കേരളീയ നവോത്ഥാനത്തിൻ്റെ പെരുന്തച്ചനാണ് ചാവറയച്ചൻ

കേരളീയ നവോത്ഥാനത്തിൻ്റെ പെരുന്തച്ചനാണ് ചാവറയച്ചൻ

 കേരളീയ നവോത്ഥാനത്തിൻ്റെ പെരുന്തച്ചനാണ് ചാവറയച്ചൻ. എന്നാൽ കേരളീയ നവോത്ഥാനചരിത്രത്തിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ചർച്ചകളിൽനിന്നും അദ്ദേഹത്തെ തമസ്കരിക്കാനും അർഹമായ അംഗീകാരം നൽകാതിരിക്കാനും നടന്നുകൊണ്ടിരിക്കുന്ന ഗൂഢപദ്ധതികളുടെ കളങ്കം പുരളാത്ത രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വിരളം"മലയാള മനോരമയുടെ മുൻ അസിസ്റ്റൻറ് എഡിറ്ററായിരുന്ന ജോസ്തളിയത്താണ് ഈ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. വാക്കുകൾ വിഴുങ്ങാൻ തയ്യാറാകാത്ത ഈ സീനിയർ പത്രപ്രവർത്തകൻ തുടരുന്നതിങ്ങനെ: " ശ്രീനാരായണഗുരുവും കേരളത്തിലെ മറ്റു പല സാമൂഹിക പരിഷ്കർത്താക്കളും ജനിക്കുന്നതിന് അരനൂറ്റാണ്ടുമുമ്പുതന്നെ ജനിച്ച് സവർണ്ണ -അവർണ്ണ ഉച്ചനീചത്വങ്ങൾക്കും, അയിത്തത്തിനും ദാരിദ്ര്യത്തിനും സാമൂഹിക ഉച്ചനീചത്വങ്ങൾക്കുമെതിരെ പോരാടുകയും, സ്ത്രീകളുടെയും അടിയാള വർഗ്ഗങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് വേണ്ടി വാദിക്കുകയും ശക്തമായ നടപടികൾ ആരംഭിക്കുകയും ചെയ്ത യുഗപ്രഭാവനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനു വേണ്ടി സ്മരിക്കാനോ അദ്ദേഹത്തിനു സ്മാരകങ്ങൾ നിർമ്മിക്കാനോ ഒരു രാഷ്ട്രീയപാർട്ടിക്കും താല്പര്യമില്ലെന്നു മാത്രമല്ല കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് ചാവറയച്ചനേയും, ക്രൈസ്തവ സമൂഹത്തെയും തമസ്കരിക്കാനുള്ള ഇടതു-വലതു ചരിത്ര പണ്ഡിതന്മാരുടെ ഗൂഢപദ്ധതികൾക്ക് അവർക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു."

ലേഖന പശ്ചാത്തലം

ശ്രീനാരായണ ഗുരുവിൻ്റെ നാമത്തിൽ ഓപ്പൺ സർവ്വകലാശാലയും , അതിനു പുറമേ അറബിക് സർവകലാശാലയും സ്ഥാപിക്കപ്പെടാൻ പോകുന്നു. ശ്രീനാരായണ ഗുരുവിനെപ്പോലെ ചട്ടമ്പിസ്വാമിയും അയ്യങ്കാളിക്കും സ്മാരകം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ചാവറയച്ചൻ വീണ്ടും ഗവേഷണം നടത്തപ്പെടേണ്ടത് ഈ നാടിൻ്റെ ആവശ്യമാണ്. 'സ്മാരകങ്ങൾ ഉയരുമ്പോൾ തമസ്കരിക്കപ്പെടുന്ന ചരിത്രസത്യങ്ങൾ" അവ പലതാണ്, തമസ്ക്കരിക്കപ്പെടുന്നത് തസ്ക്കരരായ പലർക്കും വേണ്ടിയാണെന്നു വ്യക്തമായി വരുന്നു. ഏറ്റവും കുറഞ്ഞത് നാം ക്രൈസ്തവരെങ്കിലും മനസ്സിൽ സുവ്യക്തം കുറിക്കേണ്ട കാര്യമാണിത്.

നവോത്ഥാനം ആരംഭിക്കുന്നതെപ്പോൾ?

