ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്നും അദേഹം വ്യക്തമാക്കി.
അതിന് മുന്‍പ് 2027 ല്‍ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യമാണ് ഐഎസ്ആര്‍ഒയുടെ മുന്നിലുള്ള പ്രധാന ദൗത്യം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
ഒരു സ്വകാര്യ വിവര വിനിമയ ഉപഗ്രഹം ഉള്‍പ്പടെ ഒന്നിലധികം പിഎസ്എല്‍വി, ജിഎസ്എല്‍വി വിക്ഷേപണങ്ങളാണ് ഈ സാമ്പത്തിക വര്‍ഷം നടക്കാനിരിക്കുന്നത്. പൂര്‍ണമായും സ്വകാര്യ മേഖലയില്‍ നിര്‍മിച്ച പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണവും അതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങളില്‍ ഒന്നാണ് ചന്ദ്രയാന്‍ 4. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന സാങ്കേതിക വിദ്യ സ്വന്തമായുള്ളത്.
മറ്റൊരു പ്രധാന ദൗത്യം ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്സയുമായി സഹകരിച്ചുള്ള ലുപെക്സ് എന്ന സംയുക്ത ചാന്ദ്ര ധ്രുവ പര്യവക്ഷേണ ദൗത്യമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ തണുത്തുറഞ്ഞ ജലത്തെ കുറിച്ച് പഠിക്കുകയാണ് ലുപെക്സ് ദൗത്യത്തിന്റെ ലക്ഷ്യം.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ പേടക നിര്‍മാണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ സ്പേസ് സ്റ്റേഷന് വേണ്ടിയുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു കഴിഞ്ഞു.
2035 ഓടെ അത് പൂര്‍ത്തിയാക്കുമെന്നും 2028 ഓടെ അഞ്ച് മോഡ്യൂളുകളില്‍ ആദ്യത്തേത് ഭ്രമണപഥത്തിലെത്തിക്കുമെന്നും വി. നാരായണന്‍ പറഞ്ഞു. ഇതോടെ സ്വന്തമായി ബഹിരാകാശ നിലയമുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഗഗന്‍യാന്‍ ദൗത്യത്തില്‍ ആളില്ലാത്ത ആദ്യ വിക്ഷേപണം മാത്രമാണ് മാറ്റിവെച്ചതെന്നും 2027 ല്‍ തീരുമാനിച്ച മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ സമയത്തില്‍ മാറ്റമൊന്നുമില്ലെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി. എ 1 എന്ന ആളില്ലാ ഗഗന്‍യാന്‍ പേടക വിക്ഷേപണം 2025 നടത്താനിരുന്നതാണ്. ഇത് നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വിക്ഷേപിക്കുമെന്നാണ് കരുതുന്നത്.
2040 ഓടെ മനുഷ്യരെ ചന്ദ്രനിലയച്ച് തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കിയതായും അദേഹം പറഞ്ഞു. അമേരിക്കയുടെ ആര്‍ട്ടെമിസ് ദൗത്യവും ഇക്കാലയളവില്‍ തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ മൂല്യം 820 കോടി യു.എസ് ഡോളറാണ്. 2033 ആകുമ്പോഴേക്കും ഇത് 4400 കോടി ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥ നിലവില്‍ ഏകദേശം 63,000 കോടി യുഎസ് ഡോളറാണെന്നും 2035 ആകുമ്പോള്‍ ഇത് 1,80,000 കോടി യുഎസ് ഡോളറിലെത്തുമെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.