന്നടിഞ്ഞ ഉറാകാമി കത്തീഡ്രലിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ കയറി. ഏറെ സങ്കടത്തോടെ അവിടെയിരുന്ന ഫാ. നോഗുച്ചിയുടെ ശ്രദ്ധയില്‍ ഒരു മാതാവിന്റെ രൂപം കിടക്കുന്നതു കണ്ടു. വേഗം തന്നെ രൂപമെടുത്തു പൊടി തട്ടിക്കളഞ്ഞപ്പോള്‍ ആ മാതൃരൂപത്തിന്റെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.
ആ രൂപം അദ്ദേഹം തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോയി. കണ്ണുകള്‍ നഷ്ടപ്പെട്ട ആ മാതാവിന്റെ തടികൊണ്ടുള്ള രൂപം ഫാ. നോഗുച്ചി പിന്നീടുള്ള മുപ്പതു വര്‍ഷം തങ്ങളുടെ ആശ്രമത്തില്‍ സൂക്ഷിച്ചു. 1975 ഓഗസ്റ്റില്‍ നോഗുച്ചി നാഗസാക്കിയിലെത്തി യാക്കിച്ചി കറ്റോക എന്ന പ്രൊഫസര്‍ക്ക് മാതാവിന്റെ രൂപം കൈമാറി. തുടര്‍ന്നുള്ള പതിനഞ്ചു വര്‍ഷങ്ങള്‍ നാഗസാക്കിയിലെ യൂണ്‍ഷിന്‍ വനിതാ കോളേജിലായിരുന്നു തിരുസ്വരൂപം സൂക്ഷിച്ചിരുന്നത്.
നാലര പതിറ്റാണ്ടിനു ശേഷം 1990 ല്‍ ഉറാകാമി ദേവാലയത്തിലെ മുഖ്യ പുരോഹിതന്‍ ദേവാലയത്തിന്റെ ചരിത്രത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി. അതില്‍ തകര്‍ന്നടിഞ്ഞ ദേവാലയത്തില്‍ നിന്നു ഒരു സൈനികന് മാതാവിന്റെ തിരുസ്വരൂപം കിട്ടിയതിനപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നു. ആ സൈനികന്‍ ആരാണെന്ന് അറിഞ്ഞാല്‍ നന്നായിരിക്കും എന്നും അദ്ദേഹം എഴുതിയിരുന്നു. ഇതു വായിച്ചറിഞ്ഞ ഫാ. നോഗുച്ചി നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു മുഖ്യ പുരോഹിതനു കത്തെഴുതി.
ഇതേ തുടര്‍ന്ന് പ്രൊഫ. യാക്കിച്ചി കറ്റോക മാതൃരൂപം ഉറാകാമി ദേവാലയത്തിനു കൈമാറി. പിന്നീടു ഈ രൂപം ആറ്റം ബോംബ് മ്യൂസിയത്തിലേക്കു മാറ്റി. 1998 ഓഗസ്റ്റ് മാസത്തില്‍ യാസുഷികോ സാത എന്ന പുരോഹിതന്‍ നാഗസാക്കിയിലെ മാതാവിന്റെ കഥ വായിച്ചറിഞ്ഞ് നാഗസാക്കിയിലെത്തി. അറ്റം ബോംബ് മ്യൂസിയത്തില്‍ കണ്ടെത്തിയ തിരുസ്വരൂപം ഒരു കേവലം കാഴ്ചവസ്തു മാത്രമല്ല അതു ഒരു തിരുശേഷിപ്പായതിനാല്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കേണ്ടതാണെന്ന് സാതയ്ക്കു ബോധ്യമായി.
2005 ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.30 ന് ഉറാകാമി കത്തീഡ്രലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നാഗാസാക്കിയിലെ ആറ്റം ബോംബാക്രമണത്തില്‍ തകര്‍ന്ന മാതാവിന്റെ കണ്ണില്ലാത്ത തടികൊണ്ടുള്ള രൂപം കത്തീഡ്രലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ ചാപ്പലില്‍ പുനപ്രതിഷ്ഠിച്ചു. ലോക സമാധാനത്തിന്റെ പ്രതീകവും സന്ദേശവുമായി കണ്ണു നഷ്ടപ്പെട്ട നാഗാസാക്കി മാതാവിന്റെ തിരുസ്വരൂപം ഇന്നും അവിടെയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.