നമ്മുടെ ചരിത്രകാരന്മാർ നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് ശ്രീനാരായണ ഗുരുവും മറ്റു നേതാക്കന്മാരും ജനിക്കുന്നതോടുകൂടി മാത്രമാണ് കേരളത്തിലെ നവോത്ഥാന ആരംഭിക്കുന്നതെന്നാണ്. ആർക്കൊക്കെയോ വേണ്ടി വളച്ചൊടിക്കപ്പെട്ട ഈ അബദ്ധചരിത്രമാണ് നമ്മുടെ മനോമുകുരത്തിൽ ഒട്ടിച്ചേർന്നു കിടക്കുന്നത്. ജോസ് തളിയത്തിനെപ്പോലെയുള്ള നലംതികഞ്ഞ എഴുത്തുകാർ ഈ രംഗത്ത് കൂടുതൽ ഗവേഷണം നടത്തി സത്യം ചികഞ്ഞെടുക്കുന്നത് ഈ നാട്, കടന്നു വന്ന വഴികൾ മറക്കാതിരിക്കാൻ ആവശ്യമാണ് .

തമസ്കരിക്കപ്പെട്ട സത്യം 

" യഥാർത്ഥത്തിൽ കേരളത്തിൻ്റെ സാമൂഹിക നവോത്ഥാനം തുടങ്ങുന്നത് വിദേശ മിഷനറിമാർ വരുന്നതോടെയാണ്. പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിൽ വ്യാപകമായ അവരുടെ സാന്നിധ്യമാണ് അന്ന് തിരുവിതാംകൂർ കൊച്ചി മലബാർ എന്നീ മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്ന കേരളത്തിൻ്റെ സാമൂഹികമാറ്റത്തിന് പ്രഭാത കാഹളം മുഴക്കിയത്. പത്തൊൻമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ കൃത്യമായി പറഞ്ഞാൽ 1806- 1816 കാലത്ത് തെക്കൻ തിരുവിതാംകൂറിൽ വിദേശ മിഷനറിമാർ നിരവധി വിദ്യാലയങ്ങൾക്കു തുടക്കമിട്ടു. പിന്നീടുള്ള കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ ചരിത്രത്തിൻ്റെ ചാലുകോര ലായിരുന്നു. പിന്നീടങ്ങോട്ട് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വിദ്യാലയങ്ങളായും പ്രസിദ്ധീകരണശാലകളായും ഇംഗ്ലീഷ് പാഠശാലകളായും ആധുനികതയിലേക്കുള്ള പ്രയാണം ശക്തിപ്പെട്ടു. ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് 1847 ൽ മലയാളത്തിലെ ആദ്യത്തെ പത്രം ആരംഭിച്ചപ്പോൾ ഇന്ന് പലരും വാഴ്ത്തിപ്പാടുന്ന സാമൂഹ്യപരിഷ്കർത്താക്കൾ ജനിച്ചിട്ടില്ല. 1852 ലും 1853 ലുമായി തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാർ അന്ന് നിലവിലിരുന്ന കിരാതമായ അടിമസമ്പ്രദായം നിർത്തിയതിനു പിന്നിൽ മിഷനറിമാരുടെ നിരന്തരമായ ഇടപെടലുകൾ ആയിരുന്നു. "

" മിഷനറിമാർ അടിസ്ഥാനമിട്ട സാമൂഹിക പരിവർത്തനത്തിൻ്റെ ആധാരശിലയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തൻ്റെ പ്രവർത്തനങ്ങൾ പണിതുയർത്തിയത്." എന്നു കുറിക്കുന്ന ജോസ് തളിയത്ത് 1846 ൽ മാന്നാനത്ത് ആരംഭിച്ച സംസ്കൃത വിദ്യാലയം, പ്രസ്സ്, ആർപ്പൂക്കരയിലെ പ്രൈമറി വിദ്യാലയത്തിൽ സവർണ്ണ വിദ്യാർഥികൾക്കൊപ്പം അവർണരേയും ഒരേ ബെഞ്ചിൽ ഇരുത്തിപ്പഠിപ്പിച്ച വിപ്ലവം ''ഒട്ടിയ വയറുമായി അക്ഷരം പഠിക്കാൻ വന്ന പാവപ്പെട്ട കുട്ടികൾക്കായി സ്കൂളിൽ ഉച്ചഭക്ഷണം നൽകിയ നൽകാൻ തുടങ്ങിയത്, " അതിനായി പിടിയരി പിടിച്ചത്. അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് തിരുവിതാംകൂറിലെ ദിവാൻ സാക്ഷാൽ സർ സിപി, പദ്ധതി സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചത്. ഇന്നും അത് കേരളത്തിലെ സ്കൂളുകളിൽ നിലനിൽക്കുന്നത്.. തുടങ്ങിയ കാര്യങ്ങളെല്ലാം കുറിക്കുന്നുണ്ട്.

"പാവപ്പെട്ടവനെ സ്വന്തം കാലിൽ നിർത്താൻ പരിശീലിപ്പിച്ചു കൊണ്ട് " മലയാളിയെ മനുഷ്യനാകാൻ വേണ്ടി തൻ്റെ ജീവിതം മുഴുവൻ സ്വയം ചെയ്ത മഹാത്യാഗിയാണ് ചാവറയച്ചൻ". "1805 ൽ ജനിച്ച് 1871 ൽ മരിക്കുന്നതുവരെ അദ്ദേഹം വെട്ടിത്തെളിച്ചുവെച്ച സാമൂഹികമാറ്റത്തിൻ്റെ നാട്ടുവഴികൾ അദ്ദേഹത്തിൻ്റെ സമകാലീനരും പിൻഗാമികളുമായ സാമൂഹിക പരിഷ്കർത്താക്കൾ ഏറ്റെടുക്കുകയാണ് ചെയ്തത് "

തുടർന്ന്, ലേഖകൻ, കേരള നവോത്ഥാനത്തിനു തുടക്കം കുറിച്ചു എന്നു പറയുന്ന ഓരോ വിപ്ലവകാരിയുടെയും ജനനവർഷം കുറിച്ചു തരുകയാണ്:

1. ഈഴവസമുദായത്തിനു വേണ്ടി പ്രവർത്തിച്ച ശ്രീനാരായണഗുരു - 1856

2. നായർ സമുദായ പരിഷ്കർത്താവായ ചട്ടമ്പിസ്വാമികൾ -1854

3. പുലയർ ഉൾപ്പെട്ട അധ:സ്ഥിത ജനവിഭാഗങ്ങളുടെ നേതാവ് അയ്യങ്കാളി - 1866

4. മലബാറിലെ തീയ്യരുടെ പുരോഗതിക്കുവേണ്ടി പ്രയത്നിച്ച വാഗ്ഭടാനന്ദൻ - 1884

5. അരയ സമുദായ നേതാവായ പണ്ഡിറ്റ് കെ.പി.കറുപ്പൻ -1885

6. മുസ്ലിം സമുദായ നേതാവായ വക്കം അബ്ദുൽ ഖാദർ മൗലവി - 1837

7. നമ്പൂതിരി സമുദായ നേതാവായ വി. ടി ഭട്ടതിരിപ്പാട്- 1896

അതായത്, ഇവരൊക്കെ ജനിക്കുന്നതു തന്നെ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പകുതിയിലാണ്. അന്ന് കേരള നവോത്ഥാനത്തിൻ്റെ കുന്തമുനയായി പ്രവർത്തിച്ച കേരളത്തിൻ്റെ സ്വന്തം ചാവറയ്ക്ക് 50 വയസ്സ് കഴിഞ്ഞിരുന്നു! എന്നിട്ടും ഇവരൊക്കെത്തന്നെയാണ് നവോത്ഥാനം തുടങ്ങിയതു പോലും! ഇവരുടെ നേതൃത്വപാടവത്തെയും, വിപ്ലവ വീര്യത്തേയും, നവോത്ഥാനം തുടരാനുള്ള ശ്രമങ്ങളേയും ബഹുമാനിച്ചുകൊണ്ട് തന്നെയാണ് ഇതു കുറിക്കുന്നത്

ചാവറ: സമുദായത്തിനുമപ്പുറം

ചാവറയച്ചൻ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് ഇവിടെ ശ്രദ്ധിക്കണം. ക്രൈസ്തവ സമുദായത്തിന് വേണ്ടി മാത്രമായിരുന്നില്ല. കേരളത്തെ ഒരൊറ്റ ജനതയും സമുദായവുമായി കണ്ടു വെന്നതായിരുന്നു ചാവറയച്ചൻ്റെ മാനവികതയുടെയും വീക്ഷണത്തെയും വൈശിഷ്ട്യം " " കേരളീയ നവോത്ഥാനത്തിൻ്റെ പെരുന്തച്ചനാണ് ചാവറയച്ചൻ. എന്നാൽ, കേരളീയ നവോത്ഥാന ചരിത്രത്തിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അദ്ദേഹത്തെ തമസ്കരിക്കാനും അർഹമായ അംഗീകാരം നൽകാതിരിക്കാനും നടന്നുകൊണ്ടിരിക്കുന്ന ഗൂഢ പദ്ധതികളുടെ കളങ്കം പുരളാത്ത രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വിരളം. പക്ഷേ, എത്ര തമസ്കരിക്കപ്പെട്ടാലും വിസ്മൃതമാകുന്നതല്ല ചാവറയച്ചൻ എന്ന സാമൂഹിക പരിഷ്കർത്താവി സംഭവനകൾ ജനകോടികളുടെ മനസ്സിൽ. ചരിത്രം അദ്ദേഹത്തിനായി പ്രതിഷ്ഠിച്ചിട്ടുള്ള മയൂരസിംഹാസനം മറ്റാർക്കും തട്ടിയെടുക്കാൻ ആവില്ല " സത്യം!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.